കുനൂര്‍ അപകടം ; ക്യാപ്റ്റന്‍ വരുണ്‍ സിങ്ങും വിടവാങ്ങി

By: 600007 On: Dec 15, 2021, 5:45 PM


ഊട്ടി കുനൂരില്‍ ഹൊലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗലൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  മരണം വ്യോമസേന സ്ഥിരീകരിച്ചു. ഇതോടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരണത്തിന് കീഴടങ്ങി.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ധീരതയ്ക്കുള്ള അംഗീകാരമായി ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ്  39 കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. വ്യോമസേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രയ്ക്ക് അര്‍ഹനായത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. 

ഡിസംബര്‍ എട്ടിനാണ് ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മരിച്ചവരില്‍ മലയാളി വാറണ്ട് ഓഫീസര്‍ എ പ്രദീപും ഉള്‍പ്പെടുന്നു.

Content highlight:Captain Varun Singh died