'ഖദീജ കുടുംബത്തിന് കോട്ടം തട്ടുമെന്നവർ...' വത്സല അവസാന ഭാഗം.

By: 600009 On: Dec 15, 2021, 4:33 PM

Story Written By, Abraham George, Chicago.

എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം വത്സല ചാരിറ്റി ട്രസ്റ്റ് വൻവിജയത്തിലെത്തിച്ചു. വത്സല ആരാണന്നറിയാനുള്ള ജിജ്ഞാസ ജനങ്ങൾക്കിടയിലുണ്ടായി. നാടിന് വേണ്ടിയെന്ത് ത്യാഗമാണവർ ചെയ്തതെന്ന് ചോദ്യമുയർന്നു. അതിനുത്തരമായി മാധവിയമ്മ പറഞ്ഞു,  

"വത്സലയെൻ്റെ മകളാണ്, അത് ഇവിടെയുള്ള കുറച്ചുപേർക്കെങ്കിലും അറിയാം. കല്യാണപ്രായമെത്തിയവൾ പ്രണയ സാക്ഷാത്ക്കാരത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. പ്രണയ പരാജയത്തിനൊടുവിൽ അവൾ മരിച്ചു, അതിനുത്തരവാദി ഞങ്ങൾ തന്നെയാണ്, അതിൻ്റെ വേദന ഞങ്ങൾ കുറെ അനുഭവിച്ചു. ഇനിയൊരിക്കലും ഞങ്ങളുടെയറിവിൽ അങ്ങനെയൊരു സംഭവമുണ്ടാകരുത്, അത് എൻ്റെ മാത്രമല്ല ഈ ട്രസ്റ്റിൻ്റെ കൂടി ഉദ്ദേശമാണ്. അവളുടെ ഓർമ്മക്കായ് തുടങ്ങിയതാണ് വത്സല ചാരിറ്റി ട്രസ്റ്റ്. ജാതിയും മതവും നോക്കാതെ ഒന്നിച്ച് ജീവിക്കാനാഗ്രഹിക്കുന്ന കമിതാക്കളുടെ വിവാഹം നടത്തിക്കൊടുക്കുകയെന്ന ലക്ഷ്യം കൂടി ഈ ട്രസ്റ്റിനുണ്ട്."

രണ്ടു വർഷത്തിനു ശേഷമാണ് ട്രസ്റ്റിൻ്റെ അഞ്ചംഗങ്ങൾ നേരിട്ട് ചേർന്നത്. അതുവരെ അബുവും ഖദീജയും വീഡിയോ കോളിലാണ് മീറ്റിംഗിൽ പങ്കെടുത്തിരുന്നത്. ട്രസ്റ്റിൻ്റെ യോഗത്തിൽ അംബിക ടീച്ചറെ പ്രത്യേകം അനുമോദിച്ചു. തയ്യൽ വിഭാഗം മെച്ചപ്പെട്ട രീതിയിൽ നടത്തിയതിനായിരുന്നു ആ പ്രശംസ. ഫാദർ വർഗ്ഗീസ് മേത്തുരാൻ്റെ മേൽനോട്ടത്തിൽ നടന്ന ചാരിറ്റി പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നു. പുറമെ നിന്ന് ഒരു പൈസ പോലും സംഭാവനായായി വാങ്ങരുതെന്ന് യോഗം തീരുമാനിച്ചു. കൈത്തറി, കുടിൽവ്യവസായമായി തുടങ്ങിയാലോയെന്ന് ഫാദർ മേത്തുരാൻ അഭിപ്രായം മുന്നോട്ട് വെച്ചു. നമുക്ക് ആവശ്യത്തിനുള്ള സ്ഥലം ഉള്ളതുകൊണ്ട് അത് ആലോചിക്കാമെന്ന തീരുമാനത്തിലെത്തി. കൈത്തറി കുടിൽ വ്യവസായം തുടങ്ങിയാൽ അനേകം പെൺകുട്ടികൾക്ക് തൊഴിൽ നൽകാമെന്ന അഭിപ്രായത്തോട് എല്ലാവരും സഹകരിച്ചു. ഈ ചാരിറ്റി ട്രസ്റ്റിന് ആരംഭം കുറിച്ച അബുവിനും ഖദീജക്കും എന്താണ് പറയാനുള്ളതെന്ന് യോഗം ആരാഞ്ഞു. ഖദീജ പറഞ്ഞു

"ഈ ട്രസ്റ്റ് ആരുടെ പേരിലാണോയുള്ളത് അവരുടെ ഛായചിത്രം പ്രദർശിപ്പിക്കണം."അത് അത്യാവശ്യമാണന്നവർ പറഞ്ഞു.

ആ അഭിപ്രായത്തോട് മാധവിയമ്മ നീരസം പ്രദർശിപ്പിച്ചു. അത് അബു, ഖദീജ കുടുംബത്തിന് കോട്ടം തട്ടുമെന്നവർ പറഞ്ഞു.

ഒരു കോട്ടവും ഞങ്ങളുടെയിടയിൽ ഉണ്ടാവില്ലായെന്ന് ഖദീജ പറഞ്ഞു. ഞങ്ങൾ പഴയതെല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് എത്തിയവരാണെന്ന് ഖദീജ ഓർമ്മിപ്പിച്ചു. അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു ചാരിറ്റി ട്രസ്റ്റ് രൂപം പ്രാപിക്കുമായിരുന്നില്ലായെന്ന് അവർ പറഞ്ഞു. ഖദീജയുടെ അഭിപ്രായത്തോട് ഫാദർ വർഗ്ഗീസ് മേത്തുരാൻ അനുകൂലിച്ചു.

കാമുകി മരിച്ച്, കാമുകൻ ജീവിച്ചിരിക്കേ അയാളുടെ ഭാര്യ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത് ലോകത്തിൽ തന്നെ ആദ്യമായിരിക്കുമെന്ന് ഫാദർ പറഞ്ഞു.

വത്സലയുടെ ഛായാചിത്രം പ്രദർശിപ്പിക്കുക മാത്രമല്ലാ, അവിടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും വത്സലയുടെ ചിത്രം ചേർക്കാമെന്ന് യോഗം തീരുമാനിച്ചു.

പ്രണയം എന്താണന്ന് ലോകത്തിന് കാണിച്ചു കൊടുക്കാനും, അത് നിരുത്സാഹപ്പെടുത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്താണുണ്ടാകുന്നതെന്ന് അറിയിക്കാനും, വത്സല ആരെന്ന ചോദ്യം ഇനി ഉയർന്ന് വരാതിരിക്കാനും, ഇത് നല്ലതാണന്ന് അഞ്ചംഗ സമിതി തീരുമാനത്തിലെത്തി.

ലോകോത്തര മേന്മയുള്ള കൈത്തറികൾ ഇവിടെ നിന്ന് ഉൽപ്പാദിപ്പിച്ച് നാടിൻ്റെ പല ഭാഗത്തായി വിറ്റഴിക്കാൻ സാധിക്കുമെന്ന് ഫാദർ മേത്തുരാൻ പറഞ്ഞു. ആവശ്യമുള്ളത് ഇവിടത്തെ തയ്യൽ യൂണിറ്റിലേക്കും എടുക്കാമെന്ന് ഫാദർ പറഞ്ഞു.

മാധവിയമ്മ ആരോഗ്യവതിയായി. അവരുടെ ജീവിതത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയ അബു, ഖദീജ ദമ്പതിമാരെ അവർ അനുമോദിച്ചു. മതം ഏതായാലും വേണ്ടില്ല മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീ നാരായണ ഗുരുവിൻ്റെ വചനങ്ങൾ ആലേഖനം ചെയ്ത ഫലകം ട്രസ്റ്റിൽ സ്ഥാപിച്ചു.

മാധവിയമ്മ പറഞ്ഞു, " നശിച്ചുപോകുമായിരുന്നയെനിക്ക് പുതുജീവൻ നൽകിയ അബു, ഖദീജ ദമ്പതിമാരെ പ്രത്യേകം അനുമോദിക്കുന്നു.'  ട്രസ്റ്റിൻ്റെ തുടക്കത്തിൽ ബന്ധുക്കളിൽ നിന്നുണ്ടായ എതിർപ്പിനെ ചെറുത്തുനിർത്താൻ നിങ്ങൾ പകർന്നുതന്ന ധൈര്യത്തെ പ്രത്യേകം ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഇന്ന് ഞാൻ സന്തുഷ്ടയാണ്. പഴയ കാലമൊന്നും ഇപ്പോൾ ഓർക്കാറില്ല. എൻ്റെ ലക്ഷ്യം ട്രസ്റ്റിൻ്റെ ഉന്നതി മാത്രമാണ്. ഞാൻ മരിച്ചു പോയാലും ട്രസ്റ്റ് നിലനിൽക്കുമെന്ന് ഇന്നെനിക്കറിയാം. കാരണം ഇതിൽ പ്രവർത്തിക്കുന്നവർ ആത്മാർത്ഥതയുള്ളവരാണ്."

അബുവും ഖദീജയും അവിടെ നിന്ന് അബുവിൻ്റെ വീട്ടിലേക്ക് പോയി. അവിടെ ജാസ്മിൻ ഉണ്ടായിരുന്നു. പ്രസവത്തിനായി വീട്ടിലേക്ക് വന്നതാണ്. ജാസ്മിൻ സന്തോഷവതിയായിരുന്നു. മാധവൻ അടുത്ത ആഴ്ച വരുമെന്ന് അവൾ പറഞ്ഞു.

അബുവും ഖദീജയും അവിടെ നിന്നാണ് അബുദാബിക്ക് പോയത്. പോകുന്നതിനു മുമ്പായി വത്സല ചാരിറ്റി ട്രസ്റ്റുമായി ബന്ധപ്പെട്ടു. എല്ലാം ഭംഗിയായി നടക്കുന്നുയെന്ന വാർത്ത അവരെ കൂടുതൽ സന്തോഷപ്പെടുത്തി.

അവസാനിച്ചു.