കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 9ന് വിദേശത്തുനിന്നെത്തിയ ആള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വിദേശത്തു നിന്നെത്തിയ ആള്‍ എന്ന നിലയില്‍ നടത്തിയ വിശദപരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ചൈനീസ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ സ്ഥീരീകരിച്ചതിന് പിന്നാലെ അധികൃതര്‍ ടിയാന്‍ജിനിലും സമീപനഗരങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
അതേസമയം കോവിഡിന്റെ ഡെല്‍റ്റ വകഭേദം അടക്കമുള്ളവ ചൈനയില്‍ വീണ്ടും പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ വ്യവസായ പ്രവിശ്യകളിലൊന്നായ സെജിയാങില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഒരാഴ്ചയ്ക്കിടെ 190 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രവിശ്യയില്‍ 52,000 ഓളം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മേഖലയില്‍ യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തി. ഡിസംബര്‍ 6 മുതല്‍ 13 വരെയുള്ള ദിവസങ്ങള്‍ക്കിടെ പ്രവിശ്യയില്‍ പ്രാദേശിക വ്യാപനം വഴി 192 പേര്‍ക്ക് രോഗബാധ ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Content highlight:Omicron in china