ഒത്തുചേരലുകള്‍ 5 പേര്‍ക്ക് മാത്രം; കിംഗ്‌സ്ടണ്‍ പബ്ലിക് ഹെല്‍ത്ത് യൂണിറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

By: 600007 On: Dec 14, 2021, 5:09 AM

 

കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ ഒത്തുചേരലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  കിംഗ്സ്റ്റണ്‍, ഫ്രോണ്ടനാക്, ലെനോക്സ് & ആഡിംഗ്ടണ്‍ (കെഎഫ്എല്‍&എ) പബ്ലിക് ഹെല്‍ത്ത് യൂണിറ്റ്. ഒത്തുചേരലുകള്‍ നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍ ഓഫീസര്‍ തിങ്കളാഴ്ച സെക്ഷന്‍ 22 ക്ലാസ് ഓര്‍ഡര്‍ പുറപ്പെടുവിച്ചു.  

ഇന്‍ഡോര്‍ ഡൈനിംഗിനും മദ്യവില്‍പ്പനയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കമ്മ്യൂണിറ്റിയുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടിയെടുക്കേണ്ടതുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സാമൂഹിക ഒത്തുചേരലുകള്‍ പരിമിതപ്പെടുത്തണമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഉത്തരവ് പ്രകാരം  KFL&A മേഖലയിലെ താമസക്കാര്‍ക്ക് ഇന്‍ഡോര്‍ അല്ലെങ്കില്‍ ഔട്ട്‌ഡോര്‍ സോഷ്യല്‍ മീറ്റിംഗുകളോ അല്ലെങ്കില്‍  അഞ്ചില്‍ കൂടുതല്‍ ആളുകളുമായി സംഘടിപ്പിക്കുന്ന പൊതു പരിപാടികളോ ഹോസ്റ്റ് ചെയ്യുന്നതോ പങ്കെടുക്കുന്നതോ നിരോധിച്ചു. ഡിസംബര്‍ 20 രാത്രി 11.59 വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. 

റസ്‌റ്റോറന്റുകള്‍ 10 മണിക്ക് തന്നെ അടയ്ക്കണം. 9 മണിക്ക് ശേഷം മദ്യം വിളമ്പാന്‍ പാടില്ല. ഒരു ടേബിളില്‍ നാല് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളൂ. ഡാന്‍സ്, പാട്ട്, ലൈവ് മ്യൂസിക് എന്നിവയ്ക്ക് അനുവാദമില്ല.