Story Written By, Abraham George, Chicago.
മുറിക്കകത്തേക്ക് കടന്നയുടനെ കണ്ടത് വത്സലയുടെ അമ്മയെയാണ്, "മാധവിയമ്മ." അവർ ആകെ അവശയായിരിക്കുന്നു. കണ്ടാൽ തിരിച്ചറിയാനാവാത്തവണ്ണം ശോഷിച്ചിരുന്നു. അവർ ചോദിച്ചു
"എന്താ മക്കളെ സുഖം തന്നെയല്ലേ? അബുവിനെ കാണണമെന്ന് വല്ലാതെ മോഹിച്ചിരുന്നു, നീ വരുമെന്ന് എൻ്റെ മനസ്സ് പറഞ്ഞിരുന്നു."
"ഇതെൻ്റെ ഭാര്യ ഖദീജ" അബു പരിചയപ്പെടുത്തി. ഖദീജയെ വിളിച്ച് അടുത്തിരുത്തികൊണ്ട് മാധവിയമ്മ പറഞ്ഞു
''അബു നല്ലവനാണ്. നിനക്ക് കിട്ടിയത് നല്ലൊരു ഭർത്താവിനെയാണ്, അവനെ വിഷമിപ്പിക്കരുത്. "
സ്വൽപ്പം മൗനത്തിനു ശേഷം അബു ചോദിച്ചു..." വത്സലയുടെ അച്ഛൻ രാഘവൻനായർ.."
" അദ്ദേഹം മരിച്ചു, ഇപ്പോൾ ഒരു വർഷം കഴിഞ്ഞു" മാധവിയമ്മ പറഞ്ഞു. "ഞാൻ മാത്രമേ ഇവിടെയുള്ളൂ, പിന്നെ അകന്നബന്ധത്തിൽപ്പെട്ട ശാരദയും, അവൾ വിധവയാണ്, മക്കളുമില്ല."
അബു എന്താ പറയേണ്ടതെന്നറിയാതെ നിശബ്ദനായി നിന്നു. മാധവിയമ്മ തുടർന്നു..
"രാഘവേട്ടൻ മരിക്കുന്നതിനു മുമ്പായി അബുവിനെ ഒന്നു കാണണമെന്നുണ്ടായിരുന്നു, അത് സാധിച്ചില്ല."
"ഞാൻ സ്ഥലത്തുണ്ടായിരുന്നില്ലല്ലോ അമ്മേ..!" അബു പറഞ്ഞു.
"ഇപ്പോൾ എനിക്കൊരുപ്രധാനപ്പെട്ട കാര്യം നിന്നോട് പറയാനുണ്ട്, ഈ കാണുന്ന സ്വത്തിന് മറ്റൊരാവകാശികളില്ല. വത്സലയുടെ മരണത്തോടെ ബന്ധുക്കളെല്ലാവരും അകന്നു, പിന്നെയാരേയും രാഘവേട്ടൻ അടുപ്പിച്ചില്ല. രാഘവേട്ടന് വൈരാഗ്യ ബുദ്ധിയായിരുന്നു, അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നില്ലല്ലോ? പിടിവാശിയിൽ വത്സലയും പിന്നിലല്ലായിരുന്നു. അങ്ങേരുടെ സ്വഭാവം അവൾക്കും കിട്ടി. എന്ത് ചെയ്യാനാ, എല്ലാം വിധിയെന്നേ ഇപ്പോൾ കരുതാനാവൂ." അബുവും ഖദീജയും നിശബ്ദരായിയെല്ലാം കേട്ടു.
മാധവിയമ്മ പിന്നെയും തുടർന്നു.. "ഞാൻ പറയാൻ പോകണതെന്താണന്ന് അബു പ്രത്യേകം ശ്രദ്ധിക്കണം ഈ സ്വത്തെല്ലാം വിറ്റ് ഏതെങ്കിലും അനാഥാലയത്തിന് കൊടുക്കണം, എനിക്കും ശാരദക്കും മരണം വരെ അവിടെ താമസിക്കാനുള്ള അവകാശം കിട്ടണം, എനിക്ക് ഒറ്റക്ക് ഇതൊന്നും ചെയ്യാൻ പ്രാപ്തിയില്ല, എന്താ നിനക്കത് ചെയ്ത് തരാൻ പറ്റോ?"
"ഇതൊക്കെ വിറ്റാൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടാകും, അതെല്ലാം ഒറ്റയടിക്ക് കൊടുക്കണമെന്നാണോ അമ്മ പറയുന്നത്."
"അതല്ലാതെ ഇതും വെച്ച് ഞാനെന്ത് ചെയ്യാനാ? എനിക്ക് വയ്യാതെയായി, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ശാരദയും വഴിയാധാരമാകരുത്. എൻ്റെ മരണശേഷം സ്വത്തിന് ഒരുപാട് അവകാശികളെത്തും, അതിന് തടയിടാനും വേണ്ടിയാണ് ഞാനീ പറയണത്."
അബിയും ഖദീജയും കേട്ടിരുന്നു. അവർക്കൊന്നും അതിനെതിരായി പറയാനുണ്ടായിരുന്നില്ല.
മാധവിയമ്മ തുടർന്നു " നിന്നെ ഞങ്ങൾ കരുതിയത് സ്വന്തം മകനായിട്ടാണ്, മരിച്ചുപോയ ഉണ്ണിയുടെ സ്ഥാനത്താണ് നിന്നെ കരുതിയത്, അല്ലാതെ മരുമകനായിട്ടല്ല. മകനായി കരുതിയതുകൊണ്ടാണ് അന്ന് നിനക്ക് വീട്ടിൽ പൂർണ്ണസ്വാതന്ത്ര്യം തന്നത്. നിങ്ങൾ അത് മനസ്സിലാക്കിയില്ല. അതു സാരമില്ലായിരുന്നു, പക്ഷെ രാഘവേട്ടൻ്റെ വാശിയാണ് എല്ലാം തകർത്തത്. എന്തെങ്കിലും തീരുമാനിച്ചാൽ അതിൽ നിന്നും അണുവിട മാറാത്ത സ്വഭാവം. അതാണ് ഇത്രയും നാശത്തിന് കാരണമാക്കിയത്, അതിനിടയിൽ കിടന്ന് വലഞ്ഞത് ഞാൻ മാത്രം. അവരെല്ലാവരും പോയി, ഇവിടെ കിടന്നാലെനിക്ക് മനസ്സിന് സ്വസ്ഥതകിട്ടില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഇതെല്ലാം വിറ്റ് മരണം വരെ എവിടെയെങ്കിലും സ്വസ്ഥമായി ജീവിക്കണം."
അബു പറഞ്ഞു "ആലോചിക്കാതെ സ്വത്തെല്ലാം വിറ്റ് അനാഥാലത്തിന് കൊടുക്കുകയെന്നത് ശരിയാകുമോ? എടുത്തു ചാടിയൊന്നും ചെയ്യരുത് ഞങ്ങളൊന്ന് ആലോചിച്ചിട്ട് എന്താ വേണ്ടതെന്ന് പറയാം, അതുപേരെ."
"വേഗം വേണം, വെച്ച് താമസിപ്പിക്കരുത്. എനിക്കെന്തോ വയ്യാത്തതുപോലെ, അധികം നാള് ഇനിയില്ലായെന്നൊരു തോന്നൽ."
എന്ത് ചെയ്യണമെന്ന് അബു, ഖദീജയോട് ആലോചിച്ചു. പെട്ടന്നൊരു തീരുമാനം എടുക്കാനാവില്ലായെന്ന്, ഖദീജ പറഞ്ഞു. ഇതെല്ലാം വിറ്റ് പാവപ്പെട്ട പെൺകുട്ടികൾക്കായി വത്സലയുടെ പേരിൽ ഒരു ട്രസ്റ്റ് രൂപികരിച്ചാലോയെന്ന ചിന്ത അബു മുന്നോട്ട് വെച്ചു. അപ്പോൾ മാധവിയമ്മക്കും ശാരദക്കും മരണം വരെ ഇവിടെ തന്നെ കഴിയാമല്ലോ? ട്രസ്റ്റിൻ്റെ തലപ്പത്ത് മാധവിയമ്മ ഇരിക്കട്ടേ, ദൂരെയാണങ്കിലും ഞങ്ങൾക്കിത് നിയന്ത്രിക്കാൻ സാധിക്കുമെന്നും അബു പറഞ്ഞു, ട്രസ്റ്റിൻ്റെ തിരക്കിലാവുമ്പോൾ മാധവിയമ്മയുടെ ആരോഗ്യം നോർമലാകുകയും ചെയ്യും. ആ തീരുമാനത്തോട് മാധവിയമ്മ അനുകൂലിച്ചു.
"ആറ്റിൽ കളയാൻ പോയത് അളന്ന് കളയാമെന്നല്ലേ നീ പറയുന്നത്, കുറച്ച് പെൺകുട്ടികളെങ്കിലും രക്ഷപെടട്ടെ. ഭാവിയിലേക്കുള്ള ഈ പ്രസ്ഥാനത്തിൻ്റെ സ്ഥിതിയൊന്നും ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല. എൻ്റെ ജീവിതവസാനം വരെയെങ്കിലും നടക്കുമല്ലോ?"
"പ്രസ്ഥാനവുമായി മുന്നോട്ട് പോകുമ്പോൾ, മാധവിയമ്മയുടെ ആരോഗ്യസ്ഥിതി നേരെയാകും. ആയിരം പൂർണ്ണ ചന്ദ്രനെ കാണാനുള്ള ഭാഗ്യം അമ്മയ്ക്ക് ഉണ്ടാകും."
ഖദീജ അബുവിനോട് ചോദിച്ചു "അമ്മയുടെ മരണശേഷം ഈ പ്രസ്ഥാനം നിന്ന് പോകില്ലേ?"
"അപ്പോളെക്കും, ഇതെല്ലാം നടത്തികൊണ്ടു പോകാൻ ആരെയെങ്കിലും കണ്ടെത്തണം. നല്ല ഉദ്ദേശത്തോടെ തുടങ്ങുന്നതൊന്നും നശിക്കില്ല. അതെനിക്ക് ഉറപ്പാണ്" അബു പറഞ്ഞു.
പാവപ്പെട്ട പെൺകുട്ടികൾക്കായ് കുടിൽ വ്യവസായം പോലെ തൊഴിലുകൾ ആരംഭിച്ചു, അതിൽ തയ്യൽ പണിയായിരുന്നു പ്രധാനം. ചെറിയ ലാഭത്തിൽ വിറ്റഴിക്കാനുള്ള ഏർപ്പാടുണ്ടാക്കി. മാധവിയമ്മയെ തലപ്പത്ത് പ്രതിഷ്ഠിച്ചു. ഞങ്ങൾ എവിടെയാണങ്കിലും പ്രത്യേകം ശ്രദ്ധിച്ചുകൊള്ളാമെന്ന് മാധവിയമ്മയ്ക്ക് ധൈര്യം കൊടുത്തു. അതിനുള്ള സങ്കേതിക വിദ്യകൾ ഇന്ന് നിലവിലുണ്ടെന്ന് മാധവിയമ്മയെ ഓർമ്മപ്പെടുത്തി. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു റിട്ടയേർഡ് ടീച്ചറിനെ കിട്ടി, കൂടാതെ ഒരു പുരോഹിതനെയും. മാധവിയമ്മയുടെ പേരിൽ, മരണം വരെ ജീവിക്കാനുള്ള പണം ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചു, നോമിനിയായി ശാരദയെയും വെച്ചു. ട്രസ്റ്റിന് എന്ത് സംഭവിച്ചാലും അവർ പട്ടിണിയിലാകരുത്. ഭൂസ്വത്തിൻ്റെ പകുതി ഭാഗം മാത്രമേ വിറ്റുള്ളൂ. ബാക്കി ഭാഗം വത്സല ചാരിറ്റി ട്രസ്റ്റിൻ്റെ ഭാഗമാക്കി. ട്രസ്റ്റ് അഞ്ചംഗ കമ്മിറ്റിയായിരുന്നു. ശാരദ ഒഴികെ മറ്റെല്ലാവരും അതിൽപ്പെട്ടു.
ട്രസ്റ്റ് അംഗങ്ങൾ മാധവിയമ്മ, അബു, ഖദീജ, റിട്ടയേർഡ് ടീച്ചർ അംബിക, ഫാദർ വർഗ്ഗീസ് മേത്തുരാൻ. അംഗങ്ങളറിയാതെ ഒരു കാര്യവും ചെയ്യരുതെന്ന് നിയമമുണ്ടാക്കി. ട്രസ്റ്റ് സുഗമമായി നടക്കാനുള്ള പണം ഉണ്ടായിരുന്നു. പാവപ്പെട്ട പെൺകുട്ടികളെ സഹായിക്കുകയെന്ന ഒറ്റ ലക്ഷ്യമേ ട്രസ്റ്റിന് ഉണ്ടായിരുന്നുള്ളു. അതിനുള്ള കുറെപണം കൈത്തൊഴിലിൽ നിന്ന് സ്വരൂപിക്കാമെന്ന് അച്ചനും റിട്ടയേർഡ് ടീച്ചറും പറഞ്ഞു.
ഒരു മാസം വരെ എല്ലാ കാര്യങ്ങളും നോക്കി അബുവും ഖദീജയുമവിടെ നിന്നു. മാധവിയമ്മയുടെ ആരോഗ്യസ്ഥിതിക്ക് മാറ്റം വന്നു. നശിച്ചുപോകേണ്ട മുതലുകൊണ്ട് ഇത്രയുമൊക്കെ ചെയ്യാനായതിൽ അവർ സംതൃപ്തയായി. അബുവും ഖദീജയും അവിടെ നിന്ന് മടങ്ങി. ആ സമയം കൊണ്ട് ഖദീജയുടെ വിസ ശരിയായി കഴിഞ്ഞിരുന്നു. താമസിയാതെ അവർ അബുദാബിയിലേക്ക് പോയി. എല്ലാം ഭംഗിയായി പര്യവസാനിച്ചതിൽ അബുവിന് സന്തോഷമായി. വത്സല ചാരിറ്റി ട്രസ്റ്റിൻ്റെ എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരും ശ്രമിച്ചു. അതൊരു പ്രസ്ഥാനമായി വളർന്നു. പാവപ്പെട്ട കുറച്ചെങ്കിലും പെൺകുട്ടികളെ സഹായിക്കാനായിയെന്ന സംതൃപ്തി മാധവിയമ്മക്കുണ്ടായി. മാധവിയമ്മ പൂർവാധിക്യം ശക്തിപ്രാപിച്ചു. ട്രസ്റ്റ് നല്ല രീതിയിൽ നടക്കുന്നു എന്നുള്ള സന്തോഷമായിരുന്നുയെല്ലാവർക്കും. വത്സല ചാരിറ്റി ട്രസ്റ്റ് എല്ലാവരും അറിയപ്പെടുന്ന സ്ഥാപനമായി വളർന്നു.
------തുടരും------