വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റിന് അംഗീകാരം വേഗത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ മൂന്നര ലക്ഷത്തിനടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചതായും രണ്ടു ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയതായും അധികൃതര്‍ അറിയിച്ചു .
ഫൈസര്‍, ഓക്‌സ്‌ഫോഡ്, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകള്‍ക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകള്‍ ടെക്‌നിക്കല്‍ ടീം പരിശോധിച്ചു ആധികാരികത ഉറപ്പാക്കിയ ശേഷമാണു വിദേശരാജ്യങ്ങള്‍ ഇഷ്യു ചെയ്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.
5,39,708 പേരാണ് ഇതുവരെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3,44,746 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസ് നല്‍കുകയും 1,94,962 അപേക്ഷകള്‍ തള്ളുകയും ചെയ്തു. പാസ്‌പോര്‍ട്ടിലേയും സര്‍ട്ടിഫിക്കറ്റിലെയും വിവരങ്ങള്‍ തമ്മിലെ വ്യത്യാസം, ക്യു ആര്‍ കോഡ് ഇല്ലാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതല്‍ അപേക്ഷകളും നിരസിക്കപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Content highlight:Kuwait ministry of health speeds up approval of covid vaccine certificate from foreign countries