ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്

By: 600007 On: Dec 13, 2021, 2:27 PM

കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ 39 കാരനാണ് ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തില്‍ ആറാം തീയതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എട്ടാം തിയതി നടത്തിയ പരിശോധനയില്‍ പോസിറ്റീവായി. തുടര്‍ന്നാണ് ഒമിക്രോണ്‍ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇരുവരുടെയും സാംപിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ല സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. 12 റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 28 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റും ആര്‍ ടി പി സി ആര്‍ പരിശോധനയുമാണ് നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിന്റെ ഫലം 40 മിനിറ്റിനു ശേഷവും ആര്‍ ടി പി സി ആര്‍ മൂന്നു മണിക്കൂറിനു ശേഷവും ഫലം അറിയാം. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവര്‍ എട്ടാം ദിവസം പരിശോധന നടത്തണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള 4407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതില്‍ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.  കപ്പല്‍മാര്‍ഗം കൊച്ചി തുറമുഖത്തെത്തുന്നവര്‍ക്കും പരിശോധന നടത്തും. 

Content highlight: Omicron coronavirus variant alert in kerala