വിക്ടോറിയ യൂണിവേഴ്‌സിറ്റി വ്യക്തിഗത പരീക്ഷകള്‍ റദ്ദാക്കി. ക്യാമ്പസില്‍ കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2021 ഡിസംബര്‍ പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി ഞായറാഴ്ച യൂണിവേഴ്‌സിറ്റി ന്യൂസ് റിലീസില്‍ അറിയിച്ചു.
ഐലന്റ് ഹെല്‍ത്തുമായി കൂടിയാലോചിച്ചാണ് വ്യക്തിഗത പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരോ, കോവിഡ് ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരോ ആയ വിദ്യാര്‍ത്ഥികള്‍ ക്യാംപസിലേക്ക് വരരുതെന്നും യൂണിവേഴ്‌സിറ്റി നിര്‍ദേശിച്ചു.
വിക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ ഒരു ക്ലസ്റ്ററില്‍ ചുരുങ്ങിയത് 30 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ അധികൃതര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ബിസിനസ് വിദ്യാര്‍ത്ഥികളും വാഴ്‌സിറ്റി അത്‌ലറ്റുകളും വീക്കന്റില്‍ നടത്തിയ ഓഫ് ക്യാംപസ് പാര്‍ട്ടികളില്‍ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായതെന്നാണ് വിവരം.