കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു

By: 600007 On: Dec 12, 2021, 12:13 AM

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്‌സ് ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഹെലികോപ്റ്ററില്‍ നിന്ന് കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ബംഗളൂരുവില്‍ പരിശോധിച്ചുവരികയാണ്. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ശേഖരിക്കാനാണ് ശ്രമം. ഹെലികോപ്റ്റര്‍ പൊട്ടിത്തെറിച്ച് താഴേക്ക് വീഴുകയായിരുന്നോ താഴെ വീണ ശേഷം പൊട്ടിത്തെറിക്കുകയാണോ എന്നത് സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്. അപകടം നടന്ന സ്ഥലത്തെ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കും. 

പ്രദേശത്തേക്ക് പൊതുജനങ്ങളെ കടത്തിവിടുന്നില്ല. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗും നീലഗിരി എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകട സ്ഥലം സെന്‍ട്രല്‍ ഐബിയുടെ നിരീക്ഷണത്തിലാണ്.

Content Highlights: scientific investigation on kunnur helicopter crash