കുന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ധീരസൈനികന്‍ എ. പ്രദീപിന്റെ സംസ്‌കാരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ നടന്നു. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. പ്രദീപിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് പൊന്നൂക്കരയിലെത്തിയത്. വാളയാറില്‍ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയില്‍ നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രി വി മുരളീധരനും, ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിച്ചു. പൊന്നൂക്കരയിലെ വീട്ടില്‍ മന്ത്രി ആര്‍ ബിന്ദുവും എത്തി.
ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്. രണ്ടാഴ്ച മുന്‍പ് അച്ഛന് സുഖമില്ലാത്തതിനാല്‍ പ്രദീപ് ജന്മനാട്ടില്‍ എത്തിയിരുന്നു. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാന്‍ എ പ്രദീപ് എന്നിരുള്‍പ്പെടെ 14 പേര്‍ അപകടത്തില്‍പ്പെട്ടത്.
Story Highlights: junior warrant officer pradeep cremation