ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന ബഹുമതി ദുബായിക്ക്

By: 600007 On: Dec 11, 2021, 11:52 PM

 


സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കണമെന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാരെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ദുബായ്. 2018ലാണ് ദുബായ് കടലാസ് രഹിത പദ്ധതി പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് കടലാസ് രഹിത ദുബായ് എന്ന നേട്ടം പ്രഖ്യാപിച്ചത്.

2021 ഡിസംബര്‍ 12ന് ശേഷം ദുബൈയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ കടലാസ് ഉപയോഗിക്കില്ലെന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ദുബായിയെ ഡിജിറ്റല്‍ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്. അഞ്ചാംഘട്ടം പൂര്‍ത്തിയായപ്പോള്‍ 45 സര്‍ക്കാര്‍ വകുപ്പുകളും കടലാസ് രഹിതമായി. ഈ വകുപ്പുകള്‍ 1800 ഡിജിറ്റല്‍ സര്‍വീസുകളാണ് നടപ്പാക്കിയത്. ഇതുവഴി 336 ദശലക്ഷം കടലാസുകള്‍ ലാഭിക്കാന്‍ കഴിഞ്ഞു. 130 കോടി ദിര്‍ഹം ലാഭിക്കാന്‍ ഇതുവഴി കഴിഞ്ഞു. 140 ലക്ഷം മണിക്കൂര്‍ ജോലിയും ലാഭിക്കാന്‍ കഴിഞ്ഞു. ഇനിമുതല്‍ സര്‍ക്കാര്‍ ഓഫിസുകളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. 

Content Highlights: dubai becomes worlds first paperless government