തെക്കൻ യുഎസിലൂടെ അഞ്ച് സംസ്ഥാനങ്ങളിലായി വീശിയടിച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് 70 പേരെങ്കിലും മരിച്ചതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ. കെന്റക്കി, ഇല്ലിനോയിസ്, അർക്കൻസാസ്, മിസോറി, ടെന്നസി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച വെളുപ്പിനുമായി ചുഴലിക്കാറ്റ് വീശിയത്. ഏകദേശം 320 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ് അടിച്ചത്. കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റായിരുന്നുവെന്നും മരണസംഖ്യ 100 പേരെങ്കിലും എത്തിയേക്കാമെന്നും ശനിയാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ കെന്റക്കി ഗവർണർ ബെഷിയർ പറഞ്ഞു.
കെന്റക്കിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ചെറിയ നഗരമായ മെയ്ഫീൽഡ് പൂർണ്ണമായും തകർന്നു. കെന്റക്കിയിലെ കാൻഡിൽ ഫാക്ടറിയിലും ഇല്ലിനോയിസിലെ ആമസോൺ ഫെസിലിറ്റിയിലും അർക്കൻസാസിലെ നഴ്സിംഗ് ഹോമിലും വലിയ നഷ്ടങ്ങൾ ഉണ്ടായി. ഇല്ലിനോയിസിലെ ആമസോൺ ഫെസിലിറ്റിയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളമുള്ള മതിൽ ഇടിഞ്ഞു വീഴുകയും ചെയ്തു.ഫെഡറൽ ഗവൺമെന്റിന്റെയും നാഷണൽ ഗാർഡ് അംഗങ്ങളുടെ സഹായത്തോടൊയും രക്ഷപ്രവർത്തനങ്ങൾ തുടരുകയാണ്.