'ജോയ് ടു ദി വേൾഡ്' ക്രിസ്ത്മസ് ഓർമ്മകൾ-ഡിബിൻ റോസ് ജേക്കബ്.

By: 600072 On: Dec 11, 2021, 5:24 PM

'ജോയ് ടു ദ് വേൾഡ്'

Written By, Dibin Rose Jacob.

ഒക്ടോബർ 31-ന് ഹാലവീൻ കഴിയുമ്പോൾ ക്രിസ്മസ് സീസണ് കൊടികയറും. നോർത്ത് അമേരിക്കയിലും യൂറോപ്പിലും ക്രിസ്മസ്. മതവിശ്വാസികളുടെ വിശേഷ ദിവസം എന്നതിനപ്പുറം, രണ്ടു മാസം നീളുന്ന വലിയ ആഘോഷമാണ്. വിപണിക്കു പ്രിയങ്കരമായ ഉൽസവം. പൊഴിയുന്ന മഞ്ഞും വിന്റർ ഫാഷനും അവധി ദിനങ്ങളും ക്രിസ്മസ് ഷോപ്പിംഗും പാർട്ടികളും പുതുവർഷവും ചേരുന്ന ഈ കാലം സെക്യുലർ അപ്പീലിനായി ഹോളിഡേ സീസൺ എന്ന് അറിയപ്പെടും. ഹാപ്പി ക്രിസ്മസ് എന്ന വന്ദനം പോലെ, ഹാപ്പി ഹോളിഡേയ്സ് ഉപയോഗിക്കും. തെരുവിൽ കാണുന്ന ക്രിസ്മസ് ഇമേജറികൾക്ക് രസകരമായ ചരിത്രമുണ്ട്. ഡയറിയിലെ ഏതാനും ദിനങ്ങൾ:

ഡിസംബർ 10

ലിക്കർ സ്റ്റോറിൽ സ്വീഡിഷ് വോഡ്ക അബ്സൊല്യൂട്ട് (Absolute) ബോട്ടിലുകളുടെ ഇടയിൽ പതുങ്ങിയിരിക്കുന്ന ഓമനത്തമുള്ള ടെഡി ബെയർ. ഈ മദ്യമഹാസമുദ്രത്തിൽ കരടിക്കുട്ടികൾക്ക് എന്തുകാര്യം? ലിക്കർ സ്റ്റോർ ടെഡി ബെയറുകളെ വച്ചിരിക്കുന്നത് മൃദുല വികാരങ്ങളുമുണർത്തി, ക്രിസ്മസ് ആവേശം വർധിപ്പിച്ച് വില്പന കൂട്ടാൻ തന്നെയാണ്. എന്നിട്ടവർ പറയും ഉത്തരവാദിത്വത്തോടെ കുടിക്കുക എന്ന്. ഇതാ ഉൽസവക്കാലം എന്നവർ ഓർമിപ്പിക്കും. മദ്യപരുടെ ബാല്യകാല സ്മൃതികൾ ഉണർത്തും. ക്രിസ്മസല്ലേ, കൂടുതൽ കുടിക്കണം! മാർക്കറ്റിംഗ് പലപ്പോഴും ഉപഭോക്താവിന്റെ യുക്തിയല്ല, വികാരമാണ് ചൂഷണം ചെയ്യുന്നത്.

ഡിസംബറിൽ തിയറ്ററിലും ടി വി യിലും ഷോപ്പിംഗ് മാളിലും കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ അവയുടെ കച്ചവട ധർമം നന്നായി നിർവഹിക്കുന്നുണ്ട്. അവയെല്ലാം ക്രിസ്മസുമായി നേരിട്ടു ബന്ധപ്പെട്ടതാകണം എന്നു തന്നെയില്ല. ഉദാഹരണത്തിന്-റുഡോൽഫ് ദ റെഡ് നോസ്ഡ് റെയ്ൻ ഡിയർ ഒരു ക്ളാസിക് ക്രിസ്മസ് ഗാനമാണ്. സാന്റാ ക്ളോസിന് ഏറ്റവും പ്രിയപ്പെട്ട ധ്രുവമാനാണ് റുഡോൾഫ്. പക്ഷേ സാന്റാ ലെജൻഡിന് 1600 വർഷം പഴക്കമുള്ളപ്പോൾ റുഡോൾഫ് താരതമ്യേന പുതുമുഖമാണ്. 1938-ൽ അമേരിക്കയിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിനു വേണ്ടി റോബർട്ട് മേ എന്ന എഴുത്തുകാരൻ സൃഷ്ടിച്ചതാണ് റുഡോൾഫിനെ. ക്രിസ്മസ് കാലത്ത് ബാലമാസികയിലെ കഥാപാത്രമായ ആ മാൻകുട്ടി പിന്നീട് യൂൾടൈഡ് ഫോക്ക്ലറിന്റെ ഭാഗമായി.

മറ്റൊരു ക്രിസ്മസ് ക്യാരക്ടർ നട്ട് ക്രാക്കർ എന്ന മരപ്പാവയുടെ ഉത്ഭവം 19- ആം നൂറ്റാണ്ടിലെ ഒരു ജർമൻ സാഹിത്യ കൃതിയിൽനിന്ന്. ഇപ്പോളത് യൂറോപ്പിൽ ക്രിസ്മസിന്റെ അവിഭാജ്യ ഘടകം. നട്ട്ക്രാക്കറും ബാർബിയും ചേർന്നുള്ള ആനിമേഷൻ സീരീസ് ഡിസ്നി പുറത്തിറക്കിയിട്ടുണ്ട്. നട്ട്ക്രാക്കർ ഓപെറ ഈ സീസണിൽ പ്രധാന യൂറോപ്യൻ നഗരങ്ങളിലും അമേരിക്കയിലും കാനഡയിലും അരങ്ങേറുന്നു.

സാന്റാക്ളോസും കൊക്കകോളയും:

നാലാം നൂറ്റാണ്ടിൽ യൂറോപിലെ മിറായിലെ ബിഷപ്പായിരുന്ന നിക്കൊളാസ് പിന്നീട് വിശുദ്ധനായി. സെയിന്റ് നിക്കൊളാസ് സാന്റാക്ളോസായി. പക്ഷേ സാന്റ സാധാരണ ധരിക്കുന്നത് ബിഷപ്പിന്റെ വേഷമല്ല.1882-ൽ അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് തോമസ് നസ്റ്റ് എന്ന കാർട്ടൂണിസ്റ്റാണ് ക്രിസ്മസ് ഫാദറിന് ഇന്ന് കാണുന്ന രൂപം നൽകിയത്. 1920 മുതൽ കൊക്കക്കോള പരസ്യങ്ങൾ ആ രൂപം ഏറ്റെടുത്ത് ലോക പ്രശസ്തമാക്കി. കോക്ക് കുടിക്കുന്ന സാന്റ കൊക്കകോളയുടെ കോഫറുകൾ നിറച്ചു. എന്നിരുന്നാലും ജർമനിയിലെ ചില പട്ടണങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന് സാന്റാ ബിഷപ്പിന്റെ വസ്ത്രവും തൊപ്പിയുമണിഞ്ഞ് വരാറുണ്ട്.

ഡിസംബർ 19:

1991-ൽ നോർവീജിയിൻ ഫിലോസഫി അധ്യാപകനായ ജസ്റ്റിൻ ഗാർഡർ സോഫിയുടെ ലോകം തുറന്നു. ആലീസ് ഇൻ വണ്ടർലാൻഡ് പാരമ്പര്യത്തിൽ, ഒരു കൊച്ചുപെൺകുട്ടിയെ കേന്ദ്രീകരിച്ച് തത്വചിന്തയുടെ ചരിത്രം പറയുകയാണ് ഗാർഡർ. ഗഹനമായ കാര്യങ്ങൾ ലളിതമാക്കി പ്രപഞ്ചത്തെ അത്ഭുതത്തോടെ നോക്കിക്കാണുന്ന കഥാപാത്രങ്ങൾ, അവരെ കാത്ത് മറഞ്ഞിരിക്കുന്ന നിഗൂഢത. കുട്ടികളുടെ മനസ്സറിയുന്ന ഗാർഡറുടെ ക്രിസ്മസ് മിസ്റ്ററിയാണ് ഞാനിപ്പോൾ വായിക്കുന്ന പുസ്തകം.

നോർവേയിലെ ഓസ്ലോയിലുള്ള ജോവാക്കിം എന്ന ബാലൻ വാങ്ങിയ ആഗമനകാല (Advent) കലണ്ടറിൽ അത്ഭുതം ഒളിഞ്ഞിരിക്കുന്നു. ഡിസംബർ ഒന്നു മുതൽ അവനെ കാത്തിരിക്കുന്ന മാന്ത്രികത. ഓരോ ദിവസം കഴിയുന്തോറും കലണ്ടറിനുള്ളിൽ നിന്നും മറ്റൊരു കഥ ചുരുളഴിയുന്നു. നോർവേയിലെ ഒരു ഗ്രോസറി സ്റ്റോറിൽ നിന്ന് എഫിറിയേൽ എന്ന മാലാഖയുടെ സഹായത്തോടെ കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന എലിസബത്ത് എന്ന പെൺകുട്ടിയുടെ കഥ. യാത്രയിൽ അവരോടൊപ്പം ചേരുന്ന ആടുകൾ, ഇടയൻമാർ, മാലാഖമാർ, എൽഫുകൾ, രാജാക്കന്മാർ, നാട്ടുപ്രമാണിമാർ. ബത്ലഹേമിൽ ഉണ്ണിയേശു ജനിക്കുന്ന സമയത്ത് എത്തുകയാണ് അവരുടെ ലക്ഷ്യം. കാലത്തിന്റെ പിന്നിലേക്കുള്ള സഞ്ചാരം. സ്വീഡനും ഡെൻമാർക്കും ജർമനിയും സ്വിറ്റ്സർലൻഡും ഇറ്റലിയും ഗ്രീസും ഈസ്റ്റേൻ യൂറോപ്പും മിഡിൽ ഈസ്റ്റും പിന്നിട്ട് ഇസ്രയേലിൽ കയറി ബത്ലഹേമിലേക്കു നീങ്ങുന്നു.

കാലത്തിലൂടെയുള്ള തിരിച്ചു പോക്കാണ്. രാജ്യനാമങ്ങളും അതിർത്തികളും വ്യത്യസ്തം. അക്വിലേയ, ഡാൽമേഷ്യ, സ്കോദ്ര, സിസേറിയ ഫിലിപ്പി, തെസലോണിക്ക, ഫിജിയ, ത്രെയ്സ്, പാംഫിലിയ, മിറാ, ആന്റിയോക്ക്, സമറിയ, യൂദയ- ചരിത്രത്തേയും ഐതിഹ്യത്തേയും ജനജീവിതത്തേയും അവർ തൊടുന്നു. ഹാനോവറിലെ പൈഡ് പൈപ്പർ. ഡമാസ്കസിലെ ഗവർണർ, ജറുസലേം- ജെറിക്കോ പാതയിലെ നല്ല സമരിയാക്കാരൻ. ബിഷപ്പ് സെയിന്റ് നിക്കൊളാസ്. കുരിശു യുദ്ധത്തിനു പോകുന്ന പോരാളികൾ.

കഥ വായിക്കുന്ന ജോവാക്കിമിന്റെ ആകാംക്ഷകൾ വർദ്ധിച്ചു വരുന്നു. യാത്രയിൽ പപ്പായും മമ്മായും ചേരുന്നു. എലിസബത്ത് എന്നു പേരുള്ള ഒരു പെൺകുട്ടിയെ വർഷങ്ങൾക്ക് മുന്പ് നോർവേയിൽ നിന്ന് കാണാതായിട്ടുണ്ട് എന്നവർ അറിയുന്നു. ആ കുട്ടിയാണോ കഥയിലെ പെൺകുട്ടി? ഈ കലണ്ടർ ഉണ്ടാക്കിയ ജോൺ എന്ന വിചിത്ര മനുഷ്യൻ എലിസബത്തിന്റെ ആരാണ്? കഥയിലെ യാത്രികരെ ബത്ലഹമിൽ കാത്തിരിക്കുന്നതെന്താണ്?

ഈ കുഴയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെങ്കിൽ ഡിസംബർ 24 ആകണം. അന്നാണ് ഈ കഥ പൂർണമാകുന്നത്. ഓരോദിവസം ഓരോ അധ്യായം വായിക്കുന്നു. ക്രിസ്മസിനുമുമ്പുള്ള ഈ മാന്ത്രിക രാവുകളിൽ ഞാനും അവരോടൊപ്പം ബത്ലഹമിലേക്കുള്ള യാത്രികനാണ്. ഇന്ന് ഡിസംബർ 19. വടക്കൻ യൂറോപ്പും കിഴക്കൻ യൂറോപ്പും ബൈസാന്റിയവും പിന്നിട്ട് ഞങ്ങളിപ്പോൾ മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്താണ്. 323 AD, റോമൻ ഭരണം. ബത്ലഹമിലേക്കുള്ള അവസാന പാദം നാളെ തുടങ്ങുന്നു.

ഡിസംബർ 21, വിന്റർ സോൾസ്റ്റിസ്:

ഉത്തരാർധ ഗോളത്തിലെ എറ്റവും നീളം കുറഞ്ഞ പകൽ. പുരാതന പേഗൻ ലോകത്തെ വിശേഷപ്പെട്ട ദിനം. സൂര്യദേവന്റെ ഉത്സവത്തിനു തുടക്കം. അയർലൻഡിലെ ന്യൂഗ്രാഞ്ചിലെ അയ്യായിരം വർഷം പഴക്കമുള്ള കല്ലറകളിൽ, പ്രകൃതിയോടു ചേർന്ന് പൂർവികരെ സ്മരിക്കാൻ, ഇന്നു പ്രഭാതത്തിൽ നൂറു കണക്കിനാളുകൾ ഒരുമിച്ചിട്ടുണ്ടാകും. ക്രിസ്തുവിന്റെ മരണത്തിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളിൽ ക്രൂരമായ പീഢനങ്ങൾക്കു വിധേയമായ ക്രിസ്തുമതം, പിന്നീട് റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ശക്തിനേടിയപ്പോൾ അതിൽ പേഗൻ വിശ്വാസങ്ങളും ആഘോഷങ്ങളും പുതിയ രൂപത്തിൽ ഇടം കണ്ടെത്തി. ക്രിസ്തുവിനെ സൂര്യദേവന് പകരം വച്ച് അവർ ക്രിസ്മസ് എന്നു പേരിട്ടു.

ഡിസംബർ 23: വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്.

യൂറോപിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ, മധ്യകാലഘട്ടത്തിന്റെ അവസാനത്തിലാണ് ക്രിസ്മസ് മാർക്കറ്റുകളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ, സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ, ക്രിസ്മസിന്റെ തയ്യാറെടുപ്പിനു വേണ്ടതെല്ലാമുണ്ടാകും.

ഭക്ഷണപാനീയങ്ങൾ, നക്ഷത്രവിളക്കുകൾ, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ, തേൻ, ശീതകാല വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര സാമഗ്രികൾ. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളും കൃഷിയിടത്തിൽ നിന്നു പറിച്ചെടുത്ത പുതുമ ചോരാത്ത ഫലങ്ങളുമായിരുന്നു വാണിഭസ്ഥലത്ത്. ജർമൻ നഗരങ്ങളായ ലീപ്സിഗ്, ഡ്രസ്ഡൻ, ഫ്രാങ്ക്ഫർട്ട്, ന്യൂംബർഗ്, സ്റ്റുട്ഗർട്ട് എന്നിവ പഴയകാല ക്രിസ്മസ് മാർക്കറ്റിനു പേരുകേട്ടവയാണ്, ഇപ്പോഴും ആ നഗരങ്ങളിലാണ് ഏറ്റവും വലിയ ആഗമനകാല മാർക്കറ്റുകൾ.

ലീപ്സിഗിലെ ക്രിസ്മസ് മാർക്കറ്റ് സൊസൈറ്റി വാൻകൂവർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാന്നിധ്യമുള്ള ലോകനഗരങ്ങളിൽ യൂൾടൈഡ് സീസണിൽ ഈ മേള നടത്തുന്നു. കച്ചവടവൽക്കരണമുണ്ട്, മാർക്കറ്റ് എന്ന പേരിൽ തന്നെ അതുണ്ടല്ലോ. പഴയ യൂറോപ്യൻ ക്രിസ്മസിന്റെ വികാരങ്ങൾ ഉണർത്തുന്നുമുണ്ട്. വിൽക്കുന്ന വസ്തുക്കൾക്ക് ഉപരിയായി, ക്രിസ്മസ് മാർക്കറ്റ് ഒരു ദൃശ്യാനുഭവമാണ്. സൂര്യൻ മറയുമ്പോൾ രാത്രിയുടെ തിരശ്ശീല നീക്കി പ്രത്യക്ഷമാകുന്ന ഒരു മാന്ത്രികലോകം.

12 വർഷം മുൻപ് അയർലൻഡിൽ നിന്നു മടങ്ങുമ്പോൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള കണക്ഷൻ ലുഫ്താൻസ എയർലൈനായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഓരോ ക്രിസ്മസ് കാലത്തും, യൂറോപ്യൻ നഗരങ്ങളിലേക്ക് സഞ്ചരിച്ച്, ക്രിസ്മസ് മാർക്കറ്റിന്റെ ഭാഗമാകാൻ, ലുഫ്താൻസയുടെ ഓഫറുകൾ ഇ-മെയിലിൽ വരുമായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ബർലിനിലും, ക്രാക്കോവിലും, ബേസലിലും, മാൽമോയിലും, കോപ്പൻ ഹേഗനിലും, ഹെൽസിങ്കിയിലും, ഓസ്ലോയിലും ഗൂഗിൾ ചിത്രങ്ങൾ കണ്ട് ഭാവനയിൽ പറന്നു നടന്നു തൃപ്തിയടഞ്ഞു. കണ്ടിരിക്കേണ്ട കാര്യങ്ങളിലൊന്നായി ഈ ക്രിസ്മസ് അത്ഭുതത്തെ മനസ്സിലെ ബക്കറ്റ് ലിസ്റ്റിൽ ഭദ്രമായി നിക്ഷേപിച്ചു.

നാലു വർഷം മുൻപ് വാൻകൂവറിൽ അതെന്നെ തേടി വന്നു. ആ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രിയിൽ അവിസ്മരണീയമായ അനുഭവം. പല നിരകളിലായി എൺപത് കുടിലുകൾ. വിവിധ നിറങ്ങളിലുള്ള വൈദ്യുത വിളക്കുകൾ തിളങ്ങുന്നു. ഒരു ഭാഗത്ത് ജർമനിയിലെ റോതൻബർഗിലെ വിദഗ്ധരായ കലാകാരുടെ കരകൗശല വസ്തുക്കളുടെ പ്രത്യേക പ്രദർശനം. സ്വന്തം കുഞ്ഞിന് ക്രിസ്മസ് സമ്മാനം നൽകാൻ ഒരാൾ തുടങ്ങിയ സംരംഭം ഇപ്പോൾ വലിയ ലാഭം നേടുന്ന കമ്പനിയാണ്.

മാർക്കറ്റിന്റെ നടുവിൽ ഒരു മരഗോപുരത്തിൽ മാലാഖമാർ നിരന്നു നിൽക്കുന്നു. താഴെ സംഗീതജ്ഞരും ഗായകരും. ഭക്ഷണ ശാലകളിൽ നിന്നുള്ള കൊതിപ്പിക്കുന്ന ഗന്ധം ചുറ്റും പടരുന്നു. ഇളം ചൂടുള്ള മൾഡ് വൈൻ കുടിക്കാൻ നീണ്ട നിര, മ്യൂണിക്കിലെ ഒക്ടോബർ ഉൽസവമെന്ന പോലെ പോർക്ക് സോസിജ്, ബീഫ്‌ സ്റ്റ്യൂ, പ്രെറ്റ്സൽ. വിഭവങ്ങൾ മാർക്കറ്റിന്റെ നടുമുറ്റത്ത് പാകം ചെയ്യുന്നു. ബവേറിയൻ ബിയറിന്റെ ലഹരി നുകരുന്ന യുവമിഥുനങ്ങളുടെ ചിരി മുഴങ്ങുന്നു.

ചരിത്രം, കഥാപാത്രങ്ങൾ, ബിംബങ്ങൾ. നാടോടിക്കഥകളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും ബാല്യഭാവനയുടെയും ക്രിസ്മസിന്റേയും ഭാഗമായവ. എല്ലാം ചേർന്ന് നിർമിച്ചിരിക്കുന്നത് ബില്യൺ ഡോളർ ഇൻഡസ്ട്രിയാണ്. ഇവയേറെയും കടം കൊണ്ടതാണെന്ന് പരാതി പറയേണ്ടതില്ല. ക്രിസ്മസ് പോലും പുരാതന സംസ്കാരങ്ങളിൽ നിന്ന് കടം കൊണ്ട ആഘോഷമല്ലേ?