ഒന്റാരിയോയില്‍ കാര്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുന്നു; മോഷ്ടിക്കപ്പെടുന്നത് സെക്കന്റുകള്‍ക്കുള്ളില്‍

By: 600007 On: Dec 11, 2021, 5:35 AM

 

ഒന്റാരിയോയില്‍ കാര്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സാങ്കേതിവിദ്യകള്‍ ഉപയോഗിച്ചാണ് കാറുകള്‍ മോഷ്ടിക്കുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. സെക്കന്റുകള്‍ക്കുള്ളിലാണ് മോഷണം നടക്കുന്നത്. 

നിരീക്ഷണക്യാമറയില്‍ കാറുകള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വെറും 30 സെക്കന്റ് കൊണ്ടാണ് കാറുമായി മോഷ്ടാക്കള്‍ കടന്നുകളയുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. 

സാധനങ്ങള്‍ വാങ്ങാനോ മറ്റോ നിര്‍ത്തിയിട്ട് ഉടമസ്ഥന്‍ പോകുന്ന സമയത്താണ് കാറുകള്‍ മോഷ്ടിക്കപ്പെടുന്നത്. മൊബൈലിന്റെ സഹായത്തോടെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ ഡോറുകള്‍ തുറക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിക്കുന്നതായി നിരീക്ഷണക്യാമറകളില്‍ നിന്ന് വ്യക്തമാണ്. 

കഴിഞ്ഞ വര്‍ഷം ഏകദേശം 80,000 വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. മോഷ്ടിക്കപ്പെടുന്ന കാറുകള്‍ മോണ്ട്രിയയിലെത്തിച്ച് കണ്ടെയ്്‌നറുകളിലാക്കി യൂറോപ്പ്, ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയോ അല്ലെങ്കില്‍ കാര്‍ പൊളിച്ചുമാറ്റി ഭാഗങ്ങളായി വില്‍പ്പന നടത്തുകയോയാണ് മോഷ്ടാക്കള്‍ ചെയ്യുന്നത്. 

വാഹനം മോഷ്ടിക്കപ്പെടാതിരിക്കാന്‍ സ്റ്റിയറിംഗ് വീല്‍ ലോക്കുകള്‍, ഡാറ്റാ പോര്‍ട്ട് ലോക്കുകള്‍, സാധ്യമെങ്കില്‍ ഗാരേജില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യല്‍, നല്ല വെളിച്ചമുള്ള ഡ്രൈവ്വേകള്‍, എന്നിവ ഉപയോഗിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കുന്നു.