2022 ജനുവരി 4 രാവിലെ 8:00 മണി മുതൽ ഒന്റാരിയോയിലെ 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് കോവിഡ് ബൂസ്റ്റർ ഷോട്ട് ബുക്ക് ചെയ്യാമെന്ന് സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസിനുള്ള അപ്പോയിന്റ്മെന്റ് പ്രൊവിൻഷ്യൽ പോർട്ടൽ വഴിയും പ്രൊവിൻഷ്യൽ വാക്സിൻ കോൺടാക്റ്റ് സെന്റർ വഴിയും ആണ് ബുക്ക് ചെയ്യാൻ സാധിക്കുക.
കൂടുതൽ ആളുകൾക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നതോടെ പൂർണ്ണമായും വാക്‌സിൻ എടുത്തവർ എന്നുള്ളതിന്റെ മാനദണ്ഡം മൂന്ന് ഡോസും എടുത്തവർ എന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതായി ഒന്റാരിയോ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ പ്രസ് കോൺഫറൻസിൽ സൂചിപ്പിച്ചു. നിലവിൽ ഒന്റാരിയോയിലെ കോവിഡ് ടെസ്റ്റിംഗിൽ 10 ശതമാനം ഒമിക്രോൺ പോസിറ്റിവ് ആവുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ഡോ:മൂർ അറിയിച്ചു.