പ്രദീപിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം

By: 600007 On: Dec 10, 2021, 7:46 PM

 
ഊട്ടി കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥന്‍ എ. പ്രദീപിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. ഡല്‍ഹിയില്‍നിന്നും വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരില്‍ നിന്ന് സുലൂര്‍ വ്യോമതാവളത്തിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം ശനിയാഴ്ച രാവിലെ റോഡ് മാര്‍ഗം തൃശൂര്‍ പുത്തൂരിലെത്തിക്കും. പ്രദീപിന്റെ കുടുംബത്തെ  സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു. 

പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂര്‍ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.

ഏഴു വയസ്സുകാരന്‍ ദക്ഷിണ്‍ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനായ 37 കാരനായ പ്രദീപ് വ്യോമസേന വാറന്റ് ഓഫീസറാണ്. 

2004ലാണ് പ്രദീപ്  വ്യോമസേനയില്‍ ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരില്‍ 13 പേരും മരിച്ചു. 


Content Highlights: funeral of the air force officer who died in the helicopter crash will be on saturday