'നമുക്ക് വത്സലയുടെ വീടുവരെയൊന്ന് പോകണം' വത്സല(ഭാഗം 19)

By: 600009 On: Dec 10, 2021, 5:19 PM

Story Written By, Abraham George, Chicag.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം അവർ ഖദീജയുടെ വീട്ടിലേക്ക് പോന്നു. അബു സന്തോഷവനായി കണ്ടതിൽ ഖാദറിയ്ക്കക്ക് മനസ്സിന് തൃപ്തിയായി. ഖാദറിക്കാ പറഞ്ഞു..

"ഞാൻ ഉടനെതന്നെ അബുദാബിക്ക് പോകും, നിങ്ങൾ കുറച്ച് ദിവസം കഴിഞ്ഞ് വന്നാൽ മതി. ഞാൻ അബുദാബിയിലെത്തിയാൽ നിൻ്റെ ലീവ് നീട്ടിത്തരാൻ തോമാസ് സാറിനോട് പറയാം, സാറ് അനുവദിച്ച് തരാതിരിക്കില്ല, പിന്നെ കാരണവും പറയാം, നിന്നേട് കൂടുതൽ അടുപ്പമുള്ളതുകൊണ്ട് സാറ് സമ്മതം മൂളുമെന്നുള്ളത് ഉറപ്പാണ്. നീ ഇന്നുതന്നെ സാറിനെ വിളിച്ച് പറയുക കൂടി ചെയ്യണം. ഞാൻ അബുദാബിലെത്തിയാൽ ഖദീജയുടെ വിസ്സയുടെ കാര്യവും നോക്കാം, അബു ഇവിടത്തെ കാര്യങ്ങൾ നോക്കണം."

'അബുവും ഖദീജയും രണ്ടുദിവസം കഴിഞ്ഞ് അബുവിൻ്റെ വീട്ടിലേക്ക് പോയി. ബാപ്പയ്ക്കും ഉമ്മയ്ക്കും അതിയായ സന്തോഷമായി. അവിടെ നിന്നാണ് അവർ ബാംഗ്ലൂരുള്ള ജാസ്മിൻ്റെ വീട്ടിലേക്ക് പോയത്. അവിടെ നിന്ന് അവരെല്ലാവരും കൂടി മൈസൂരിലേക്ക് പോയി. രണ്ടുദിവസം അവിടെ തങ്ങി. മൈസൂരിൽ നിന്നുതന്നെ അബുവും ഖദീജയും നാട്ടിലെക്ക് പോന്നു. നാട്ടിലെത്തിയ ശേഷമാണ് ഖദീജ പറഞ്ഞത്

"നമുക്ക് വത്സലയുടെ വീടുവരെയൊന്ന് പോകണം, അതെൻ്റെയൊരു ആഗ്രഹമാണ്. "

അബു പറഞ്ഞു "അതിൻ്റെ ആവശ്യമില്ല, ഇനിയും ആവശ്യമില്ലാത്ത പൊല്ലാപ്പ് ഉണ്ടാക്കിവെക്കണ്ട, കഴിഞ്ഞത് കഴിഞ്ഞു, ഞാനെല്ലാം മറക്കാൻ ശ്രമിക്കുകയാണ്."

"ഡോക്ടർ പറഞ്ഞതല്ലേ, അവിടം വരെ പോകണമെന്ന്, പോകുന്നതെപ്പോഴും നല്ലതാണ്, അതോണ്ട് ഇക്കായ്ക്ക് യാതൊരു കുഴപ്പവും ഉണ്ടാകാൻ പോണില്ല, എന്താ എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ?"

"നീയെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കുന്നത്, വേണ്ട, അതിൻ്റെ ആവശ്യമില്ല," അബു തീർത്തുപറഞ്ഞു.

"എന്നാൽ നമ്മൾ അവിടെ പോകും, ഇത്രക്ക് പ്രശ്നം ഉണ്ടാകാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം, ഇക്ക വന്നില്ലായെങ്കിൽ ഞാൻ ഒറ്റക്ക് പോകും. നടന്നതെന്താണന്ന് എനിക്കറിഞ്ഞേ പറ്റൂ, ഞാൻ ഇക്കയുടെ ഭാര്യയാണ്, അല്ലാതെ കാമുകിയല്ല."

"ഞാനും വത്സലയും സ്നേഹത്തിലായിരുന്നു എന്നുള്ളത് സത്യമാണന്ന് നിനക്കറിയില്ലേ? മുഴുവൻ കാര്യങ്ങളും നിന്നോട് പറഞ്ഞതല്ലേ? പിന്നെയെന്തിനാണ് ഇങ്ങനെയൊരു ആവശ്യം, ഇനിയും പ്രശ്നങ്ങൾ സൃഷ്ടിക്കാനാണോ നിൻ്റെ ഭാവം."

"ആവശ്യം എൻ്റെതാണ്," ഖദീജ പറഞ്ഞു.

"സത്യം തിരിച്ചറിഞ്ഞില്ലായെങ്കിൽ ഇനിയും ഇപ്പോളുണ്ടായതുപോലത്തെ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. മണിയറയിൽ കഴിയേണ്ട ഒരുവളാണ് കല്യാണപിറ്റേന്ന് മുതൽ ഹോസ്പിറ്റൽ മുറിയിൽ ചടഞ്ഞുകൂടിയത്. എന്തായിക്കാ, എൻ്റെ വേദന മനസ്സിലാക്കാത്തത്."

"നിനക്ക് ഭ്രാന്താണ്, ആവശ്യമില്ലാത്ത വിവരങ്ങൾ ഇനിയെന്തിന് അറിയണം, കഴിഞ്ഞത് കഴിഞ്ഞില്ലേ, വത്സല മരിച്ചുയെന്നുള്ളത് സത്യമാണ്, അതെനിക്ക് വ്യക്തമായിട്ടറിയാം. ഇനി നിന്നേക്കൂടി ബോദ്ധ്യപ്പെടുത്തണോ? അതു കൊണ്ട് നിനക്കെന്താ നേട്ടം."

"നേട്ടം എനിക്കു മാത്രമല്ല നമുക്ക് രണ്ടു പേർക്കുമുണ്ട്. വത്സലയല്ലേ മരിച്ചിട്ടുള്ളൂ, ബാക്കിയുള്ളവർ ജീവിച്ചിരിപ്പുണ്ടല്ലോ, എനിക്ക് അവരെക്കൂടി കാണണം. എൻ്റെ ഇക്കയെ ഇങ്ങനെയാക്കി തീർത്തവരെ കാണുന്നതിലൊരു തെറ്റുമില്ല, അതുകൊണ്ട് ഇക്കക്ക് ഒരു കുഴപ്പവും ഉണ്ടാകാൻ പോണില്ലായെന്ന് എനിക്കറിയാം. ഇക്ക, മനസ്സ്കൊണ്ട് ആഗ്രഹിക്കുന്നത് ഞാൻ പറഞ്ഞന്നേയുള്ളൂ, ഇല്ലായെന്ന് എൻ്റെ മുഖത്ത് നോക്കി പറയാൻ കഴിയോ?"

"ഇതൊക്കെ നിൻ്റെ അനാവശ്യ ചിന്തയാണ്, അതിൻ്റെ ആവശ്യമില്ല, ഞാനെല്ലാം മറന്ന അദ്ധ്യായമാണ്" അബു പറഞ്ഞു.

"എന്തുകൊണ്ട് വത്സലയുടെ വീടുവരെ പോയിക്കൂടാ, അവിടെയെത്തിയാൽ ഇക്കയ്ക്ക് വീണ്ടും വിഭ്രാന്തിയുണ്ടാകുമോ? അങ്ങിനെയുണ്ടായാൽ നമുക്കൊരുമിച്ച് നേരിടാം, അതിനും ഞാൻ തയ്യാർ. എന്തുവന്നാലും പോയേ മതിയാവൂ, അതാണ് നമുക്ക് രണ്ടുപേർക്കും നല്ലത്. നമ്മൾ അബുദാബിയിലേക്ക് പോയാൽ അടുത്ത കാലത്തൊന്നും നാട്ടിലേക്ക് തിരിച്ച് വരാൻ പോണില്ല. അതിനുമുമ്പ് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്ത് തീർക്കണം. നാട്ടിൽനിന്ന് പോയാൽ പിന്നെയൊരു പുഴുകുത്തുപോലും ഇക്കയുടെ  മനസ്സിലുണ്ടാകരുത്. ഇക്ക എൻ്റെതു മാത്രമായി മാറണം, അതെനിക്ക് നിർബന്ധമാണ്."

നിവൃത്തികേടുകൊണ്ടാണ് അബു, ഖദീജയോടപ്പം വത്സലയുടെ വീട്ടിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ കണ്ടകാഴ്ച ദയനീയമായിരുന്നു. പറമ്പ് മുഴുവൻ കാട്കേറി കിടക്കുന്നു, വീട് അലങ്കോലപ്പെട്ടിരുന്നു. കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ വടക്കേ മൂലയിലെ ഇല്ലിക്കൂട്ടത്തിന് കാറ്റുപിടിക്കുന്ന ശബ്ദം കേൾക്കാം. എന്തെക്കയോ സ്വരങ്ങൾ കാതിൽ വന്ന് മൂളുന്നതുപോലെ, ഇഴജെന്തുക്കൾ പാർക്കുന്ന ആ പ്രദേശം അവരെ ഭയപ്പെടുത്തി, അവിടെയെവിടെയോ ആയിരിക്കും വത്സലയുടെ ശവശരീരം ദഹിപ്പിച്ചത്, ജാതിയുടെ പേരിലുള്ള കടുംപിടുത്തത്തിൽ തകർന്നുപോയൊരു ജീവൻ,  ഓർമ്മകൾ കാടുകയറാതിരിക്കാൻ അബു പ്രത്യേകം ശ്രദ്ധിച്ചു. ഇനിയൊരു മാനസ്സിക രോഗത്തിന് ചികത്സതേടി പോകാൻ ഇടവരുത്തരുതെന്ന് അബു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അവർ വീടിൻ്റെ വാതിക്കലെത്തി മുരടനക്കി, ആരേയും കാണാത്തതിനാൽ വാതിലിൽ മുട്ടിവിളിച്ചു. ഒരു നാൽപ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീ പുറത്തേക്ക് വന്നു. അവർ ചോദിച്ചു

"എന്താ, ആരാ? "

"ഞാൻ അബു, ഇതെൻ്റെ ഭാര്യ ഖദീജ, ഇവിടെ വേറെയാരുമില്ലേ?" അവൻ ചോദിച്ചു.

അകത്തുനിന്ന് ഒരു ശബ്ദം കേട്ടു, "ആരാ അബുവോ, അകത്തേക്ക് വാ..."

അബുവും ഖദീജയും അകത്തേക്ക് കടന്നു. ആ രൂപം കണ്ടവരൊന്ന് ഞെട്ടി. മുടി പാറിപറന്ന്  കോലം കെട്ടൊരു രൂപം. എന്തു പറ്റിയെന്ന് ഒരു നിമിഷം അവർ ഓർത്തുപോയി.

------തുടരും-----