കാനഡ ബീജിംഗ് ഒളിംപിക്‌സ് ബഹിഷ്‌കരിക്കും: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

By: 600007 On: Dec 9, 2021, 6:20 AM

 

ചൈനയിലെ ബീജിംഗില്‍ നടക്കുന്ന 2022 വിന്റര്‍ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും കാനഡയുടെ നയതന്ത്രജ്ഞര്‍ ബഹിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍് ട്രൂഡോ. ഗെയിംസില്‍ ഭാഗമാകാന്‍ കാനഡയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെയോ, നയതന്ത്ര പ്രതിനിധികളെയോ അയക്കില്ലെന്നാണ് തീരുമാനം. എന്നാല്‍ കായികതാരങ്ങള്‍ക്ക് അവരുടെ ഇനങ്ങളില്‍ പങ്കെടുക്കാം.

ചൈനീസ് സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ ആശങ്കയുള്ളതിനാലാണ് ബീജിംഗ് ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും നയതന്ത്ര പ്രതിനിധികളെ അയയ്ക്കാത്തതെന്ന് ട്രൂഡോ വ്യക്തമാക്കി.  എന്നാല്‍ കായികതാരങ്ങള്‍ വര്‍ഷങ്ങളായി പരിശീലനത്തിലാണ്. ലോകമെമ്പാടുമുള്ള അത്‌ലറ്റുകള്‍ക്കൊപ്പം മാറ്റുരയ്ക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന അവസരത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഉയ്ഗൂര്‍ മുസ്ലീംന്യൂനപക്ഷങ്ങള്‍ക്കെതിരെ അടക്കമുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ബീജിംഗ് ഒളിമ്പിക്‌സ് നയതന്ത്രപരമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും നിലപാട് വ്യക്തമാക്കിയത്.