സ്വവര്‍ഗാനുരാഗികളെ 'കണ്‍വേര്‍ഷന്‍ തെറാപ്പിക്ക്' വിധേയമാക്കി സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന നടപടി നിയമവിരുദ്ധമാക്കാന്‍ കാനഡ. കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി 30 ദിവസത്തിനുള്ളില്‍ നിയമവിരുദ്ധമാക്കുന്നു. ജനുവരി 7ന് ഇത് പ്രാബല്യത്തില്‍ വരും.
നാല് പുതിയ ക്രിമിനല്‍ കോഡ് ലംഘനങ്ങളാണ് ബില്ലിലെ വ്യവസ്ഥയിലുള്ളത്. പുതിയ നിയമപ്രകാരം കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് വിധേയമാക്കുന്നത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതിന് പുറമെ ആരെയെങ്കിലും കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് പ്രോത്സാഹിപ്പിക്കുകയോ പരസ്യം ചെയ്യുകയോ കണ്ടെത്തിയാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
നവംബര്‍ 29നാണ് ഫെഡറല്‍ ഗവണ്‍മെന്റ് ബില്‍ സി-4 അവതരിപ്പിച്ചത്. ഡിസംബര്‍ 1ന് ബില്‍ ഐകകണ്‌ഠേന പാസായി. തുടര്‍ന്ന് ബില്‍ സെനറ്റിലേക്ക് അയച്ചു. സെനറ്റര്‍മാരും ഏകകണ്ഠമായി ഡിസംബര്‍ 7ന് പാസാക്കി. ബില്ലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://www.parl.ca/DocumentViewer/en/44-1/bill/C-4/third-reading എന്ന ലിങ്കില്‍ ലഭ്യമാണ്.