'ഇന്ന് രാത്രി നിങ്ങൾ ഒരുമിച്ച് കിടക്കുക..' വത്സല(ഭാഗം 18)

By: 600009 On: Dec 8, 2021, 4:41 PM

Story Written By, Abraham George, Chicago.

അബുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു. കാര്യമായ മാറ്റങ്ങളൊന്നും അയാളിൽ കണ്ടില്ല. സൈക്യാട്രിസ്റ്റ് ഡോക്ടർ രാജശേഖരൻ, റൂമിൽ വന്നുപോയതിനു ശേഷം, അബുവിനെ ഡോക്ടറുടെ മുറിയിലേക്ക് വിളിപ്പിച്ചു, ഡോക്ടർ കോപത്തോടെ അബുവിനോട് ചോദിച്ചു

"മരിച്ചു പോയവരോ പോയി, ജീവിച്ചിരിക്കുന്നവരെ സ്നേഹിക്കാൻ നിങ്ങൾക്കാവില്ലേ?"

ഡോക്ടറുടെ പെട്ടന്നുള്ള നിറംമാറ്റം കണ്ട്, അബു സ്തംഭിച്ചു നിന്നു. ഡോക്ടർ തുടർന്നു

"നിങ്ങളുടെ ഉദ്ദേശ്യമെന്താണ്, നിങ്ങളുടെ ഭാര്യയെ സ്നേഹിക്കാൻ കഴിയുന്നില്ലായെങ്കിൽ നിങ്ങളെന്തിന് വിവാഹം കഴിച്ചു, അതിൻ്റെ കൂടി ജീവിതം നശിപ്പിക്കാനോ? ഇതിന് മരുന്നും മന്ത്രോമൊന്നും വേണ്ട, സ്വയം തീരുമാനിച്ചാൽ മാത്രം മതി."

ഡോക്ടറുടെ ചോദ്യം കേട്ട് അബു ഒന്നുഞെട്ടി. ഡോക്ടർ തുടർന്നു,

"വത്സലയെന്ന പെൺകുട്ടി ഇന്ന് ജീവിച്ചിരിക്കുന്നില്ലായെന്ന് നിങ്ങൾക്ക് വ്യക്തമായിട്ടറിയാം, എന്താ അറിയില്ലായെന്നുണ്ടോ?"

"അറിയാം, അവൾ മരിച്ചുപോയി" അബു പറഞ്ഞു.

"പിന്നെ എന്തുകൊണ്ട് നിങ്ങളുടെ മനസ്സിന് അതംഗീകരിക്കാനാവുന്നില്ല. അതല്ലാ സംശയമുണ്ടെങ്കിൽ നിങ്ങൾ രണ്ടുപേരും കൂടിപോയി വത്സലയുടെ ശവകുടീരം കാണ്, എന്നാലെങ്കിലും തൃപ്തിയാകുമോ നിങ്ങൾക്ക്."

അബു പറഞ്ഞു, "ഞാനെല്ലാം മറക്കാം ഡോക്ടർ, എനിക്ക് കുറച്ച് സമയം കൂടി തരണം."

ഡോകടർ പറഞ്ഞു "മറന്നാൽ നിങ്ങൾക്ക് നല്ലത്. "  ഡോക്ടർ തുടർന്നു "അബു, മഞ്ഞുമല കണ്ടിട്ടുണ്ടോ? ജലത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമലയുടെ തൊണ്ണൂറ് ശതമാനവും വെള്ളത്തിനടിയിലാണ്. അതേപോലെയാണ് മനുഷ്യമനസ്സും, മനുഷ്യ മനസ്സിൻ്റെ തൊണ്ണൂറ് ശതമാനവും ഉപബോധമനസ്സാണ്, മനസ്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണന്ന്, ശാസ്ത്രത്തിന് ഇന്നും കൃത്യമായി അറിയില്ല, തലച്ചോറിലാണന്ന് ഊഹിക്കുന്നു. ഇവിടെയിപ്പോൾ അബു സ്വയംമനസ്സ് ഉറപ്പിക്കാതെ പ്രശ്നത്തിനെങ്ങനെ പരിഹാരം കാണും. പുറമേനിന്ന് ആർക്കൊന്നും ചെയ്യാനാവില്ല. പമ്പര വിഡ്ഢിയാകാതെ ജീവിക്കാൻ നോക്ക്. നിങ്ങൾ രോഗം മാറിപോയാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നവുമില്ല. നിങ്ങൾ പോയാൽ വേറൊരാൾ അത്രേയുള്ളൂ. എനിക്കിപ്പോൾ ഒന്നേ പറയാനുള്ളൂ, നിങ്ങളുടെയിപ്പോളത്തെ അവസ്ഥ മാറണമെങ്കിൽ നിങ്ങൾ തന്നെ ശ്രമിക്കണം, നിങ്ങൾ അതിന് തയ്യാറാണോ? തയ്യാറല്ലായെങ്കിൽ ഇവിടെ കിടന്നിട്ട് ഒരു കാര്യവുമില്ല."

അബു പറഞ്ഞു "ഞാൻ തയ്യാറാണ് ഡോക്ടർ."

ഡോക്ടർ ഖദീജയെ വിളിപ്പിച്ചു "നിങ്ങളിന്ന് അബുവിന് മരുന്നൊന്നും കൊടുക്കണ്ട, മരുന്ന് കഴിക്കാനുള്ള രോഗമൊന്നും നിങ്ങളുടെ ഭർത്താവിനില്ല. ഇന്ന് രാത്രി നിങ്ങൾ ഒരുമിച്ച് കിടക്കുക, കുശലം പറയുക, സന്തോഷത്തോടെ ഈരാത്രി കഴിയണം."

ഡോക്ടർ അബുവിൻ്റെ നേരെ തിരിഞ്ഞ് ചോദിച്ചു "അബു എന്ത് പറയുന്നു."

"ശരി ഡോക്ടർ, " .അബു പറഞ്ഞു.

ആ രാത്രി അബുവിന് ഒരു ശാന്തതയുള്ളതായി തോന്നി. ഖദീജ കുളിച്ച് അർദ്ധനഗ്നയായി കണ്ണാടിയുടെ മുന്നിൽ വന്നു നിന്ന് നനഞ്ഞ മുടി കോതി. അബു നോക്കിക്കിടന്നു, അവളുടെ മുലകൾ നനഞ്ഞ തുണിയിലൂടെ അയാൾ കണ്ടു. പൊക്കിൾകൊടിയും നാഭിയും കണ്ടു. അയാളിൽ വികാരം പതുക്കെപ്പതുക്കെയുണരാൻ തുടങ്ങി. അവൻ എഴുന്നേറ്റ് അവളെ മാറോട് ചേർത്തു പിടിച്ചു. അവളെ ചുംബിച്ചു. കിടക്കയിലേക്ക് മറിഞ്ഞു, ഖദീജ അബുവിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു, എല്ലാം മറന്നവർ ഒന്നായി. അബു തളർന്ന് കിടന്നുകൊണ്ട് ചോദിച്ചു

" ഖദീജാ, നിനക്ക് സന്തോഷമായില്ലേ?"

ഖദീജ പറഞ്ഞു "സന്തോഷമായിക്കാ, ഇക്കയുടെ എല്ലാ അസുഖങ്ങളും മാറി."

അവൾ അവൻ്റെ മാറിലേക്ക് ചരിഞ്ഞു കിടന്നു. മുടികളിലൂടെ കൈകൾ ഓടിച്ചു. ആ രാത്രി അവരെല്ലാം മറന്ന് കിടന്നുറങ്ങി. പിറ്റേന്ന് ഡോക്ടർ വന്നയുടനെ ചോദിച്ചു

" എങ്ങനെയുണ്ട് അബു, ഇനിയും ഇവിടെ കിടക്കണമെന്നുണ്ടോ, ഡിസ്ചാർജ് ചെയ്യതാലോ?"

ഡിസ്ചാർജ് ചെയ്തോളു ഡോക്ടർ എനിക്കിപ്പോൾ യാതൊരു കുഴപ്പവുമില്ല" അബു പറഞ്ഞു.

"നാളെ ഡിസ്ചാർജ് ചെയ്യാം, പഴയതെല്ലാം മറന്ന് സുഖമായി ജീവിക്കാൻ നോക്ക്. കഴിഞ്ഞതെല്ലാം കഴിഞ്ഞു പോയിയെന്ന് മനസ്സിലാക്കണം.  ഇനിയെങ്കിലും ഭാര്യയെ വിഷമിപ്പിക്കാതെ ജീവിക്കാൻ പഠിക്കണം. മനസ്സിന് ശക്തികിട്ടാൻ പ്രാർത്ഥിക്കുക, ധ്യാനിക്കുക. ഏത് ദൈവത്തിനോടാണങ്കിലും വേണ്ടില്ല, പ്രാർത്ഥന മുടക്കരുത്, അത് ബോധമനസ്സിനെ ശക്തിപ്പെടുത്തും. അലയടിക്കുന്ന കടൽ പോലെയാണ് മനസ്സ്, മനസ്സിലുണരുന്ന വികാരങ്ങളെ ഒതിക്കിനിർത്താൻ പ്രാർത്ഥന അത്യാവശ്യ ഘടകമാണ്."

------തുടരും--------