വാഷിംഗ്ടണ്‍: നാസയുടെ ഭാവി പദ്ധതികള്‍ക്കായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളില്‍ ഇന്ത്യന്‍ വംശജനും പാതിമലയാളിയുമായ അനില്‍ മേനോനും. മലയാളിയായ ശങ്കരന് മേനോന്റേയും ഉക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടേയും മകനാണ് അനില്‍ മേനോന്. ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലെ മിനിസോട്ടയിസാണ്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ന്യൂറോ ബയോളജി പഠിച്ച അനില്‍ ഹണ്ടിംഗ്ടണ് രോഗത്തെ പറ്റിയാണ് ഗവേഷണം നടത്തിയത്. തുടര്‍ന്ന് റോട്ടറി അമ്പാസഡോറിയല്‍ സ്കോളറായി ഇന്ത്യയില്‍ ഒരു വര്‍ഷം പഠനം നടത്തി. പോളിയോ വാക്സിനേഷനെക്കുറിച്ച് പഠിക്കുകയും പ്രചാരം നല്‍കുകയുമായിരുന്നു ഇന്ത്യയിലെ ദൗത്യം.
2014ലാണ് അനില്‍ മേനോന് നാസയില്‍ ഫ്ലൈറ്റ് സര്‍ജനായി തുടക്കം കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാല സഞ്ചാരികള്‍ക്കൊപ്പം ഡെപ്യൂട്ടി ക്രൂ സര്‍ജനായി പ്രവര്‍ത്തിച്ചു. 2018ല്‍ സ്പേസ് എക്സിനൊപ്പം ചേര്‍ന്ന മേനോന് അവിടെ അഞ്ച് വിക്ഷേപണ ദൗത്യങ്ങളില്‍ ലീഡ് ഫ്ലൈറ്റ് സര്‍ജനായി പ്രവര്‍ത്തിച്ചു.
ആറ് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് പുതിയ സംഘം. നികോള്‍ അയേര്‍സ്, മാര്‍കോസ് ബെറിയോസ്, ക്രിസ്റ്റീന ബിര്‍ച്ച്, ഡെനിസ് ബര്‍നഹാം, ലൂക് ഡെലാനി, ആന്‍ഡ്രേ ഡഗ്ലസ്, ജാക്ക് ഹാത്ത്വേ, ക്രിസ്റ്റിഫര്‍ വില്യംസ്, ജെസിക്ക വിറ്റ്നര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. 12,000ത്തില്‍ അധികം അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
1959ലാണ് നാസ അസ്ട്രനോട്ട് കാന്‍ഡിഡേറ്റ് ക്ലാസ് തുടങ്ങിയത്. ഇത് 23മാത് ബാച്ചാണ്. പുതിയ ബഹിരാകാശയാത്രികര്‍ക്കുള്ള രണ്ട് വര്‍ഷത്തെ പ്രാരംഭ പരിശീലനം 2022 ജനുവരിയില്‍ ആരംഭിക്കും. പരിശീലനത്തിന് ശേഷം സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയ ദൗത്യങ്ങളിലേക്കോ, ആര്‍ട്ടെമിസ് പ്രോഗ്രാമിലേക്കോ വിന്യസിക്കും.