നാപ്പോളിയിലെ നാട്ടുരാജാവ്- മറഡോണയെ കുറിച്ചുള്ള വിവരണം - ഡിബിൻ റോസ് ജേക്കബ്

By: 600007 On: Dec 8, 2021, 9:52 AM

നാപ്പോളിയിലെ നാട്ടുരാജാവ് -എഴുതിയത് - ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ, കാനഡ 

1.

With Diego I will go to the end of the world,

With Maradona, I won't take a step.

നിങ്ങൾ പ്രശസ്തനാണ് എന്നു കരുതുക.

കായികതാരം, ഇതിഹാസം.

കരിയറിൽ ഉടനീളം വിജയങ്ങളും തോൽവികളും പ്രിയനിമിഷങ്ങളും നിങ്ങളുടെ അറിവോടെ ഒരാൾ ക്യാമറയിൽ പകർത്തിയെങ്കിൽ? ആരവങ്ങൾ അവസാനിച്ച ശേഷം ഒരു ചലച്ചിത്രകാരൻ ആ ദൃശ്യങ്ങൾ അടുക്കി വച്ച് സിനിമ സൃഷ്ടിച്ചാൽ? വേണ്ടതെന്ത് വേണ്ടാത്തതെന്ത് എന്ന് നിശ്ചയമുള്ള സമർത്ഥനായ എഡിറ്ററാണ് ആ ചലച്ചിത്രകാരനെങ്കിൽ? അപ്പോൾ ഒരു നടനും അഭിനയിച്ചു ഫലിപ്പിക്കാനാകാത്ത ഒരു സിനിമ ജനിക്കും. അതേസമയം അതൊരു  ഡോക്യുമെന്ററിയുമാണ്. നിങ്ങളുടെ പുരാവൃത്തം ചലച്ചിത്രമായി. ഇനിയൊരിക്കലും മറ്റൊരാൾക്കും മറികടക്കാനാകാത്ത വിധം  നിങ്ങൾ നിറഞ്ഞാടിക്കഴിഞ്ഞു. ലോകം മുഴുവൻ നിങ്ങളെ കണ്ടതാണ്, പക്ഷേ ലോകം കാണാത്തതും ചേർന്നതാണ് നിങ്ങൾ. ഇത് കളിയായിരുന്നു, ഒപ്പം ജീവിതവുമായിരുന്നു.

ബ്രിട്ടീഷ് ഫിലിം മേക്കർ അസിഫ് കപാഡിയയുടെ മൂന്നാമത്തെ വിഷയമാണ് മറഡോണ. ബ്രസീലിന്റെ ഫോർമുല വൺ ഇതിഹാസം അയർട്ടൺ സെന്നയും ഇംഗ്ലീഷ് പോപ്പ് ഗായിക എമി വൈൻഹൗസും കപാഡിയയുടെ ഫ്രെയിമുകളിൽ അനശ്വരത നേടി- അങ്ങനെ പറയാൻ വരട്ടെ;

ആ ഫ്രെയിമുകൾ ചലച്ചിത്രകാരന്റെ സ്വന്തമായിരുന്നോ? വേദിയിലും പുറത്തും സെന്നയേയും എമിയേയും മറഡോണയേയും വലയം ചെയ്തവർ ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്ന് തനിക്ക് വേണ്ടത് മാത്രമെടുത്ത് മോഹനമായ,അതേ സമയം ദുരന്തസമാനമായ നഖചിത്രം വരച്ചു കപാഡിയ. അഞ്ഞൂറ് മണിക്കൂർ നീളമുള്ള ഫൂട്ടേജുകൾ,ടെലിവിഷൻ നെറ്റ്വർക്കുകളുടെ ആർക്കൈവുകൾ,പുറംലോകം ഇതുവരെ കാണാതിരുന്ന കുടുംബ ദൃശ്യങ്ങൾ- ആദിമധ്യാന്തം ഒരു കഥയുണ്ടതിൽ. താരത്തിന്റെ വളർച്ചയുടേയും തളർച്ചയുടേയും ഒരു പൂർണവൃത്തം.

ഡോക്യുമെന്ററികളുടെ തനത് വിവരണരീതിയില്ല, വോയ്‌സ് ഓവർ പോലും കുറവ്-പറയുന്നവർ ചിത്രത്തിലില്ല. താരമാണ് പ്രധാനം, അവർ അവരായി സ്വന്തം കഥ പറയുന്നു; കഴിഞ്ഞു പോയ ദിനങ്ങളിൽ അതീവ സ്വാഭാവികമായി ജീവിച്ച നിമിഷങ്ങളിൽ. റിഹേഴ്‌സലും റീടെയ്ക്കും ഇല്ലാത്ത നടനം. വീണ്ടും ചിത്രീകരിക്കണമെന്ന് കരുതിയാലും നടപ്പില്ല: പ്രൊഡക്ഷൻ തുടങ്ങുന്നതിന് ഏറെ മുൻപേ സെന്ന ട്രാക്കിൽ ചോരവാർന്നു മരിച്ചിരുന്നു, പ്രശസ്തിയിൽ നിന്ന് വിഷാദത്തിലേക്ക് തെന്നി മാറി  എമി സ്വയം ജീവനെടുത്തു, കൂടുതൽ സാഹസകഥകൾ മെനയാൻ ആകാത്ത വിധം മറഡോണ മറ്റൊരാളായി മാറി. പക്ഷേ കപാഡിയയുടെ എഡിറ്റിംഗ് ടേബിളിൽ അവർക്ക് വീണ്ടും ജീവൻ വച്ചു. കെട്ടുകഥകളെ നിഷ്പ്രഭമാക്കുന്ന വിധം അവരുടെ ജീവിതം തിരശ്ശീലയിൽ ചലിച്ചു. നാടകീയത നിർമിച്ചെടുക്കേണ്ടി വന്നില്ല, ജീവിതം അത് ധാരാളമായി നൽകി.

തുടക്കം:

When you are on the pitch

Life goes away

Problems goes away

Everything goes away.

തെക്കേ അമേരിക്കൻ ഫുട്‌ബോളിൽ സാധാരണമായ 'കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള' യാത്രയാണ് ഡിയഗോ മറഡോണയുടേതും. ചുരുണ്ട മുടിയുള്ള,വെളുത്ത നിറമുള്ള, ഉയരം കുറഞ്ഞ,പതിഞ്ഞ ശബ്ദമുള്ള അയാളെ നമുക്ക് ഡിയഗോ എന്നു വിളിക്കാം. അതീവ പ്രതിഭാശാലി, ഏത് കടുത്ത പ്രതിരോധത്തെയും ദർശനത്താലും കാലുകളുടെ കലാപരതയാലും തകർത്തു കളയുന്ന പ്രതിഭാധനൻ. ഒഴിവുവേളകളിൽ കളിചിരിയും കുസൃതിയുമായി കഴിയുന്ന കൗമാരക്കാരൻ. ദാരിദ്ര്യത്തിനു നടുവിലായിരുന്നു തുടക്കം. അച്ഛൻ ഫാക്ടറി തൊഴിലാളി. നഗരപ്രാന്തത്തിലെ കൊച്ചുവീട്ടിൽ അമ്മയും അഞ്ചു സഹോദരിമാരും. കളിയിലെ മിടുക്ക് പ്രമുഖ അർജന്റീനിയൻ ക്ളബ്ബ് ബോക്ക ജൂനിയേഴ്സിലേക്കും ബ്വീനസാരിസ് നഗരത്തിലെ സമൃദ്ധിയിലേക്കും നയിച്ചു. നന്നേ ചെറുപ്പത്തിലേ കുടുംബത്തിന് ഭേദപ്പെട്ട കിടപ്പാടവും ഭക്ഷണവും നൽകി ഡിയാഗോ.  ബോക്ക വഴി അർജന്റീനയുടെ ജൂനിയർ ടീമിലേക്കും ദേശീയ ടീമിലേക്കും.

1982-ലെ ലോകകപ്പിൽ വരവറിയിച്ചു, തുടർന്ന് റെക്കോർഡ് തുകയ്ക്ക് ബാർസിലോണയിൽ. പ്രതിഭയുടെ മിന്നലാട്ടം കണ്ടു,  ഇരുളിന്റെ മേധാവിത്വവും തുടങ്ങി. പരിക്കും കയ്യാങ്കളിയുമായി സ്പെയിനിലെ ജീവിതം കയ്പായി. 1982-ൽ മാഡ്രിഡിലെ സാന്റിയാഗോ ബെർനബ്യു സ്റ്റേഡിയത്തിൽ കോപ ഡെൽറോയ് ഫൈനലിൽ, അത്ലറ്റിക് ബിൽബാവോയുമായുള്ള സംഘട്ടനത്തിന് നേതൃത്വം നൽകിയത് മറഡോണ. പിതാവിന്റെ നേറ്റീവ് അമേരിക്കൻ പാരമ്പര്യം പറഞ്ഞുള്ള വർഗ്ഗീയ അധിക്ഷേപം സഹിച്ചില്ല, ബിൽബാവോ ഡിഫൻഡർ മിഗ്വൽ സോളയെ ഡിയഗോ പുൽമൈതാനത്തിട്ട് ചവിട്ടിക്കൂട്ടി. അടി തിരിച്ചും കിട്ടി, കലാപം ഗാലറിയിലേക്ക് പടർന്നു, അറുപത് പേർക്ക് പരിക്കേറ്റു. ക്ളബ്ബും കാണികളും എതിരായി, ഡിയഗോ സ്പെയിൻ വിട്ടു, ഒരു മാറ്റം വേണമായിരുന്നു.

ദൗത്യം:

നിയോപൊളിറ്റൻ സംസ്കാരത്തിന്റെ പിൻമുറക്കാരാണ് ഇറ്റലിയിലെ നേപ്പിൾസിലെ ജനങ്ങൾ. ഏതു നിമിഷവും അഗ്നി തുപ്പാവുന്ന വെസൂവിയസും കാൽപനിക ഭംഗിയാർന്ന അമാൽഫി തീരവും പ്രദേശത്തിന് ഇരുളും വെളിച്ചവുമാകുന്നു. നഗരത്തിലെ പ്രധാന ഫുട്‌ബോൾ ക്ളബ്ബാണ് നാപ്പോളി. ലീഗിൽ തകർച്ച നേരിടുന്ന അവർ അറ്റകൈ പ്രയോഗിച്ചു. ബാർസിലോണയിൽ നിന്ന് ഡിയഗോയെ മറ്റൊരു റെക്കോർഡ് തുകയ്ക്ക് വാങ്ങി, ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരുടെ ചൂതാട്ടം. 1984 ജൂലൈ 4. കളിക്കാരനെ അവതരിപ്പിച്ച ദിനത്തിൽ സാൻ പൗലോ സ്റ്റേഡിയത്തിൽ നഗരമാകെ സന്നിഹിതരായിരുന്നു. 'ഡിയഗോ, ഡിയഗോ!! അവർ ആർത്തു വിളിച്ചു. രക്ഷകൻ അവതരിച്ചിരിക്കുന്നു. 'നഗരാധിപനില്ല, വീടില്ല, വിദ്യാലയമില്ല, ഗതാഗതമില്ല,തൊഴിലില്ല, ശുചീകരണമില്ല, പക്ഷേ ഞങ്ങൾക്ക് ഡിയഗോ മറഡോണയുണ്ട്'- ഒരു പ്രമുഖ പത്രം ഒന്നാം പേജിൽ പ്രഖ്യാപിച്ചു.

I want peace in Napoli.

But above all respect.

 

ഇറ്റാലിയൻ ഫുട്‌ബോൾ വ്യത്യസ്തമായിരുന്നു.

ഉലയാത്ത പ്രതിരോധത്തിന് പേരു കേട്ടവർ. ഡ്രിബിൾ ചെയ്തു കയറാൻ അധികം സ്ഥലം അനുവദിക്കില്ല, കടുത്ത ടാക്കിളിൽ കരിയർ പോലും തീർന്നു പോകാം. പുതിയ താരത്തിന്റെ വരവിനു ശേഷവും നാപ്പോളി കളികൾ തോറ്റു. ആദ്യ കളികളിൽ പാഠം പഠിച്ച ഡിയഗോ വൈകാതെ തന്റെ കളിയുടെ താളവും വേഗവും ക്രമപ്പെടുത്തി. ഉയരക്കുറവ് പ്രശ്നമാണ്, പക്ഷേ എന്തിനേയും അതിജീവിക്കുന്നതാണ് അയാളുടെ പ്രതിഭ.

Football is a game of deceit.

You feign you are going one way and then go in the opposite direction.

And your opponent goes the other way.

ഇറ്റാലിയൻ ഫുട്‌ബോളിൽ വർണവെറി തീവ്രമാണ്. വെനീസ്, മിലാൻ, ഫ്ളാറൻസ്,റോം--പഴയ നഗര രാഷ്ട്രങ്ങളുടെ കാലം മുതലുള്ള വൈരം ഇപ്പോഴുമുണ്ട്. ഐക്യരാഷ്ട്രമായി ഇറ്റലി രൂപംകൊണ്ടെങ്കിലും പ്രതലത്തിനു താഴെ വെറുപ്പുണ്ട്. വടക്കൻ-തെക്കൻ വിഭജനം പ്രകടം; വടക്കിന് വ്യവസായം വഴി നേടിയ സമൃദ്ധി, എന്നാൽ തെക്കുഭാഗം ദരിദ്രം. തെക്കൻ ഇറ്റലിയിലെ ഭേദപ്പെട്ട ക്ളബ്ബാണ് നാപ്പോളി, പക്ഷേ ലീഗിൽ ഏറ്റവും പിന്നിൽ. നാപ്പോളിയെ അധകൃതരായാണ് വടക്കൻ ഇറ്റലി കാണുന്നത്. സ്പോർട്സ് ജനങ്ങളുടെ ഐഡന്റിറ്റിയുടെ ഭാഗമാണ്. ടീമിനേയും കളിക്കാരനേയും ആരാധിക്കുന്ന ജനങ്ങൾ അവരിലൂടെ തങ്ങളുടെ അഭിമാനം നിലനിൽക്കും  എന്ന് പ്രതീക്ഷിക്കുന്നു. തങ്ങൾക്ക് കളത്തിലിറങ്ങി ചെയ്യാൻ കഴിയാത്തത് ഇഷ്ടതാരം ചെയ്യുമ്പോൾ വീരാരാധന നിറയുന്നു. സ്പോർട്സ് തീക്ഷ്ണമായ വികാരമാണ്, വിമോചനമാണ്,മോക്ഷമാണ്. ഡിയഗോയിൽ നേപ്പിൾസിലെ ജനം അർപ്പിച്ചത് പുതിയ പ്രതീക്ഷ.

വേട്ട:

1985 നവംബർ 3, ടൂറിൻ, ഇറ്റലി.

എതിരാളികളായ യൂവന്റൂസിന്റെ തട്ടകം. നാപ്പോളി ശത്രുവിന്റെ പാളയത്തിൽ. കളിക്കാർ മൈതാനം തൊടുമ്പോൾ കാണികൾ കലിപൂണ്ട് കലമ്പുന്നു:

നാപ്പോളി നായ്ക്കൾ! നാപ്പോളി കോളറ!

Victims of earthquake  Napoli shit!

കർഷകർ! കുളിക്കാത്തവർ!

രാജ്യത്തിന്റെ അപമാനം!

ആരായാലും തകർന്നു പോകും.  പക്ഷേ ഡിയഗോയുടെ പടയ്ക്ക് ഇവിടെ ചിലത് തെളിയിക്കാനുണ്ട്. അവർ തിരമാല പോലെ ഇരമ്പി വന്നു. രണ്ടാം പകുതിയിൽ പ്രതിരോധം തുളച്ചു കയറി ഡിയഗോ നേടിയ ഒറ്റ ഗോളിന് യൂവന്റൂസ് തകർന്നു വീണു. ഗാലറികൾ വായടച്ചു. മുറിവേറ്റ തെക്കൻ ഇറ്റലിയുടെ അഭിമാനം അർജന്റീനിയൻ ഒരൊറ്റ ദിവസം കൊണ്ട് തിരിച്ചെടുത്തു. ആവേശത്തള്ളലിൽ ഗാലറിയിലെ രണ്ട് നാപ്പോളി കാണികൾക്ക് ഹാർട്ടറ്റാക്ക്.  വാർത്തയറിഞ്ഞ് നാപ്പോളി നഗരത്തിലെ വിജയാഘോഷത്തിൽ അഞ്ചു പേർ മരിച്ചു. അവിടെ നിന്നങ്ങോട്ട് ഡിയഗോയുടെ തോളിലേറി നിയോപൊളിറ്റൻ ക്ളബ്ബ് മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു, ആ സീസണിലെ നാല് മുൻനിര ടീമുകളിൽ ഒന്നായി. കിരീടം ഇപ്പോഴും അകലെ, എന്നാൽ അത് നേടാവുന്നതാണ് എന്ന ചിന്ത ആരാധകരെ ആവേശത്തിലാക്കി. നാപ്പോളിയുടെ ഇതിഹാസമായി ഡിയഗോയുടെ തേരോട്ടം അവിടെ തുടങ്ങി.

മാഫിയ:

ഡിയഗോ നേപ്പിൾസിൽ ഇപ്പോൾ സുപരിചിതൻ, ജനങ്ങളുടെ പ്രിയങ്കരൻ. അയാളുടെ പ്രശസ്തി മുതലെടുത്തവർ അനേകം. നാപ്പോളി മാഫിയ അയാളെ ഇഷ്ടപ്പെടാതിരിക്കുന്നത് എങ്ങനെ? ഡിയഗോയുടെ സുഹൃത്തുക്കളും സംരക്ഷകരുമായി അവതരിച്ച കമോറ അഥവാ മാഫിയ അയാളെ മയക്കുമരുന്നിൽ മാമോദീസ മുക്കി. നഗരത്തിലെ തെരുവുകളെ ചോര കൊണ്ട് ചുവപ്പിക്കുന്ന മാഫിയ പ്രധാനി കാർമിൻ ജൂലിയന്റെ വിരുന്നുകളിൽ ഡിയാഗോ സ്ഥിരം ക്ഷണിതാവായി. യുവാവായ ഡിയഗോയ്ക്കു ചുറ്റും സുന്ദരികളായ ആരാധികമാരുണ്ടായി.  ലഹരി നുകരാൻ അയാൾ മടിച്ചതുമില്ല.

I was no saint.

There were some beautiful woman,

gorgeous woman!

Oh, they were so many!

ഡിയഗോയുടെ അപര സ്വത്വമായ മറഡോണ മെല്ലെ അയാളുടെ നിയന്ത്രണം ഏറ്റെടുത്തു.

Diego is an affable young man

but Maradona is a deadly beast.

1986: Mexico world cup

നാപ്പോളിയിൽ നിന്ന് മടങ്ങിയ വർധിതവീര്യനായ ഡിയഗോ മറഡോണ അർജന്റീനയെ നയിച്ച് മെക്സിക്കോയിൽ ഇറങ്ങി. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ രണ്ടു ഗോളിന് തകർത്തു--ആദ്യ ഗോൾ കൈകൊണ്ട് നേടിയത് മറഡോണ, അഞ്ചു പേരെ വെട്ടിച്ചു കയറി രണ്ടാം ഗോൾ നേടി ലോകത്തെ ആനന്ദലഹരിയിൽ മുക്കിയെടുത്തത് ഡിയഗോ.

What an incredible run!

What planet do you come from?

 

എന്തുകൊണ്ട് അയാൾ അങ്ങേയറ്റം സ്നേഹിക്കപ്പെടുന്നു, എന്തുകൊണ്ട് വെറുക്കപ്പെടുന്നു? ഈ ഒരൊറ്റ കളിയിൽ കാണാം അത്. ദേവനും അസുരനും രാസലീല നടത്തിയ ആ മൽസരം. ജർമനിക്കെതിരെ കലാശക്കളിയിൽ മൈതാനം ചവിട്ടുന്നതിനു മുമ്പ് സഹകളിക്കാരോട് ഡിയഗോ പറഞ്ഞു:

It's time to be champions.

Let's go and kill them.

രണ്ടു മണിക്കൂറിനു ശേഷം ലക്ഷ്യം നിറവേറ്റി അവർ തിരിച്ചു കയറി. ചരിത്രത്തിൽ ഒരു ടീം ഗെയിം ചാംപ്യൻഷിപ്പിൽ ഒരൊറ്റ കളിക്കാരൻ ഇങ്ങനെ ആധിപത്യം സ്ഥാപിച്ച സംഭവം അപൂർവമാണ്.  ഡിയഗോ മറഡോണയെ തേടി അർജന്റീനയിൽ നിന്ന് അമ്മയുടെ സ്വരമെത്തി--'പോയി വിശ്രമിക്കൂ മകനേ.

എന്നെ നീയിന്ന് ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയാക്കി.' ഡ്രസ്സിംഗ് റൂമിൽ ബിയർ ലഹരിയിൽ തുടങ്ങിയ പാട്ടും നൃത്തവും മടക്കയാത്രയിൽ വിമാനത്തിലും തുടർന്നു. ബ്വീനസാരിസിൽ കാത്തു നിൽക്കുന്ന ജനസാഗരത്തിലേക്ക് ഡിയഗോയും കൂട്ടരും കപ്പുമായി പറന്നിറങ്ങി.

1987, ഇറ്റാലിയൻ ലീഗ്

സീരി എ സീസൺ:

World champion Diego Maradona has some unfinished business in Italy.

സ്വന്തം സ്റ്റേഡിയത്തിലെ ആദ്യ കളിയിൽ യൂവന്റൂസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് ആഘോഷമായി തുടങ്ങി. പക്ഷേ ഈ വിജയം മതിയാകില്ല. എ സി മിലാൻ, ഇന്റർ മിലാൻ, എ എസ് റോമ, എഫ് സി വെറോണ- അതികായരെ ഓരോന്നായി കീഴടക്കണം കപ്പ് കൈക്കലാക്കാൻ. എളുപ്പമല്ല, പക്ഷേ ഡിയഗോ തയ്യാർ. അയാളാൽ പ്രചോദിതരായ ഒരു പറ്റം കളിക്കാരും തയ്യാർ. അവരിൽ ആശയർപ്പിച്ച് നേപ്പിൾസിലെ നിസ്വർ. തെക്കൻ ഇറ്റലിയുടെ ഹൃദയം  അവർക്കായി തുടിക്കുന്നു. അതിജീവനത്തിന്റെ കളി തുടങ്ങുന്നു. ഡിയഗോയെ പിന്തള്ളി മറഡോണ കളം കയ്യടക്കിയേക്കാം.

With Diego I will go to the end of the world,

With Maradona, I will not take a step.

സംഹാരം തുടങ്ങുന്നു.

ആര് ആരെ സംഹരിക്കും?

  1.  

I want peace in Napoli.

But above all respect.

ഡിയഗോ കളിമികവിന്റെ ഉന്നതിയെ തൊട്ടത് നേപ്പിൾസിലാണ്. 1987-ലെ സീരി എ സീസണിൽ തെക്കൻ ഇറ്റലിയുടെ തേരോട്ടത്തിൽ വടക്കൻ വമ്പന്മാർ ഓരോന്നായി കടപുഴകി വീണു. കിരീടം നേടിയ ശേഷമുള്ള ആഘോഷങ്ങൾ വന്യമായി.ജനങ്ങൾ തെരുവിൽ പാർട്ടിയിൽ മുഴുകി.നേപ്പിൾസിലെ കാർണിവൽ ഒരാഴ്ച നീണ്ടു. ലോകം കീഴ്മേൽ മറിഞ്ഞ ദിനങ്ങൾ. ആരാധകർ യൂവന്റൂസിന്റേയും മിലാന്റേയും പ്രതീകാത്മക ശവസംസ്‌കാരം നടത്തി.

May 1987--The other Italy is defeated. A new empire is born.

ഡിയഗോയുടെ ചുവർചിത്രങ്ങൾ നഗരത്തിൽ നിറഞ്ഞു. നവജാതർക്ക് അയാളുടെ പേരിട്ടു,  അയാൾ ആരാധനാ ബിംബമായി. അയാളും ഇറ്റാലിയുടെ ഗ്ളൊഡാർനോയും ബ്രസീലിന്റെ കരേക്കയും ചേർന്ന മുൻനിര നാപ്പോളിയുടെ അശ്വമേധം തുടർന്നു. രണ്ടു വർഷത്തിനു ശേഷം വീണ്ടും ലീഗ് കിരീടം, യൂറോപ്യൻ ചാംപ്യൻഷിപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ്- ഡിയഗോയുടെ രാശി പതിഞ്ഞ നാപ്പോളി നേടാൻ  ഒന്നും ബാക്കിയുണ്ടായില്ല. എല്ലാത്തിനും ഉപരിയായി അയാൾ അവർക്ക് അഭിമാനം നേടിക്കൊടുത്തു. അതുവഴി ബഹുമാനിതനായി.

ഇരുൾ:

ഒരു ഭാഗത്ത് ഡിയഗോ ഫുട്‌ബോൾ വിജയലഹരി നുകരുമ്പോൾ എതിർ ദ്വന്ദം മറഡോണ മറ്റു ലഹരികൾ തേടി. വാരാന്ത്യ ഉന്മാദത്തിൽ മറഡോണ മയക്കുമരുന്നിലും രതിയിലും മുങ്ങി. ഞായറാഴ്ച വെളുക്കുവോളം നീളുന്ന ആഘോഷം കഴിഞ്ഞ്, മൂന്നു ദിവസത്തെ കഠിനപരിശീലനം നടത്തിയാണ് അയാൾ അടുത്ത വാരാന്ത്യത്തിലെ ലീഗ് മൽസരത്തിന് തയ്യാറെടുക്കുന്നത്. കഠിനം, പക്ഷേ നിയന്ത്രണ വിധേയം. മെല്ലെ നിയന്ത്രണം വിടാൻ തുടങ്ങി. അന്ന് ഇറ്റാലിയൻ ലീഗിൽ കർശനമായ ഡോപ് ടെസ്റ്റിംഗ് ഇല്ല. ശരീരത്തിൽ ഡ്രഗ്ഗിന്റെ അംശം നിലനിർത്തിയാണ് മറഡോണ കളിച്ചത്. അയാളെ നിയന്ത്രിക്കാൻ ആരുമില്ലായിരുന്നു- സംഘടനയോ, സുഹൃത്തുക്കളോ ആരും. ദുരുപയോഗിച്ചവർ നിരവധി. കൗമാരത്തിലെ സുഹൃത്ത് ക്ളോഡിയയെ ഡിയഗോ ഇതിനകം വിവാഹം ചെയ്തു. രണ്ടു പെൺകുട്ടികൾ ജനിച്ചു, ബ്വീനസാരിസിൽ കുടുംബത്തോടൊപ്പം ദിനരാത്രങ്ങൾ ആസ്വദിക്കുന്ന ഡിയഗോ നേപ്പിൾസിൽ ആരും ഭരിക്കുന്നത് ഇഷ്ടമല്ലാത്ത മറഡോണയാകുന്നു.

The poster boy of Naples is free to do anything: drug, booze, sex--he did them all.

He was the reigning prince of the city.

1990 ലോകകപ്പ്:

ആതിഥേയരായ ഇറ്റലി സെമിഫൈനലിൽ മറഡോണയുടെ അർജന്റീയുമായി മുഖാമുഖം. അങ്കം നാപ്പോളിയുടെ തട്ടകമായ സാൻ പൗലോ സ്റ്റേഡിയത്തിൽ. മുസ്സോലിനിക്കു ശേഷം ഇതാദ്യമായി ഇറ്റലിയിൽ ദേശീയവികാരം പ്രബലം. വടക്കും തെക്കും ഫുട്‌ബോളിനു പിന്നിൽ ഒരുമിച്ചു, തടസ്സമായി നിൽക്കുന്നത് അർജന്റീന. തന്റെ സ്വന്തം കാണികൾ കൂടെ നിൽക്കുമെന്ന മറഡോണയുടെ വിചാരം തെറ്റി, കാണികൾ ഇറ്റലിക്ക് കീഴിൽ. രണ്ടര മണിക്കൂറിനു ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഇറ്റലി  പുറത്തു പോയി. കാണികളിൽ ഒരു ഭാഗം മറഡോണയുടെ നേരെ തിരിഞ്ഞു. ഭ്രാന്താണ്, കളിഭ്രാന്ത്! ഇറ്റലിയെ കടത്തി വിടാൻ മറഡോണയ്ക്ക് അർജന്റീനയെ തോൽപിക്കാൻ പറ്റുമോ? അയാൾ എവിടെ കളിച്ചാലും ജയിക്കാനാണ് കളിക്കുന്നത്. അതാണ് പ്രധാന കർത്തവ്യം. പക്ഷേ ഇന്നലത്തെ മഴയിൽ മുളച്ച ഇറ്റാലിയൻ ദേശീയത മറഡോണയെ വില്ലനായി മുദ്രകുത്തി. റോമിൽ ജർമനിക്കെതിരെ ഫൈനലിന് ഇറങ്ങിയ അയാളെ ജനം കൂവി. ആന്ദ്രിയാസ് ബ്രെമ്ഹെ നേടിയ ഒരൊറ്റ ഗോളിന് അർജന്റീന തോറ്റു. മറഡോണയുടെ തോൽവി  ഇറ്റലി ആഘോഷിച്ചു, അയാളുടെ വീഴ്ച അവിടെ തുടങ്ങി, പൂർണമായും അയാളുടേതല്ലാത്ത കാരണത്താൽ. പത്രങ്ങളിൽ വെണ്ടയ്ക്ക നിരന്നു.

Maradona is the devil!

The obnoxious one!

Most hated person in Italy!

ബാലിശമെന്ന് തോന്നാം. ആരോ വ്യക്തിവിരോധം തീർക്കാൻ ഈ അവസരം ഉപയോഗിച്ച പോലെ. ലീഗിൽ തങ്ങളുടെ മേധാവിത്വം തകർത്ത ഡിയഗോവിനെ വടക്കൻ ഇറ്റലി ദേശീയതിൽ പൊതിഞ്ഞ് ആക്രമിച്ചതാകാം. എന്തായാലും മറഡോണയ്ക്ക് തെക്കൻ ഇറ്റലിയിൽ ലഭിച്ച സംരക്ഷണം അതോടെ തീർന്നു. ഡോപ് ടെസ്റ്റിംഗ് വ്യാപകമായി. ജീവിതശൈലി വിമർശന വിധേയമായി. ലഹരിയിലേക്ക് മറഡോണ ആഴ്ന്നിറങ്ങി. ഡ്രഗ് കാർട്ടലുമായും വേശ്യകളുമായും ബന്ധമുണ്ട് എന്നാരോപണം വന്നു. ഫോൺ കോൾ പപ്പരാറ്റ്സികൾ ചോർത്തി. തന്റെ കുഞ്ഞിന്റെ അച്ഛനാണ് മറഡോണ എന്നൊരു നാപ്പോളി യുവതി അവകാശപ്പെട്ടു. തനിക്ക് പലരുമായും ബന്ധമുണ്ട് പക്ഷേ അവരിൽ കുട്ടികൾ ഇല്ലെന്ന് അയാൾ തിരിച്ചടിച്ചു. കോടതി വിചാരണ, സാമ്പത്തിക ആരോപണങ്ങൾ നികുതി വേട്ട, ഡോപ് ടെസ്റ്റിലെ പരാജയം. മറഡോണയുടെ പ്രതിച്ഛായ അതിവേഗം തകർന്നു, പരിശീലനം മുടങ്ങി, ശരീരഭാരം കൂടി. 1991-ൽ അയാളെ ഇറ്റാലിയൻ ലീഗ് അധികാരികൾ ആറു മാസത്തേക്ക് വിലക്കി, പിന്നാലെ വൻ തുക പിഴ. രാജകുമാരനായി നാപ്പോളിയിൽ വന്നിറങ്ങിയ അയാൾ ഒരു രാത്രിയിൽ ആരുമറിയാതെ നഗരം വിട്ടു.

I don't know what to do about it.

My soul is shaken.

രണ്ടാഴ്ചക്കു ശേഷം ഹോം ടൗണായ ബ്വീനസാരിസിലെ ഒരു അപാർട്മെന്റിൽ, ഒന്നര കിലോ കൊക്കെയ്നുമായി രണ്ടു സുഹൃത്തുക്കളോടൊപ്പം മറഡോണ പിടിയിലായി. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിലക്ക്. അതയാളുടെ ജീവനെടുക്കാൻ തുടങ്ങി. ഫുട്‌ബോൾ ഇല്ലാതെ അയാൾ ഒന്നുമല്ല. പന്തിനെ മെരുക്കിയാണ് അയാൾ വേദന മറക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടത് നിഷേധിക്കപ്പെടുമ്പോൾ ലഹരി അയാളെ അഗാധത്തിലേക്ക് വലിച്ചു താഴ്ത്തും.

കഥ തീർന്നില്ല. 1994 ലോകകപ്പിൽ തിരിച്ചു വന്ന മറഡോണ ഗ്രീസിന്റെ വലയിൽ പന്തടിച്ചു കയറ്റി ക്യാമറയിലേക്ക് ഓടിയടുത്ത് വന്യമായി അലറി. മുറിവേറ്റ സിംഹത്തിന്റെ മടങ്ങി വരിന് പക്ഷേ ആയുസ്സ് കുറവായിരുന്നു. രണ്ടാം റൗണ്ട് മൽസരത്തിനു മുമ്പ് ഡോപ് ടെസ്റ്റിൽ കുടുങ്ങിയ അയാളെ ഫിഫ പുറത്താക്കി. കളി തോറ്റ് അർജന്റീനയും പുറത്തു പോയി. ലഹരിയെ കയ്യൊഴിനാകാതെ മൂന്നു വർഷം കഴിഞ്ഞ് മറഡോണ ബൂട്ടഴിച്ചു. പുൽമൈതാനങ്ങളെ ത്രസിപ്പിച്ച മഹാപ്രതിഭയുടെ നിഴൽ മാത്രമായിരുന്നു അവശേഷിച്ചത്. 2005-ൽ ശരീരഭാരം മൂലം നടക്കാൻ പോലും ബുദ്ധിമുട്ടുന്ന മറഡോണ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുത്തു. ലഹരിയിൽ നിന്ന് മോചനം നേടാൻ ചികിത്സ നടക്കുന്നു, പ്രസന്നനായി തുടങ്ങിയ അയാൾ മെല്ലെ കണ്ണീരണിഞ്ഞു.

I can't come back.

I am losing this knockout.

ഇനിയൊരു തിരിച്ചു വരവില്ല.  പ്രതീക്ഷകൾ നിരർത്ഥകമാണ്. അയാൾ മറ്റൊരാളായി മാറിയിരുന്നു. പ്രശസ്തനായതിന് മറഡോണ കനത്ത വില കൊടുത്തു, ലോകത്തെ ആനന്ദിപ്പിച്ച അയാളുടെ കളിയും ജീവിതവും തേഞ്ഞു തീർന്നു. ഒരേസമയം ഐതിഹാസികവും  ദുരന്തസമാനവുമായ രാപകലുകൾ.

Maradona the footballer was finished. All that remained was the myth.

 നാലു വർഷം മുമ്പ് നാപ്പോളിയിലെ യുവതിയേയും മകനേയും ഡിയഗോ തന്റേതായി സ്വീകരിച്ചു. വർഷങ്ങളോളം ആ സത്യം നിഷേധിച്ചിരുന്നു. ഡിയഗോ മറഡോണ ജൂനിയർ  ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഡിയഗോയുടെ ദുരന്ത നാടകത്തിന് കഴിഞ്ഞ വർഷം പൂർണവിരാമം. ലോകം അയാളെ ഓർത്ത് വിലപിച്ചു.  പന്തിനു പിന്നാലെയുള്ള നടനത്തെ അനുസ്മരിച്ചു, കളിയുടെ രാഷ്ട്രീയ- സാമൂഹ്യ മാനങ്ങൾ ചർച്ച ചെയ്തു. 

നാപ്പോളിയിലാണ് മറഡോണ പൂർണമികവിനെ തൊട്ടത്. ഇറ്റലിയായിരുന്നു അയാളുടെ ഉരകല്ല്. സ്വദേശത്ത് നിന്നകലെ മെഡിറ്ററേനിയൻ തീരത്ത് പഴയൊരു നഗരരാഷ്ട്രത്തിനു വേണ്ടി പന്തുതട്ടിയ മറഡോണ അവരുടെ ചരിത്രത്തിലെ വീരനായകരുടെ നിരയിലേക്ക് നടന്നു കയറി. ദേശവാസികൾക്ക് അർജന്റീനിയൻ ലാറ്റിനോ മറ്റാരേക്കാളും ആരാധ്യനാണ്. അയാളെ വരച്ചു വച്ച ചുവർചിത്രങ്ങൾ തെരുവുകളിൽ നിന്ന് മാഞ്ഞതേയില്ല. ആരാധകർ ഇപ്പോഴും മെഴുകുതിരി കത്തിക്കുന്നു, മരണം ഡിയഗോയെ പുതിയ തലമുറയ്ക്കു വേണ്ടി അടയാളപ്പെടുത്തി.

വീരേതിഹാസങ്ങൾ പലതു പിറന്ന നാപ്പോളിയുടെ ഹോം സ്റ്റേഡിയം പേര് മാറി. വിശുദ്ധ പൗലോസ് ഡിയഗോ മറഡോണയ്ക്ക് മാറിക്കൊടുത്തു. ക്രൈസ്തവ സഭ ഡിയഗോ മറഡോണയെ ഒരിക്കലും വിശുദ്ധനായി പ്രഖ്യാപിക്കില്ല, പക്ഷേ തെക്കൻ ഇറ്റലിയുടെ മനസ്സിൽ അയാളെന്നും അർധ ദൈവമായിരിക്കും. കഥാന്ത്യത്തിൽ അയാൾ നാപ്പോളിയിൽ ശാന്തി നേടി.

~ഡിബിൻ റോസ് ജേക്കബ്