ടേക്ക് എ ബ്രേക്ക്: തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഇനി ബ്രേക്ക് എടുക്കാന്‍ പറയും ഇന്‍സ്റ്റഗ്രാം

By: 600007 On: Dec 8, 2021, 6:28 AM

 

 

കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സോഷ്യല്‍മീഡിയ ഉപയോഗത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ പ്രധാനം ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗമാണ്. ഇപ്പോഴിതാ യൂസേഴ്‌സ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. 'ടേക്ക് എ ബ്രേക്ക്' ടൂളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുന്നവരെ കുറച്ച് നേരം ഇടവേളയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു നിശ്ചിത സമയം ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചുകഴിഞ്ഞാല്‍ കുറച്ച് നേരത്തേക്ക് മറ്റെന്തെങ്കിലും ചെയ്യാന്‍ ആപ്പ് ഉപയോക്താവിനോട് നിര്‍ദേശിക്കും. ഉപയോക്താക്കള്‍ക്ക് സെറ്റിംഗ്‌സില്‍ ഈ ഫീച്ചര്‍ ഓണാക്കി 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് എന്നിങ്ങനെ മൂന്ന് സമയപരിധികളില്‍ ഫീച്ചര്‍ സെറ്റ് ചെയ്യാം. തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന സമയപരിധി അനുസരിച്ച് ഉപയോഗത്തിനിടയ്ക്ക് ഫുള്‍സ്‌ക്രീന്‍ അലര്‍ട്ട് ലഭിക്കും. ദീര്‍ഘമായി ശ്വാസം എടുക്കാനോ, എന്തെങ്കിലും എഴുതാനോ, ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ, പാട്ട് കേള്‍ക്കാനോ തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കും.

സെപ്തംബറില്‍ പ്രഖ്യാപിച്ച ഫീച്ചര്‍, ആദ്യ ഘട്ടത്തില്‍ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ലഭ്യമാകുക. ഫീച്ചര്‍ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും 2022ല്‍ അതിന്റെ പ്രവര്‍ത്തം വിപുലീകരിക്കുമെന്നും ഇന്‍സ്റ്റഗ്രാമിന്റെ സുരക്ഷ, ക്ഷേമ വിഭാഗം മേധാവി വൈഷ്ണവി ജെ.പറഞ്ഞു.