അറൈവ്കാന്‍ ആപ്പ് ഉപയോഗിക്കാന്‍ മറന്നുപോയാല്‍ ഇനി അതിര്‍ത്തിയില്‍ വിവരങ്ങള്‍ നല്‍കാം

By: 600007 On: Dec 7, 2021, 3:32 AM

 

ഗവണ്‍മെന്റിന്റെ ArriveCan ആപ്പ് ആക്സസ് ചെയ്യാന്‍ കഴിയാത്തവര്‍ക്കോ, പൂരിപ്പിക്കാന്‍ മറന്നവരോ ആയ യാത്രക്കാര്‍ക്ക് അവരുടെ യാത്രാ വിശദാംശങ്ങള്‍ ഇനി അതിര്‍ത്തിയില്‍ നല്‍കാം. ഇതിനായി അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ  നിയമിക്കുമെന്ന് കാനഡ പൊതുസുരക്ഷാ മന്ത്രി അറിയിച്ചു. 

കാനഡയിലേക്ക് കടക്കുന്നതിന് ആപ്പില്‍ ചെക്ക് ഇന്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. യാത്രയുടെ ഉദ്ദേശം, സമ്പര്‍ക്ക വിവരങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍, പ്രീ-ട്രാവല്‍ കോവിഡ് പരിശോധനാ ഫലങ്ങള്‍, കാനഡയില്‍ എത്തിക്കഴിഞ്ഞാല്‍ അവരുടെ ക്വാറന്റൈന്‍ പ്ലാന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ആപ്പില്‍ ശേഖരിക്കുന്നത്. 

വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്ന വിദേശ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് വരുന്നതില്‍ വിലക്കുണ്ട്. കാനഡ സ്വദേശികളും സ്ഥിര താമസക്കാരും പ്രവേശന അവകാശമുള്ള മറ്റുള്ളവരും തങ്ങളുടെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ രണ്ടാഴ്ചത്തെ ക്വാറന്റൈന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നൂറുകണക്കിന് പരാതികളാണ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിച്ചത്. അറൈവ്കാന്‍ ആപ്പ് തകരാറിലാവുക, പല മുതിര്‍ന്നവര്‍ക്കും സ്മാര്‍ട്ട് ഫോണുകളില്ലാത്തത്, ഡാറ്റ പ്ലാനുകളുടെ അഭാവം തുടങ്ങി പല കാരണങ്ങളാല്‍ അറൈവ്കാന്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് പല പരാതികളും. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ നേരിട്ട് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് യാത്രക്കാര്‍ക്ക് അവസരമൊരുക്കുന്നത്.