മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് രോഗികളുടെ എണ്ണം 23 ആയി

By: 600007 On: Dec 6, 2021, 4:59 PM


മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 23 ആയി. 

അതേസമയം ഗുജറാത്തില്‍ ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാ സഹോദരനും കോവിഡ് പോസിറ്റിവ് ആയി. ഇവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചു. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സിംബാബ്‌വെയില്‍ നിന്നു മടങ്ങിയെത്തിയ 72 കാരനാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യ ഇദ്ദേഹത്തോടൊപ്പം സിംബാബ്‌വെയില്‍ നിന്നു വന്നതാണ്. സഹോദരന്‍ ജാംനഗറില്‍ സ്ഥിരതാമസക്കാരനും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇവരുടെ വീടിരിക്കുന്ന പ്രദേശം മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

Content highlights: Two more omicron cases detected maharashtra