ഇന്നലെ ഇന്ന്
ഇടത്തിട്ട ആർ.രാജേന്ദൻ ഉണ്ണിത്താൻ.
ഭാഗം - 3
സെക്കണ്ടറി വിദ്യാഭ്യാസ കാലഘട്ടം ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ പ്രധാന കാലമാണല്ലോ...? ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ട കാലം. എന്നാൽ ഇന്നലെകളിൽ സെക്കണ്ടറി കാലഘട്ടത്തിലെ വിദ്യാഭ്യാസം അത്ര ഗുണമേന്മയുള്ളതൊന്നും ആയിരുന്നില്ല. അധ്യാപകന്റെ ആത്മാർഥതയെ അടിസ്ഥാനമാക്കി മാത്രം ലഭിക്കുന്ന ഒന്നാണല്ലോ അന്നും ഇന്നും വിദ്യാഭ്യാസ ഗുണമേന്മ.വിദ്യാഭ്യാസ അവകാശ നിയമവും ബാലാവകാശ നിയമവും ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പുതിയതായി ക്ലാസ് കയറ്റം കിട്ടി വരുന്നവരുടെ എണ്ണത്തിനു തുല്യം ഒന്നും രണ്ടും മൂന്നും വർഷം തോറ്റു കിടക്കുന്നവരും ഉണ്ടാകും. ക്ലാസ്സിലെ പിൻ ബഞ്ചുകൾ കൈയ്യേറി വർഷങ്ങളായി അവകാശം സ്ഥാപിച്ചിരിക്കുന്ന അവരായിരുന്നു നവാഗതരുടെ മാർഗ്ഗദർശികൾ.
സ്കൂളിലെ ചിട്ടവട്ടങ്ങളും ഒരോ അധ്യാപകരുടെയും അധ്യാപികമാരുടേയും സ്വഭാവ സവിശേഷതകളും തലമുറ കൈമാറി വന്ന ഇരട്ടപ്പേരുകളും പറഞ്ഞു തന്നിരുന്നത് അവരായിരുന്നു. പഠനത്തിൽ പിന്നിലായിരുന്നെങ്കിലും അധ്യാപകരുടെരൂപഭാവങ്ങൾക്കും സ്വഭാവത്തിനും അനുയോജ്യമായ കുറ്റപ്പേര് ഇടുന്നതിൽ അവർ അഗ്രഗണ്യരായിരുന്നു. കുഞ്ഞിക്കൂനൻ, ജഡായു, കരടി, നാദസ്വരം, ഞൊക്കൻ, ഭദ്രകാളിതുടങ്ങി ഒട്ടുമിക്ക അധ്യാപകരുടേയും ഇരട്ടപ്പേർ മാത്രമേ അക്കാലത്ത് ബഹുഭൂരിപക്ഷം കുട്ടികൾക്കും അറിയുമായിരുന്നുള്ളു. അടുത്ത പീരിയഡിൽ ഏതു സാറാണെന്നോ, ഏതെങ്കിലും ഒരു വിഷയം പഠിപ്പിക്കുന്നത് ഏതു സാറാണെന്നോ ക്ലാസ് ടീച്ചർ ആരാണെന്നോ അധ്യാപകർ ചോദിച്ചാൽ കുട്ടികൾ കുഴങ്ങിയതു തന്നെ.
കലാലയരാഷ്ട്രീയത്തിന്റെ അതിപ്രസരമുള്ള ഒരു കാലഘട്ടമായിരുന്നു അത്. പ്രബലമായ രണ്ട് വിദ്യാർഥി സംഘടനകളെ അന്നുണ്ടായിരുന്നുള്ളു. ഒട്ടുമിക്ക എല്ലാ കുട്ടികളും ഈ രണ്ട് വിദ്യാർഥി പ്രസ്ഥാനങ്ങളിൽ ഒന്നിൽ ഒളിഞ്ഞോ തെളിഞ്ഞോ അംഗങ്ങളായിരിക്കും. സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യമാസത്തിൻ തന്നെ യൂണിറ്റ് ഉത്ഘാടനം നടക്കും. സ്കൂൾ പരിസരത്തുള്ള ഒരു യുവ നേതാവിന്റെ അധ്യക്ഷതയിൽ ഉച്ച ഇടവേളയിലാണ് ആ ചടങ്ങ് നിർവ്വഹിക്കപ്പെട്ടിരുന്നത്. അടുത്ത പരിപാടി സ്കൂളിനു മുന്നിൽ കൊടിമരം നാട്ടലാണ്. അത്യുത്സാഹത്തോടും ആവേശത്തോടും കൂടിയാണ് ഈ പരിപാടി നടന്നിരുന്നത്. അതിനു ശേഷം എല്ലാ കുട്ടികളും അക്ഷമരായി കാത്തിരിക്കുന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വരികയായി. കണ്ടും കേട്ടും പരിചയിച്ച അസംബ്ലി തെരഞ്ഞെടുപ്പിന്റെ അതേ മാതൃകയിൽ ശക്തിയും വീര്യവും ഒട്ടും ചോർന്നുപോകാത്ത തെരഞ്ഞെടുപ്പ്. നാമനിർദ്ദേശപത്രിക സമർപ്പണം കഴിഞ്ഞാൽ ഇടവേളകളിൽ വോട്ടു ചോദിച്ചു തുടങ്ങുകയായി. നെല്ലിക്ക, ഗുണ്ടു മിഠായി, ഐസ്, ഹോം വർക്ക് കാണിച്ചു കൊടുക്കൽ തുടങ്ങിയ പ്രലോഭനങ്ങളുമായി വോട്ടറെ സ്വാധീനിക്കാനുള്ള എളിയ ശ്രമങ്ങളും അന്ന് നടന്നിരുന്നു. വോട്ടെടുപ്പ് ദിവസം പ്രിസൈഡിംഗ് ആഫീസറായ ക്ലാസ്സ് ടീച്ചറുടെ നിയന്ത്രണത്തിൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കുന്നു. എല്ലാകുട്ടികളും വോട്ടു രേഖപ്പെടുത്തിയ ശേഷം ടീച്ചർ സ്ഥാനാർഥികളെ അടുത്തു വിളിച്ച് ഓരോരുത്തർക്കും ലഭിച്ച വോട്ട് എണ്ണി ബോധ്യപ്പെടുത്തുന്നു. വിജയ പരാജയങ്ങളുടെ സംഘർഷം സ്ഥാനാർഥികളുടെ മുഖത്ത് മിന്നിമറയുന്നു. തുടർന്ന് ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയെ ഹർഷാരവങ്ങളോടെ അനുമോദിക്കുന്നു. പരാജിതർ ചുവന്ന കണ്ണും വിളറിയ മുഖവുമായി അവരവരുടെ സ്ഥാനത്ത് അസ്തപ്രജ്ഞരായി ചെന്നിരിക്കുന്നു. ആരെയെങ്കിലും ഒന്നു നോക്കുവാനോ ചിരിക്കുവാനോ കഴിയാതെ അധൈര്യരായി വിറങ്ങലിച്ചിരിക്കുമ്പോൾ മനസ്സിൽ വോട്ടു ചെയ്തവരേയും ചെയ്യാത്തവരേയും കൂട്ടിക്കിഴിച്ചു നോക്കും. ഫലപ്രഖ്യാപനത്തിനു ശേഷം സ്കൂൾവിടും. വീണ്ടും അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കും.
ഇന്ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരു ചടങ്ങു മാത്രമായി മാറിയിരിക്കുന്നു. വിജയത്തിന്റെ മധുരവും പരാജയത്തിന്റെ കയ്പും അനുഭവിച്ചറിയുവാനുള്ള ആ സൗഭാഗ്യനാളുകളുടെ നനുത്ത ഓർമ്മകൾ മനസ്സിലിന്നും നിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞു പോയ ആ കാലത്ത് ഒരു വിദ്യാർഥിയെ സ്കൂളുമായി പ്രഗാഢമായി ബന്ധിപ്പിച്ചിരുന്ന മറ്റൊരു ആഘോഷമായിരുന്നു ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള സേവനവാരം. ഒന്നും പഠിക്കേണ്ടാത്ത ഒരാഴ്ചക്കാലം. പാഠപുസ്തകവും ബുക്കും പൊതിച്ചോറും കറുത്ത റബ്ബർ ബാന്റ് കൊണ്ടു കെട്ടി മാറത്തോ തോളത്തോ വെച്ച് സ്കൂളിലേക്ക് പോകുന്നതിനു പകരം കൈലിയുടുത്ത് തോർത്ത് തലയിൽ കെട്ടി തുമ്പ കൂന്താലി മാന്തി വെട്ടുകത്തി ചൂല് എന്നീ ഉപകരണങ്ങളും കൈയ്യിലേന്തിക്കൊണ്ടുള്ള രസകരമായ സ്കൂൾ യാത്ര. സ്കൂൾ പരിസരത്തുള്ള കാട് വെട്ടി തെളിക്കുക, മുറ്റം ചെത്തി വാരുക, ക്ലാസ്സ് മുറികൾ തൂത്തുവാരി ശുചിത്വമുള്ളതാക്കുക, സ്കൂളിലേക്കുള്ള വഴികൾ വൃത്തിയാക്കുക, കളിസ്ഥലം വിപുലീകരിക്കുക തുടങ്ങിയ ജോലികളായിരുന്നു സേവന വാരത്തിൽ ചെയ്യേണ്ടിയിരുന്നത്. കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നും ശേഖരിക്കുന്ന അരി, പയർ, മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ്, നാളികേരം, എന്നിവ കൊണ്ട് പുഴുക്കും കഞ്ഞിയും പായസ്സവും ഉണ്ടാക്കി എല്ലാവരും ഒന്നിച്ചിരുന്ന് ഉച്ചയ്ക്ക് കഴിക്കുകയും ചെയ്തിരുന്നു.
അധ്യാപകരിൽ ചിലർ ഈ അവസരത്തെ കൂട്ടം കൂടിയിരുന്ന് ചീട്ടു കളിക്കാനും ഒളിച്ചും പാത്തും മദ്യപാനത്തിത്തിനും ഉപയോഗിച്ചിരുന്നു. കുട്ടികളിൽ ചിലർ ബന്ധുവീടുകളിൽ വിരുന്നു പോകാനും സ്കൂളിൽ വന്നാൽ തന്നെ പാത്തും പതുങ്ങിയും കളികളിൽ ഏർപ്പെടാനും ഉപയോഗിച്ചിരുന്നു. എന്നാൽ ആത്മാർഥതയുള്ള അധ്യാപകർ കുട്ടികളോടൊപ്പം തോളോടു തോൾ ചേർന്ന് ഓരോ ജോലികളിൽ വ്യാപൃതരാകുകയും ചിരിച്ചും കളി പറഞ്ഞും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇന്ന് അത്തരമൊരു സേവനത്തിന് കുട്ടികൾ തയ്യാറാകുമോ ? രക്ഷിതാക്കൾ അനുവദിക്കുമോ ? അഥവാ അനുവദിച്ചാൽ തന്നെ അവർ സ്കൂളിൽ തന്നെയാകുമോ എത്തുക? സ്ക്കൂൾ യൂത്ത് ഫെസ്റ്റിവൽ മറക്കാനാവാത്ത മറ്റൊരനുഭവമാണ്. തിരുവാതിര, ഒപ്പന, പ്രസംഗം, നാടകം, മോണോ ആകട് തുടങ്ങിയ കലാസാഹിത്യരചനാ മത്സരങ്ങളിൽ കഴിവുള്ളവരും ഇല്ലാത്തവരും ഒരു പോലെ പങ്കെടുക്കുന്നു. അന്നൊന്നും സമ്മാനങ്ങൾ ആരെയും മോഹിപ്പിച്ചിരുന്നില്ല. സ്റ്റേജിലൊന്നു കയറുക പറയാൻ വിചാരിച്ചിരുന്ന കാര്യങ്ങളും സംഭാഷണങ്ങളും സഭാകമ്പത്താൽപാതി മറന്നു പോയ അവസ്ഥയിൽ വിക്കി വിക്കി പറയുകവിളറി തളർന്ന് ജാള്യതയോടെ ഇറങ്ങിപ്പോകുക. ഇത്രയുമൊക്കയേ അന്നത്തെ ഒരു ശരാശരി വിദ്യാർഥിക്ക് കഴിയുമായിരുന്നുള്ളു. എന്നാൽ ഇന്ന് കഥ മാറി. സ്കൂൾ മുതലുള്ള കലോത്സവ വേദികൾ രക്ഷിതാക്കൾ തമ്മിലുള്ള തർക്കങ്ങളുടേയും വാഗ്വാദങ്ങളുടേയും മത്സര വേദികളായി മാറിയിരിക്കുന്നു. ആട്ടവും പാട്ടും അഭിനയവും വേദികൾ പിന്നിട്ട് തെരുവിലലഞ്ഞ് കോടതി വരാന്തയിൽ അനാഥമായി നിൽക്കുന്നദുസ്സഹമായ കാഴ്ചയും കേരള സമൂഹം ഇന്നു കാണുന്നു.
(തുടരും)
Innale_ Innu Rajendran Unnithan Part 3