Story Written by, Abraham George, Chicago.
ഖാദറിക്കാ മകൾ ഖദീജയോട് പറഞ്ഞു..,
"രാത്രി നടന്ന സംഭവങ്ങളൊന്നും പുറത്താരുമറിയണ്ട, എല്ലാത്തിനും പരിഹാരം കാണാം. നമുക്കൊരു ഡോക്ടറെ കാണണം. അബുവിൻ്റെ മനസ്സിലെ വിഭ്രാന്തിയാണ് ഇതിനെല്ലാം കാരണം. അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ, മോള് വിഷമിക്കയൊന്നും വേണ്ട, എല്ലാം ശരിയാകും."
പിറ്റേന്ന് തന്നെ ആരേയും അറിയിക്കാതെ അവർ സൈക്യാട്രിസ്റ്റ് രാജശേഖരനെ പോയികണ്ടു. ഡോക്ടർ എല്ലാ കാര്യങ്ങളും വിശദമായി അവരോട് ചോദിച്ചറിഞ്ഞു. അതിനു ശേഷം ഡോക്ടർ പറഞ്ഞു അബുവിനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്, അതുകൊണ്ട് അബു ഒഴികെ മറ്റുള്ളവരോട് പുറത്തേക്ക് പോകാൻ പറഞ്ഞു. " ഡോക്ടർ അബുവിനോട് പറഞ്ഞു..,
"വത്സല നിങ്ങളുടെ ജീവിതത്തിലെ പ്രധാന കഥാപാത്രമാണ്. അവർ നിങ്ങളുടെ ഉപബോധമനസ്സിൽ നിറഞ്ഞ് കിടപ്പുണ്ട്. അതാണ് മാറ്റിയെടുക്കേണ്ടത്. അതിന് അബുകൂടി സഹകരിച്ചാലെ കാര്യങ്ങൾ നടക്കുകയുള്ളു. ഒരാളുടെ ബോധമനസ്സ് ഏകദേശം 10% ഉണ്ടെങ്കിൽ 90% ഉപബോധമനസ്സാണ് നമുക്ക് ഉള്ളത്. ഉണർന്നിരിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്നതാണ് ബോധമനസ്സെങ്കിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഉപബോധമനസ്സ്. ഹിപ്പ്നോട്ടൈസ് ചെയ്താൽ എത്ര പഴക്കമുള്ള ഓർമ്മകളും ഓർത്തെടുക്കാൻ കഴിയുന്നതും ഉപബോധമനസ്സിനാണ്. നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ യഥാർത്ഥത്തിൽ ഉപബോധമനസ്സിനോടാണ് പ്രാർത്ഥിക്കുന്നത്. അതു തന്നെയാണ് യഥാർത്ഥ ദൈവം. പ്രാർത്ഥന ഒരു കല്ലിനോടായാലും വിശ്വസിച്ചാൽ നമുക്കത് ഗുണം ചെയ്യും. കാരണം പുറത്ത് നിൽക്കുന്ന ഒന്നിനോടല്ല പ്രാർത്ഥന, നമ്മളിൽ നിലനിൽക്കുന്ന ഉപബോധമനസ്സിനോടു തന്നെയാണ് പ്രാർത്ഥന. പല പ്രാവശ്യം പ്രാർത്ഥിക്കുമ്പോൾ ഉപബോധമനസ്സ്, നമ്മൾ എന്താണോ പ്രാർത്ഥിക്കുന്നത് അത് ചെയ്യാനുള്ള ഉത്തേജനം നമുക്ക് നൽകും. ഞാനിത് എന്താണ് അബുവിനോട് പറയുന്നതെന്നു വെച്ചാൽ, അബുവിൻ്റെ ബോധമനസ്സിനറിയാം വത്സല മരിച്ചുപോയെന്ന്, ഉപബോധമനസ്സ് അത് ഏറ്റെടുത്തിട്ടില്ല. എന്നുവെച്ചാൽ നിങ്ങളുടെ ഉപബോധമനസ്സ് അതംഗീകരിച്ചിട്ടില്ല."
അബുയെല്ലാം കേട്ടിരുന്നു. ഡോക്ടർ തുടർന്നു "അബു വിവരമുള്ളവനും മറുനാട്ടിൽ ഒരു സ്ഥാപനം മാനേജ് ചെയ്യുന്നയാളുമാണ്. അതു കൊണ്ടാണ് വിശദീകരിച്ച് പറയണത്. കാര്യങ്ങൾ മനസ്സിലാക്കാനാവാത്തവരോട് തുറന്ന് പറഞ്ഞിട്ടും ഒരുകാര്യവുമില്ല. അവർക്കുവേണ്ടി എന്തെങ്കിലും ചെപ്പടിവിദ്യകൾ ചെയ്യേണ്ടിവരും. ഏലസ്സ് കെട്ടുക, കയ്യിൽ ചരടുകെട്ടുക, അതേ പോലുള്ള മറ്റു വിദ്യകൾ ചെയ്യുക, ഇതൊക്കെ ഉപബോധമനസ്സിനെ ചൊൽപ്പടിയിൽ നിർത്താൻ ചെയ്യുന്ന ജാലവിദ്യകളാണ്. ഒരു ഡോക്ടറിന് കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുതരനേ പറ്റൂ."
അബു മൗനിയായിരിന്നു, എന്നാൽ എല്ലാം അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. ഡോക്ടർ തുടർന്നു. "ഒരോ മതസ്ഥരും അവരവരുടെ ദൈവങ്ങളെ മുറുകെപ്പിടിക്കുന്നതെന്താണെന്ന് അറിയോ? കുട്ടിക്കാലം മുതലെ അവർ കേട്ടു വളർന്നത് ഉപബോധമനസ്സ് തറപ്പിച്ചുവെച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് സ്വന്തം ദൈവത്തിന് കോട്ടം വരുന്നതെന്തെങ്കിലും സംഭവിച്ചാൽ രക്തം തിളക്കുന്നത്. ആ ദൈവത്തെ ഉപബോധമനസ്സ് അടിയറയിട്ട് ഉറപ്പിച്ചു വെച്ചുകഴിഞ്ഞു. ബോധമനസ്സിൽ നിരീശ്വരത്വം പ്രസംഗിക്കുന്നവർ പോലും ചില അവസരങ്ങളിൽ ദൈവവിശ്വാസത്തിലേക്ക് വരുന്നത് കാണാം. സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരുന്നവർ അജ്ഞാതമായ പലതുമുണ്ടന്ന് പറഞ്ഞിട്ടുണ്ട്, അവരാണ് സമൂഹത്തിനെ ഏറ്റവും കൂടുതൽ പടുകുഴിയിൽ വീഴ്ത്തുന്നത്. ദൈവവിശ്വാസത്തിൽ വളർന്നവർ തികഞ്ഞ നിരീശ്വരവാദിയാകുന്നതും കാണാം, അത് അവരുടെ മനസ്സിൻ്റെ മാറ്റമാണ്. നമ്മളുടെ മനസ്സ് ഉറച്ചതാണങ്കിൽ ഉപബോധമനസ്സുപോലും സത്യം അംഗീകരിച്ച് തരും. അതുകൊണ്ട് നമുക്ക് മാറ്റാൻ പറ്റാത്തതായി ഒന്നുമില്ല."
അബു തലയാട്ടിയെല്ലാം അംഗീകരിച്ചു. "ഇവിടെ വത്സല കുട്ടിക്കാലം മുതലെ അബുവിൻ്റെ ഉപബോധമനസ്സിൽ ഉറച്ചുപോയി. അവർ ഇന്നില്ലായെന്ന വിശ്വാസം മനസ്സിൽ ഊട്ടിയുറപ്പിക്കണം. എന്താ സാധിക്കില്ലേ? സാധിക്കും"
അബു പറഞ്ഞു, "വിവാഹത്തിനു മുമ്പുവരെ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന നിങ്ങൾക്ക് ഇപ്പോൾ എന്തുകൊണ്ട് പ്രശ്നം ഉദിക്കുന്നുവെന്ന് സ്വയം മനസ്സിനോട് ചോദിക്കണം."
"വിവാഹജീവിതമാണ് നിങ്ങൾക്കിവിടെ പ്രശ്നമായി വന്നിരിക്കുന്നത്. വത്സലയല്ല, ഖദീജയാണ് നിങ്ങളുടെ ഭാര്യയെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം. അത് അത്രപെട്ടന്ന് സാധിച്ചെന്ന് വരില്ല. സാവകാശം എല്ലാം ശരിയാകും, പക്ഷെ ഒരു കാര്യം ഞാൻ തീർത്ത് പറയാം, അങ്ങനെയൊരു ദൃഢതയിലേക്ക് മനസ്സ് കൊണ്ടുവന്നേ പറ്റൂ. ഞാൻ പറയുന്നത് അബുവിന് മനസ്സിലാവുന്നുണ്ടല്ലോ? നിങ്ങളെ ഞാൻ കുറച്ചു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയാണ്."
അബു പുറത്തേക്ക് പോയി, ഖദീജയോട് വരാൻ പറയൂ. ഡോക്ടർ ഖദീജയോടായി ചോദിച്ചു..,
"നിങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിവാഹം കഴിച്ചത് " അതെ, ഞാൻ ഇക്കക്കു വേണ്ടിയെന്തും സഹിക്കാൻ തയ്യാറാണ്, അവൾ പറഞ്ഞു. അബിയെ കുറച്ചു ദിവസത്തേക്ക് ഇവിടെ അഡ്മിറ്റ് ചെയ്യുന്നു, കൂടെ നിങ്ങളും നിൽക്കണം. എല്ലാവരും സഹകരിച്ചാൽ ശരിയാകുന്ന പ്രശ്നമേയുള്ളൂ. മാറ്റിയെടുക്കാനാവാത്ത ഒരു പ്രശ്നവും ഇല്ലായെന്ന് ഖദീജ ഉറച്ച് വിശ്വസിക്കണം."
"അബുക്കായുടെ അസുഖം മാറിക്കിട്ടിയാൽമതി, ഞാനെന്തും സഹിക്കാൻ തയ്യാറാണ്" ഖദീജ പറഞ്ഞു.
---------തുടരും---------