ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് 

By: 600007 On: Dec 4, 2021, 6:42 PM


ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലെത്തിയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടില്‍ നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് ഡോസും വാക്‌സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാം. ഇതിനായി സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാം. ആപ്ലിക്കേഷന്‍ തുറന്ന ശേഷം കോവിഡ് 19 വാക്‌സിന്‍ എന്ന ടാബ് ഓപ്പണ്‍ ചെയ്താല്‍ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ അറിയാനാകും. അതിന് താഴെയായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയാകാത്തവര്‍ക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും അറിയാനാകും. ഇന്ത്യയിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ രീതിയില്‍ സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാനാകുക.

രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാല്‍ തവക്കല്‍നായിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.


Content Highlights: saudi started to give covid vaccine booster dose for expats from india