കാനഡയിലെ മൃഗശാലകളിലെ മൃഗങ്ങളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നു

By: 600007 On: Dec 4, 2021, 6:31 PM

 

കാനഡയിലെ മൃഗശാലകളിലെ മൃഗങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ആറ് മൃഗശാലകളിലെ മൃഗങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൊവാറ്റിസ് ആണ് മൃഗങ്ങള്‍ക്കായുള്ള കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ചിട്ടുള്ളത്. കാനഡയിലേക്ക് 900 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ കയറ്റുമതി ചെയ്യുന്നത്. വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. കയറ്റുമതിക്ക് അന്തിമ അനുമതി ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. 

ന്യൂജേഴ്‌സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൊവാറ്റിസ്. വാക്‌സിന് അന്തിമാനുമതിയായിട്ടില്ലെങ്കിലും പരീക്ഷണാത്മക ഉപയോഗത്തിന് കനേഡിയന്‍ ഫുഡ് ഇന്‍സ്പെക്ഷന്‍ ഏജന്‍സിയുടെ കനേഡിയന്‍ സെന്റര്‍ ഫോര്‍ വെറ്ററിനറി ബയോളജിക്സ്  അംഗീകാരം നല്‍കിയിട്ടുണ്ട്. മൂന്നഴ്ചത്തെ ഇടവേളയിലാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കേണ്ടത്. 900 ഡോസ് ഉപയോഗിച്ച് 450 മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാമെന്ന് കമ്പനി അറിയിച്ചു.