ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

By: 600007 On: Dec 4, 2021, 5:24 PM

ചലച്ചിത്രനാടകഗാന മേഖലയിലെ അതുല്യ പ്രതിഭയായ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകങ്ങളില്‍ പാടിയിട്ടുണ്ട്. ചലച്ചിത്ര ഗാനങ്ങളിലും നാടക ഗാനങ്ങളിലും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളിലും തോപ്പില്‍ ആന്റോ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. എറണാകുളത്ത് നിരവധി ഗാനമേളകളില്‍ പാടിയ അദ്ദേഹം ഒട്ടേറെ ട്രൂപ്പുകളിലും പാടിയിട്ടുണ്ട്. മുഹമ്മദ് റാഫിയുടെ ഹിറ്റുകളായിരുന്നു തോപ്പില്‍ ആന്റോയുടെ പ്രിയപ്പെട്ട പാട്ടുകള്‍. 

1940 ല്‍ ജനിച്ച ആന്റോ കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. 1963ല്‍ ഫാദര്‍ ഡാമിയന്‍ എന്ന ചിത്രത്തിലേതായിരുന്നു ആദ്യ സിനിമാ ഗാനം. പിന്നീട് രാഷ്ട്രീയ നാടകങ്ങളില്‍ ഉള്‍പ്പെടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. 1956-57 കാലഘട്ടത്തില്‍ വിഷവൃക്ഷം എന്ന നാടകത്തിലൂടെ നാടക പിന്നണി ഗാനരംഗത്തേക്കെത്തി. 1982ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ ലളിതഗാന പുരസ്‌കാരം നേടി. ബേണി ഇഗ്‌നേഷ്യസിനൊപ്പം കലാപം എന്ന സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. എന്‍.എന്‍ പിള്ളയുടെ ആത്മബലി നാടകത്തിലെ കാട്ടരുവിയും കടലും എന്ന ഗാനം ഏറെ ശ്രദ്ധനേടി.

പതിനഞ്ചോളം സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഹണി ബീ 2 എന്ന ചിത്രത്തിലാണ് ആന്റോ അവസാനമായി പാടിയത്.

Content Highlights: thoppil anto passes away