'ഞാൻ ഇക്കയുടെ മകളെ വഞ്ചിച്ചു' വത്സല(ഭാഗം 16)

By: 600009 On: Dec 3, 2021, 3:57 PM

Story Written by, Abraham George, Chicago.

അബുവിൻ്റെയും ഖദീജയുടെയും കല്യാണം ഭംഗിയായി നടന്നു. നാടിൻ്റെ പല ഭാഗത്തായിരുന്ന കൂട്ടുകാരെല്ലാവരും കല്യാണത്തിന് പങ്കെടുത്തു. തിരക്കിലായിട്ടും അബുവിൻ്റെ കല്യാണത്തിനു പങ്കെടുക്കുക മാത്രമല്ല, പഴയ കാല സൃഹൃത്തു ബന്ധം പുതുക്കുകയെന്ന ലക്ഷ്യവും കൂടിയായിരുന്നു കൂട്ടുകാരുടെ ഒത്തുചേരലിൻ്റെ ലക്ഷ്യം. ഖാദറിക്കയുടെ വീട്ടിലായിരുന്നു കല്യാണത്തിൻ്റെയെല്ലാ ചടങ്ങുകളും നടത്തിയത്. കൂട്ടുകാരെല്ലാം അന്നുതന്നെ പലവഴിക്കായി പിരിഞ്ഞു. അവരെല്ലാം ഒരോരോ തൊഴിലുമായി ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു.

അന്നു വൈകുന്നേരം തന്നെ മാധവനും പെങ്ങൾ ജാസ്മിനും മാധവൻ്റെ തറവാട് വീട്ടിലേക്ക് പോയി. കുടുംബകലഹങ്ങളെല്ലാം നേരത്തെ തന്നെ പമ്പ കടന്നിരുന്നു. അവർ പിറ്റേന്ന് തന്നെ ബാംഗ്ലൂർക്ക് പോകുമെന്ന് അബുവിനോട് പറഞ്ഞു. കല്യാണവീട് വിട്ടു പോകുന്നതിനു മുമ്പായി ജാസ്മിൻ ഖദീജയെ കെട്ടിപ്പിടിച്ചു. ജാസ്മിൻ, ഖദീജയോട് പ്രത്യേകം പറഞ്ഞു

"ഇക്കയെ പ്രത്യേകം ശ്രദ്ധിക്കണം, ഇക്കയൊരു പാവമാണ്, ശുദ്ധമനസ്സാണ്."

അബു ഓർത്തു 'അനിയത്തി ഇക്കയെ ഉപദേശിക്കാൻ മാത്രം വളർന്നിരിക്കുന്നു. ഒരു കാലത്ത് തൻ്റെ ചൊൽപ്പടിയിൽ നിന്ന പെണ്ണാണ്, ഇപ്പോൾ ഏടാകൂടങ്ങളെല്ലാം സൃഷ്ടിച്ചിട്ട് ഇക്കയെ ശ്രദ്ധിക്കണമെന്ന്, അതും എൻ്റെ ഭാര്യയോട് പറയുന്നത്. ഞാനെല്ലാം കേട്ടുനിന്നു. എന്നെക്കാളും തൻെറടം കാട്ടിയവളെ അഭിനന്ദിച്ചേ മതിയാവൂ. ജാസ്മിൻ കാട്ടിയത് വല്ലാത്ത ധൈര്യം തന്നെ. ഒരുത്തൻ്റെ കൂടെ ഒളിച്ചോടുക, എന്നിട്ട് എല്ലാവരുടെയും മുന്നിൽ ഒരു കൂസലുമില്ലാതെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കുക. അവൾ വിചാരിച്ചത് നേടിയെടുത്തുയെന്ന അഹങ്കാരമാണവൾക്ക്. പ്രേമിച്ചാൽ ഒന്നുകിൽ ജീവിക്കുക അല്ലെങ്കിൽ മരിക്കുക, അതായിരിക്കണം അവൾ തീരുമാനിച്ചത്. ഞാനവളോട് വിശദമായിയൊന്നും ചോദിച്ചില്ല. അതിൻ്റെ ആവശ്യമുണ്ടന്ന് തോന്നിയില്ല. അവർ സുഖമായി ജീവിക്കുന്നുണ്ടല്ലോ, അത് മതി.'

കല്യാണ രാത്രി വധുവരന്മാർ മണിയറയിലേക്ക് ആനയിക്കപ്പെട്ടു. മുറിയാകെ അലങ്കരിച്ചിരുന്നു. കിടക്കയിൽ വെള്ളഷീറ്റും വെള്ളതലയണയും വെള്ളപ്പുതപ്പും പ്രത്യേകം കരുതിയിരിക്കുന്നതു കണ്ട് അബുവൊന്ന് അമ്പരന്നു. രാത്രിയിലെ ചേഷ്ടകളിലെന്തെങ്കിലും അടയാളം രേഖപ്പെടുത്താനാണോ ഇതെന്ന് അബു ചിന്തിച്ചു. കല്ലാണപ്പെണ്ണ് ഖദീജ അണിഞ്ഞൊരുങ്ങി അബുവിൻ്റെ അടുത്തുവന്നിരുന്നു. ഖദീജയുടെ മുഖത്ത് നാണത്തിൻ്റെ നിഴലുകൾ അലയടിച്ചു. അബു, അവളുടെ കൈപ്പടങ്ങളിൽ തടവി.

അവൻ വിളിച്ചു " ഖദീജ " അവൾ വിളി കേട്ടു, നാണം കൊണ്ടവൾ മുഖംപൊത്തി. അവനവളെ മാറോട് ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു,

"നിനക്കെന്നെ പെരുത്ത് ഇഷ്ടമാണല്ലേ?"

"അതെ"

ഖദീജയുടെ മറുപടിയിൽ വിറയലുണ്ടായിരുന്നു. അവളുടെ മുഖം അബിയുടെ നെഞ്ചിലേക്ക് അമർത്തികൊണ്ട് ചോദിച്ചു,

"ഇക്കക്ക് എന്നെ പെരുത്ത് ഇഷ്ടമല്ലേ?"

അബു മറുപടി പറഞ്ഞു "അതെ, നീ എൻ്റെ എല്ലാമാണ്. "

അവർ കെട്ടിപ്പിടിച്ച് മെത്തയിലേക്ക് മറിഞ്ഞു. അവളുടെ ശരീരത്തിലൂടെ അവൻ്റെ കൈകൾ ഓടിനടന്നു. അബുവിൻ്റെ ശരീരം അവളുടെ ശരീരത്തോട് ചേർന്നു. രാസക്രീഢയുടെ വക്കോളമെത്തി. അബു പെട്ടന്ന് ഞെട്ടിത്തെറിച്ചു, വത്സല, അവൻ്റെ മുന്നിൽ വത്സലയുടെ മുഖം തെളിഞ്ഞുവന്നു. ഖദീജയെ വത്സലയുടെ മുഖമായി തോന്നി. തനിക്കു ചുറ്റും വത്സല നിറഞ്ഞുനിൽക്കുന്നു, അബുവിന് ഭ്രാന്ത് പിടിക്കുന്നപോലെ, അവൻ്റെ ശരീരമാകെ വിയർത്തു.

ഖദീജ ചോദിച്ചു " എന്ത് പറ്റിയിക്കാ?" അബുവിന് ഉത്തരമൊന്നും പറയാനായില്ല. അവൻ ബോധമനസ്സിലേക്ക് വരുന്നതുവരെ അങ്ങനെയിരുന്നു. പെട്ടെന്നൊരു ബോധോദയം വന്നപോലെ അബു പറഞ്ഞു,  

"വത്സല, എൻ്റെ കൺമുന്നിൽ വത്സല നിറഞ്ഞു നിൽക്കുന്നു."

ഖദീജ പുറത്തേക്ക് ഓടി ബാപ്പയെ കൂട്ടികൊണ്ടു വന്നു. ഖാദറിക്കാ ചോദിച്ചു

"എന്തു പറ്റി അബു, നീ വല്ലാതെ വിയർത്തിരിക്കുന്നുവല്ലോ? കാര്യം പറ, എന്തിനും പരിഹാരം കണ്ടെത്താം. നീ വിഷമിക്കാതെ, ഞങ്ങളില്ലേ കൂടേ."

അബു നശ്ശബ്ദനായിരുന്നു. അവൻ ഖാദറിക്കയുടെ കൈകളിൽ കയറിപ്പിടിച്ചു,

അവൻ പറഞ്ഞു "ഞാൻ ഇക്കയുടെ മകളെ വഞ്ചിച്ചു, എൻ്റെ ശരീരമാകെ തളരുകയാണ്, എന്താ വേണ്ടെതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

ഖാദറിക്ക പറഞ്ഞു "നീ ബേജാറാകാതെ, എല്ലാത്തിനും പരിഹാരം കാണാം. എന്താണങ്കിലും പരിഹരിച്ചല്ലേ പറ്റു, നീ ഇന്ന് സ്വസ്ഥമായി കിടന്ന് ഉറങ്ങൂ, നാളെ ആലോചിക്കാം. അബു ശാന്തമായി കിടന്നു നോക്കി, അന്നവന് ഉറങ്ങാൻ കഴിഞ്ഞില്ല. ഖദീജ കല്യാണരാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് അബുവിനെ പരിചരിച്ചു. അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.

---------തുടരും---------