ബ്രിട്ടീഷ് കൊളംബിയയില്‍ കനത്ത മഴയെയും കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ഗതാഗതം നിര്‍ത്തലാക്കിയ ഹൈവേകള്‍ വീണ്ടും തുറക്കാന്‍ ആരംഭിക്കുന്നു. എന്നാല്‍ ഗതാഗതം കൂടുതല്‍ സുഗമമാകാന്‍ സമയമെടുക്കുമെന്നാണ് പബ്ലിക് സേഫ്റ്റി മന്ത്രി മൈക്ക് ഫാര്‍ണ്‍വര്‍ത്ത് പറയുന്നത്.
അബോട്ട്സ്ഫോര്‍ഡില്‍ നിന്ന് ചില്ലിവാക്ക് വരെയുള്ള ഹൈവേ 1 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും തുറക്കുമെന്ന് ഗതാഗത മന്ത്രി റോബ് ഫ്ലെമിംഗ് പറഞ്ഞു. പോപ്കത്തിനും ഹോപ്പിനും ഇടയിലുള്ള ഹൈവേ 1 വീണ്ടും തുറന്നു. എന്നാല്‍ ബ്രൈഡല്‍ ഫാള്സിനടുത്ത് ഏകദേശം മൂന്ന് കിലോമീറ്ററോളം നിയന്ത്രണങ്ങളുണ്ട്. ഹൈവേ 3 തുറന്നിട്ടുണ്ടെങ്കില്‍ അവശ്യസര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും ഫ്ലെമിംഗ് പറഞ്ഞു.
ബെല്ല കൂളയിലേക്കുള്ള ഹൈവേ 20യും തുറന്നു. എന്നാല്‍ അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹൈവേ 99 പെംബര്ട്ടണിനും ലില്ലൂറ്റിനും ഇടയില്‍ അടച്ചിട്ടിരിക്കുകയാണെന്നും ഫ്ലെമിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രൊവിന്‍സില്‍ മഴയ്ക്കും കാറ്റിനും ശമനമുണ്ട്. ബി.സിയില്‍ ജനജീവിതം സാധാരണനിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രൊവിന്‍സില്‍ കൂടുതല്‍ അറ്റക്കുറ്റപ്പണികള്‍ നടത്തേണ്ടതായിട്ടുണ്ടെന്ന് മന്ത്രി മൈക്ക് ഫാര്‍ണ്‍വര്‍ത്ത് പറഞ്ഞു. ഗതാഗതങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മേഖലകളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.