ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കാന്‍ ക്യൂബെക് ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് സംവിധാനം നടപ്പിലാക്കും. 2023 ഡിസംബറോടെ പ്രൊവിന്‍സിലെ എല്ലാ മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.
ഡെപ്യൂട്ടി പ്രീമിയറും പൊതുസുരക്ഷാ മന്ത്രിയുമായ ജെനിവീവ് ഗില്‍ബോള്‍ട്ട് ബുധനാഴ്ച ക്യൂബെക്ക് സിറ്റിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ട്രാക്കിംഗ് സിസ്റ്റത്തില്‍ രണ്ട് ഉപകരണങ്ങളാണുണ്ടാകുക. പ്രതിക്കുള്ള ബ്രേസ്‌ലെറ്റ്, ഇരയാക്കപ്പെടുന്നവര്‍ എന്നിവര്‍ക്കുള്ളതാണ് രണ്ട് ഉപകരണങ്ങള്‍. ഇരയ്ക്ക് അടുത്തേക്ക് കുറ്റാരോപിതന്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍ അധികൃതര്‍ക്ക് അലര്‍ട്ട് ലഭിക്കും. ഉടന്‍ പോലീസ് ഇരയുടെ വീട്ടിലെത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് സംവിധാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഗാര്‍ഹിക പീഡന കുറ്റത്തിന് ആരോപിക്കപ്പെടുന്ന വ്യക്തി എപ്പോഴും ബ്രേസ്‌ലെറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്.