പുതിയ സിനിമ പ്രഖ്യാപിച്ച് ഐഷ സുല്‍ത്താന; 124 (A) യുടെ പോസ്റ്റര്‍ പുറത്തുവിട്ടു

By: 600007 On: Dec 2, 2021, 3:30 PM


ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ഇപ്പോള്‍ ഇതേ വിഷയത്തില്‍ പുതിയ സിനിമയെടുക്കാന്‍ ഒരുങ്ങുന്നു.124 (A) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന്‍ ലാല്‍ ജോസ് പുറത്തുവിട്ടു. ഐഷയുടെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയത്. 

'ഐഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ആയിഷയുടെ പുതിയ സിനിമയാണ് 124 (A) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ഐഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു...' എന്ന കുറിപ്പിലാണ് പോസ്റ്റര്‍. 

പത്രത്തിന്റെ ഫ്രണ്ട് പേജ് മാതൃകയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ചലച്ചിത്ര പ്രവര്‍ത്തകയ്ക്കു മേല്‍ രാജ്യദ്രോഹ കുറ്റം,  'സേവ് ലക്ഷദ്വീപ്' എന്നീ തലക്കെട്ടുകളും പോസ്റ്ററിലുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡാണ് 124 (A). സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'ഐഷ സുല്‍ത്താന ഫിലിംസ്' എന്ന ബാനറില്‍ സംവിധായിക തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, സംഗീതംവില്യം ഫ്രാന്‍സിസ്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിക്കും.

Content highlights:Aisha sulthana announces new film