അന്തരീക്ഷ മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു

By: 600007 On: Dec 2, 2021, 3:11 PM

കടുത്ത അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു. മലിനീകരണ നില മെച്ചപ്പെട്ടപ്പോഴാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായെന്നും ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി അറിയിച്ചു. 

നേരത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ ഇരിക്കുമ്പോഴും കുട്ടികള്‍ സ്‌കൂളില്‍ വരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

Content highlight: Delhi schools to be closed from tomorrow due to pollution