എല്ലാ മുതിര്‍ന്നവര്‍ക്കും ഘട്ടംഘട്ടമായി കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങി ആല്‍ബെര്‍ട്ട. വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ വിതരണം ചെയ്തത് പോലെ പ്രായമായവര്‍ക്കാണ് മൂന്നാം ഡോസും ആദ്യം വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ഡിസംബര്‍ 6ന് ആരംഭിക്കും. ഇവര്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വ്യാഴാഴ്ച ആരംഭിക്കും.നിലവില്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, 70 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, മുതിര്‍ന്നവരെ പരിപാലിക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഫസ്റ്റ് നേഷന്‍സ്, മെറ്റിസ്, ഇന്‍യുട്ട് എന്നിവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുന്നത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ അപ്പോയ്ന്റ് ബുക്കിങ് അധികം വൈകാതെ തന്നെ അറിയിക്കുമെന്ന് ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു.
കുറഞ്ഞത് ആറ് മാസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കും. മൂന്നാം ഡോസ് അധിക പരിരക്ഷ ഉറപ്പാക്കുന്നതാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡീന ഹിന്‍ഷോ പറഞ്ഞു.
അതേസമയം പ്രൊവിന്‍സില്‍ രണ്ട് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.