ആല്‍ബെര്‍ട്ടയില്‍ വാക്‌സിന്‍ റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ സുരക്ഷ വീഴ്ച കണ്ടെത്തിയതായി ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു . വാക്‌സിന്‍ റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ തെറ്റായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് 12 പേർ ആൽബെർട്ട ഹെൽത്ത് റെക്കോർഡ് സപ്പോർട്ട് ഡെസ്കിന് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വെബ്‌സൈറ്റ് ഷട്ട് ഡൗണ്‍ ചെയ്തിരുന്നു. സാങ്കേതിക പ്രശ്‌നത്തിന്റെ കാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഗവൺമെൻറ് അറിയിച്ചു.
യാത്രയ്‌ക്കായി അപ്‌ഡേറ്റ് ചെയ്‌ത വാക്‌സിൻ റെക്കോർഡ് ആക്‌സസ്സുചെയ്യുമ്പോൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടവരോട് ക്ഷമ ചോദിക്കുന്നതായി ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു. alberta.ca/CovidRecords-വഴി ക്യുആർ കോഡുള്ള വാക്‌സിൻ റെക്കോർഡിന്റെ മുന്‍ പതിപ്പ് ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നും ഗവണ്‍മെന്റ് ന്യൂസ് റിലീസില്‍ അറിയിച്ചു.
പേര്, ജനനത്തീയതി, കോവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ എന്നിവയാണ് റെക്കോര്‍ഡില്‍ ലഭ്യമാകുന്നതെന്നും മറ്റു വ്യക്തിഗത വിവരങ്ങൾ വാക്‌സിൻ റെക്കോർഡുമായി ബന്ധപ്പെടുത്തിയിട്ടില്ല എന്നും ഗവൺമെൻറ് അറിയിച്ചു.