പ്രശസ്‌ത ഗാന രചിയിതാവ് ബിച്ചു തിരുമല (79) അന്തരിച്ചു 

By: 600007 On: Nov 26, 2021, 12:48 AM

 

പ്രശസ്‌ത ഗാന രചിയിതാവ് ബിച്ചു തിരുമല ( ബി.ശിവശങ്കരൻ നായർ -79 ) അന്തരിച്ചു. രോഗബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാനൂറിലധികം സിനിമകൾക്കും കാസ്സറ്റുകൾക്കുമായി അയ്യായിരത്തിൽ അധികം ഗാനങ്ങൾ രചിച്ച അദ്ദേഹം ‘ശക്തി’ എന്ന സിനിമയുടെ കഥയും സംഭാഷണവും, ‘ഇഷ്ടപ്രാണേശ്വരി’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. 

മികച്ച  ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്  1981 ലും (തൃഷ്ണ,– ‘ശ്രുതിയിൽനിന്നുയരും.’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും), 1991 ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം) അദ്ദേഹത്തിന് ലഭിച്ചു.  ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യ ഗാനം രചിച്ചത്. 1942 ഫെബ്രുവരി 13ന് ചേർത്തലയിൽ  ആണ് ജനനം. 

ആളൊരുങ്ങി അരങ്ങൊരുങ്ങി, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ,  എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ.’ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്കായി സമർപ്പിച്ചിട്ടുണ്ട്.  ഏറ്റവും അധികം പാട്ടുകൾ എഴുതിയത് സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയായിരുന്നു. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകരോടൊപ്പം അദ്ദേഹം നിരവധി ഗാനങ്ങൾ ചെയ്തിട്ടുണ്ട് . മലയാളത്തിൽ എ.ആർ റഹ്മാൻ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചു തിരുമലയാണ് .