'ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റാനുള്ള എളുപ്പ വഴികൾ' Dr സൗമ്യാ രാജീവ് എഴുതുന്നു.

By: 600023 On: Nov 25, 2021, 5:45 PM

Article Written by, Dr Soumya Rajeev

നമ്മുടെ ശരീരകോശത്തിലെ ഭിത്തികളിലും ശരീര കലകളിലും കാണപ്പെടുന്ന ഒരു കൊഴുപ്പാണ് കൊളസ്‌ട്രോൾ. 80% കൊളസ്‌ട്രോൾ ഉൽപ്പാദിപ്പിക്കുന്നത് കരളാണ്. 20% മാത്രമാണ് ഭക്ഷണത്തിലൂടെ കിട്ടുന്നത്. ഈ കൊളസ്‌ട്രോൾ എല്ലാ ശരീര ഭാഗങ്ങളിലേക്കും എത്തുന്നത് രക്തത്തിലൂടെയാണ്. ഇത് രക്തത്തിൽ ലയിക്കാത്തതു കാരണം പ്രോട്ടീനുമായി ചേർന്ന് ലിപോപ്രോട്ടീൻ രൂപത്തിലാണ് സഞ്ചരിക്കുന്നത്. HDL, LDL, Tryglyceride, VLDL എന്നീ നാല് തരത്തിലാണ് കൊളസ്‌ട്രോൾ ശരീരത്തിൽ കാണപ്പെടുന്നത്.

എല്ലാ ഉപാപചയ പ്രവർത്തനത്തിനും, ചില ഹോർമോണുകളുടെയും, ജീവകം ഡി(വിറ്റാമിൻ ഡി)യുടെയും, ബൈൽ ജ്യുസിന്റെയും ഉൽപാദനത്തിന് കൊളസ്‌ട്രോൾ കൂടിയേ തീരു.

കൊളസ്‌ട്രോൾ ക്രമാതീതമായി വർദ്ധിച്ചാൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും, അതിൻമൂലം ഹൃദയത്തിൽ ബ്ലോക്കുകൾ രൂപപ്പെടുന്നു. ഇതിനു പുറമേ ക്ഷീണം, തളർച്ച, കൈകളിൽ ഉണ്ടാകുന്ന മരവിപ്പ്, ഗ്യാസ്, മലബന്ധം, ചർമ്മരോഗങ്ങൾ, അലർജി, തലവേദന, എന്നീ ലക്ഷണങ്ങൾ ചിലരിൽ കണ്ടു വരുന്നു.

രക്തസമ്മർദ്ദം, അമിതവണ്ണം, പുകവലി, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം, കൊഴുപ്പു നിറഞ്ഞ പാൽ ഉൽപ്പന്നത്തിന്റെയും, സംസ്കരിച്ച ഭക്ഷണങ്ങൾ(Packed Foods) കഴിക്കുന്നതും കൊളസ്‌ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു.

ജനിതകമായും കൊളസ്‌ട്രോൾ കണ്ടു വരുന്നു. ഈ അവസ്ഥയെ ഫാമിലി ഹൈപ്പർ കൊളസ്ട്രോളിമിയ എന്ന് പറയുന്നു.

ഉയർന്ന കൊളസ്‌ട്രോൾ ഒരു ജീവിത ശൈലി രോഗമാകയാൽ നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് വഴി നമുക്ക് ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം.

ദിവസവും 30 മിനിറ്റ് വ്യായാമം ശീലമാക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിനു പുറമേ കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിക്കണം.

നാരുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക.

ചായയ്ക്ക് പകരം ഗ്രീൻ ടീ ശീലമാക്കുന്നത് നല്ലതാണ്.

രാത്രി കാലങ്ങളിൽ ലഘുവായ ഭക്ഷണരീതി ശീലമാക്കുക.

അവക്കാഡോ, ഓറഞ്ച്, ആപ്പിൾ എന്നീ പഴങ്ങൾ കഴിക്കുന്നത് നല്ലതാകുന്നു.

ഒലിവ് ഓയിൽ(ഒലിവ് എണ്ണ) ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുവാൻ സഹായിക്കുന്നു.

വറുത്തതും, പൊരിച്ചതുമായ ആഹാരങ്ങൾ, ട്രാൻസ് ഫാറ്റ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ(Packed Foods), പാൽ ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുക.

ആഹാരം പാകം ചെയ്യുമ്പോൾ കറിവേപ്പില, ഉലുവ, വെളുത്തുളളി, എന്നിവ ചേർക്കുന്നത് നല്ലതാണ്.

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ചെറു മൽസ്യം പാകം ചെയ്തു കഴിക്കുന്നത് ഗുണകരമാണ്.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ശീലമാക്കണം. കാലത്തെ പ്രാതൽ കഴിക്കാത്തവരിൽ കൂടുതലും കൊളസ്‌ട്രോൾ കണ്ടു വരുന്നു.