ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി

By: 600007 On: Nov 25, 2021, 5:17 PM

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തില്‍ തീരുമാനം. തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. നിലവില്‍ അയ്യായിരം പേര്‍ക്ക് മാത്രമായിരുന്നു ദര്‍ശനത്തിന് അനുമതി. 

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അവസരം. ഇതിനായി www.guruvayurdevaswom.nic എന്ന ദേവസ്വം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ദര്‍ശനത്തിന് ഇവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തേണ്ടതില്ല. കൂടാതെ ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 13, ഡിസംബര്‍ 14(ഏകാദശി), ഡിസംബര്‍ 15 എന്നീ ദിവസങ്ങളില്‍  ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും. വെര്‍ച്വല്‍ ക്യൂ ദര്‍ശനം ബുക്ക് ചെയ്ത പതിനായിരം പേര്‍ക്കാവും ഈ ദിവസങ്ങളില്‍ ആദ്യം ദര്‍ശനം മറ്റുള്ളവര്‍ക്ക് തിരക്ക് കുറയുന്ന മുറയ്ക്ക് ദര്‍ശനത്തിന് അവസരം നല്‍കും

Content highlight: Permission for more pilgrims to visit the guruvayur temple