ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

By: 600007 On: Nov 25, 2021, 4:53 PM

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി. നാളെ രാവിലെ ഏഴ് മണിവരെയാണ് നിരോധനം. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍
പറയുന്നു

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Content highlight:Night travel banned in idukki district