ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് പടരുന്നു; ജാഗ്രതാ നിര്‍ദേശം

By: 600007 On: Nov 25, 2021, 4:45 PM

പല തവണ തവണ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍  കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജീനോമിക് സീക്വന്‍സിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് (എന്‍ഐസിഡി) പ്രസ്താവനയില്‍ അറിയിച്ചു.  ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കൂടുന്നതെന്ന് അധികൃതര്‍ പറയുന്നു. 

പുതിയ കോവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നോ ഈ പ്രദേശങ്ങള്‍ വഴിയോ യാത്ര ചെയ്യുന്ന രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

വളരെ കുറച്ചു പേരില്‍ മാത്രമാണ് നിലവില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍ഐസിഡി വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ഈ വര്‍ഷം ആദ്യം രാജ്യത്ത് സി.1.2 എന്ന മറ്റൊരു വകഭേദവും കണ്ടെത്തിയിരുന്നു. 

Content highlight: Scientists warn of new covid variant with high number of mutations