യു.എ.ഇയില്‍ ദേശീയദിന അവധി പ്രഖ്യാപിച്ചു

By: 600007 On: Nov 24, 2021, 5:47 PM

അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിലെ പൊതുസ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധി. ഡിസംബര്‍ ഒന്ന് ബുധന്‍ മുതല്‍ വെള്ളി വരെയാണ് ഔദ്യോഗിക അവധി ദിനങ്ങള്‍. എന്നാല്‍ വാരാന്ത്യ അവധിയായ ശനിയാഴ്ച കൂടി ചേരുന്നതോടെ നാലു ദിവസത്തെ അവധി ലഭിക്കും. 

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ മൂന്നുദിവസം അവധി ലഭിക്കുമെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

സുവര്‍ണജൂബിലി ആഘോഷം വര്‍ണാഭമാക്കാനുള്ള തയാറെടുപ്പുകള്‍ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ദുബൈ ഹത്തയിലാണ് ഡിസംബര്‍ രണ്ടിന് വൈകീട്ട് പ്രധാന ആഘോഷ പരിപാടി നടക്കുക. എല്ലാ എമിറേറ്റുകളിലും വിവിധ പരിപാടികള്‍ അരങ്ങേറും.

Content highlight: UAE national holiday