ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന് ആയ കോവാക്സിന് 50 ശതമാനം മാത്രം ഫലപ്രാപ്തിയെന്നു പഠനം. നേരത്തെ കണക്കാക്കിയിരുന്നതിനും കുറവ് ഫലപ്രാപ്തിയാണ് കോവാക്സിന് ഉള്ളതെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ടില്പറയുന്നു.
രാജ്യത്ത് വാക്സിനേഷന് തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഡല്‍ഹി ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജീവനക്കാര്‍ക്ക് കോവാക്സിന് നല്‍കിയിരുന്നു. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഏപ്രില്‍-മെയ് കാലയളവില്‍ എയിംസിലെ ജീവനക്കാരില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ നടത്തിയ പഠനത്തിലാണ് കോവാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍. കോവാക്സിന് കോവിഡിന് എതിരെ 77.8 ശതമാനം ഫലപ്രാപ്തി ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠന റിപ്പോര്‍ട്ട് എങ്കിലും പരീക്ഷണ ഘട്ടത്തിലെ ഈ ഫലങ്ങള്‍ പറയുന്നത്ര ഫലപ്രാപ്തി വാക്സിന് ഇല്ലെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് എതിരെ ഒട്ടുമിക്ക വാക്സിനുകളും കുറഞ്ഞ ഫലപ്രാപ്തിയാണ് പ്രകടിപ്പിക്കുന്നതെന്ന് ഗവേഷര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പിടിമുറുക്കിയത് ഡെല്‍റ്റ വകഭേദമാണ്. കോവാക്സിന്റെ കുറഞ്ഞ ഫലപ്രാപ്തിക്കു കാരണം ഇതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗവ്യാപന നിരക്ക് അത്യധികം ഉയര്‍ന്നു നില്ക്കുമ്പോള് വാക്സിന് ഫലപ്രാപ്തി കുറയാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
Content highlight: Covaxin 50 effective against covid less than initially thought