അവൻ ഇസ്ലാംമതം സ്വീകരിക്കില്ല..' വത്സല(ഭാഗം 13)

By: 600009 On: Nov 24, 2021, 4:19 PM

Story Written by, Abraham George, Chicago.

കൂട്ടുകാരൻ മൊയ്തുവിൻ്റെ ഫോൺകോൾ അബുവിന് വന്നു, വിവരം അറിഞ്ഞയുടനെ അബു ഒന്ന് ഞെട്ടി. അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്താ നീ പറയന്നുതെന്ന് എടുത്തു ചോദിച്ചു. അവൻ തുടർന്നു

" നിൻ്റെ പെങ്ങൾ ജാസ്മിനും മാധവനും കൂടി ഒളിച്ചോടി, അവർ വിവാഹം കച്ചേരിയിൽ വെച്ച് രജിസ്റ്റർ ചെയ്തു. ഒരു മാസം മുമ്പേതന്നെ അവരെല്ലാം പ്ലാൻ ചെയ്തിരുന്നു. ഞങ്ങളിലാരെയും ഒന്നും അറിയിച്ചില്ല.  ആസൂത്രിതമായാണ് അവർ ചെയ്തിരിക്കുന്നത്. എല്ലാം കഴിഞ്ഞതിനു ശേഷമാണ് അവൻ ഞങ്ങളെപ്പോലുമറിയിച്ചത്.  പ്രശ്നങ്ങളെന്തുണ്ടായാലും തരണം ചെയ്യാൻ അവർ മുൻകരുതൽ എടുത്തിരുന്നുയെന്നു വേണം കരുതാൻ. എന്തായാലും അതുകൊണ്ട് നാട്ടിൽ യാതൊരു പ്രശ്നവുമുണ്ടായില്ല, ഭൂമികുലുക്കവും ഉണ്ടായില്ല. നാട്ടുകാർ മാറി നിന്ന് നിൻ്റെ ബാപ്പക്ക് അങ്ങനെ തന്നെ വേണമെന്ന് പറയുന്നവരുമുണ്ട്. കിട്ടിയ അവസരം നാട്ടുകാർ  ആഹ്ലാദിക്കുകയാണ്. വാളും കുന്തവുമെടുത്ത് ആരും രംഗത്ത് വന്നതുമില്ല. ഈ പെണ്ണ് എന്തും ഭാവിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും നിൻ്റെ പെങ്ങളെ സമ്മതിച്ചുകൊടുക്കണം. ജാസ്മിൻ്റെ കൂടെ കുറച്ച് കോളെജ് കൂട്ടുകാരികൾ ഉണ്ടായിരുന്നുയെന്ന് കേൾക്കുന്നു, അവരാണ് ജാസ്മിന് ഇത്രയും ധൈര്യം കൊടുത്തത്. അവൾ ഒറ്റയ്ക്ക് ഇത്രയും വലിയ സാഹസത്തിന് മുതിരുമെന്ന് തോന്നുന്നില്ല."

"അവൾ എവിടെയുണ്ടന്ന് അറിയാമോ മൊയ്തു?" അബു ചോദിച്ചു.

"അറിയാം, മൊയ്തു പറഞ്ഞു "അവർ പട്ടണത്തിൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. നിൻ്റെ വീട്ടുകാർക്കൊന്നും അറിയില്ല. ആരെയും ഇപ്പോൾ അറിയിക്കണ്ടായെന്നാണ് മാധവൻ പറഞ്ഞിരിക്കുന്നത്. ബാപ്പയും ഉമ്മയും വെപ്രാളം പിടിച്ച് ഓടി നടപ്പുണ്ട്. പെണ്ണിനെന്താണ് സംഭവിച്ചതെന്നറിയാനുള്ള ജിജ്ഞാസയാണ്. എന്നാൽ നേരെ മറിച്ചാണ് മാധവൻ്റെ വീട്ടുകാരുടെ പ്രവർത്തി. പുകഞ്ഞകൊള്ളി പുറത്തെന്ന മട്ടിലാണ് മാധവൻ്റെ വീട്ടുകാർ, അവർക്കൊരു വ്യാകുലതയുമില്ല. അവൻ ആ പെണ്ണുമായി കുടുംബത്തിലേക്ക് കയറിവന്നാൽ അവൻ്റെ കാൽമുട്ട് അടിച്ചൊടിക്കുമെന്ന് അവർ പറഞ്ഞ് നടപ്പുണ്ട്. ബാപ്പ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. വിവരം വല്ലതും അറിയാമോയെന്ന് ചോദിച്ചു. ഉമ്മ കരച്ചിലോട് കരച്ചിലാണെന്ന് പറഞ്ഞു. നിൻ്റെ ഉമ്മ കിണറ്റിൽ ചാടി മരിക്കുമെന്ന് പറഞ്ഞ് ബാപ്പയെ ഭീഷണിപ്പെടുത്തിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഉമ്മ അങ്ങനെയെങ്ങാനും ചെയ്താലോയെന്ന പേടിയിലാണ് ബാപ്പ. സ്വന്തക്കാരെയെല്ലാം വീട്ടിൽ വിളിച്ച് വരുത്തിയിട്ടുണ്ട്. നിൻ്റെ വീട്ടില് ഒരു കല്യാണത്തിനുള്ള ആളുണ്ട്. പോരാത്തതിന് അയൽക്കാരും വട്ടം കൂടി കുശുകുശുക്കുന്നുണ്ട്. ബാപ്പക്ക് ആകെയൊരുപരവേശം പോലെയാണ്. ഞങ്ങൾ ബാപ്പയോട് പറഞ്ഞു, എവിടെയാണന്ന് അറിയില്ല, അവർ സുഖമായിരിക്കുന്നുയെന്ന് മാത്രം അറിയാം, ബാപ്പ വീട്ടിലേക്ക് പോയ്ക്കോ, ജാസ്മിന് ഒരാപത്തും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് ധൈര്യപ്പെടുത്തി വീട്ടിലേക്ക് വിട്ടു. അവരെ കാണുകയാണങ്കിൽ വീട്ടിലേക്ക് വരാൻ പറയണമെന്ന് ബാപ്പ പറഞ്ഞിട്ട് പോയി. അബുവിനെ വിവരം അറിയിക്കണമെന്നും പറഞ്ഞു. ഞാൻ വിളിച്ച് പറയില്ല, നിങ്ങൾ തന്നെ വിളിച്ചു അബുവിനോട് പറയണം. അബു വന്നാലുടനെ അവരെ വീട്ടിൽ വിളിച്ച് കയറ്റണം, ഞങ്ങളുടെ മകളായിപ്പോയില്ലേ? ബാപ്പ തണുത്തു അബു, ഒരാഴ്ച കൊണ്ടെല്ലാം ശാന്തമായി. ഇത്രേയുള്ളു കാര്യം. ആദ്യം കുറച്ച് തൻ്റേടം കാണിക്കണമെന്നു മാത്രം. നീ ജാസ്മിനെയൊന്ന് വിളിക്കണം. മാധവൻ്റെ പുതിയ നമ്പർ ഞാൻ വാട്ട്സാപ്പ് ചെയ്തേക്കാം, ജാസ്മിന് കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു. അബുവിന് സാധിക്കുമെങ്കിൽ ഉടൻ വരാൻ നോക്കണം."

അബു, ബാപ്പയെ വിളിച്ചു സംസാരിച്ചു, ബാപ്പ ഉമ്മയുടെ കൈയിലേക്ക് ഫോൺ കൊടുത്തു, ഉമ്മ പറഞ്ഞു

"എടാ നിൻ്റെ പെങ്ങൾ ഒരു ചോച്ചെക്കൻ്റെ കൂടെയിറങ്ങിപ്പോയി. കുടുംബത്തിൻ്റെ മാനം കളഞ്ഞ് കുളിച്ചു. നിനക്ക് സാധിക്കുമെങ്കിൽ ഉടൻ വരണം, കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല, അവർ കല്യാണം കഴിച്ചുയെന്നൊക്കെ പറയണുണ്ട്, ആർക്കറിയാം എന്താ കാട്ടിക്കൂട്ടിയതെന്ന്."

അബു പറഞ്ഞു "അമ്മ ശാന്തമായിരിക്ക്, അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല. മാധവനെ എനിക്ക് നന്നായി അറിയാം. കണ്ട ചോനേം നസ്രാണികളെയും കുടുംബത്ത് കയറ്റിയിറക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. അതെങ്ങെനെയാ നിൻ്റെ സ്വഭാവവും ഒട്ടും കുറവായിരുന്നില്ലല്ലോ? ആ മാരണം കഴുത്തിൽ നിന്ന് പോയന്ന് ഓർത്തിരിക്കുമ്പോളാണ് ഈ പൊല്ലാപ്പ്, ഇനി പറഞ്ഞിട്ടെന്താ കാര്യം, അവരെ  വീട്ടിക്കയറ്റി കല്യാണം നടത്തി കൊടുക്കാതെ എന്ത് ചെയ്യാനാ, ഇനിയവൾ ഒറ്റക്ക്  മടങ്ങിവന്നാലും വേറെയാരെങ്കിലും അവളെ നിക്കാഹ് കഴിക്കോ? ഒരോരുത്തരുടെ തലവിധിയെന്ന് പറയാനല്ലാതെയെന്ത് പറയാന."

അബു അമ്മയോട് പറഞ്ഞു "ഞാൻ ഉടനെ വരാൻ നോക്കാം. അവർ രജിസ്റ്റർ മാര്യേജ് ചെയ്ത സ്ഥിതിക്ക് അവരെ വേർപെടുത്താനാവില്ല. ഇനി അവർ സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുക, അല്ലെങ്കിൽ അവർ അവരുടെ പാട്ടിന് എങ്ങോട്ടെങ്കിലും പോകും, പിന്നെ ജാസ്മിനെ കണികാണാൻ കിട്ടില്ല. മാധവന് നല്ല വരുമാനമുള്ള തൊഴിലുണ്ട്, അവരെ മാധവൻ്റെ വീട്ടിൽ കയറ്റാത്ത സ്ഥിതിക്ക് നമ്മൾ സഹായിക്കുകയാണ് ബുദ്ധി."

ഉമ്മ പറഞ്ഞു "ഞാൻ അവർക്കെതിരായി ഒന്നും പറയാൻ പോണില്ല, അവരോട് കുടുംബത്തേക്ക് വരാൻ പറ, പെണ്ണ് നമ്മുടെ ഭാഗത്തായി പോയില്ലേ? ക്ഷമിക്കുകയല്ലാതെ എന്തുചെയ്യാൻ പറ്റും. "

അബു ഓർത്തു "മാധവനെശരിക്കും തനിക്കറിയാവുന്നതുകൊണ്ട്, അവൻ ഇസ്ലാംമതം സ്വീകരിക്കില്ല, ജാസ്മിനെ ഹിന്ദു ആക്കുകയുമില്ല. അവൻ്റെ ആദർശം ബലിയർപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല, അവർ അങ്ങനെതന്നെ ജീവിക്കുമെന്നുള്ളത് ഉറപ്പാണ്."

 ----------തുടരും---------