സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയില്‍ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ് വാഹനവുമായി കടന്നുകളഞ്ഞു

By: 600007 On: Nov 24, 2021, 5:29 AM

 


സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയില്‍ 59കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ട്രക്കുമായി കടന്നയാള്‍ അറസ്റ്റില്‍. ശനിയാഴ്ചയായിരുന്നു സംഭവം. 28കാരനായ ഏതന്‍ സാമുവല്‍ ഹച്ചിസണ്‍ ആണ് പിടിയിലായത്. 

വഴിയില്‍ വെച്ച് ട്രക്ക് ഡ്രൈവര്‍ യുവാവിന് ലിഫ്റ്റ് നല്‍കി. എന്നാല്‍ യാത്രക്കിടെ ആള്‍ട്ടയിലെ വെസ്റ്റ് ഓഫ് മിററില്‍ വെച്ച് യുവാവ് ഡ്രൈവറെ ആക്രമിച്ചു. ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വാഹനത്തില്‍ നിന്ന് ബലമായി ഇറക്കിവിട്ടു. തുടര്‍ന്ന് ട്രക്കുമായി പ്രതി രക്ഷപ്പെട്ടു. 

പരിക്കേറ്റ ഡ്രൈവര്‍ സമീപത്തെ വീട്ടിലെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പിടിയിലായ യുവാവിനെതിരെ കൊലപാതകശ്രമം, മോഷണം, അപകടകരമായ ആവശ്യത്തിനായി ആയുധം കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡിലായ പ്രതിയെ ഡിസംബര്‍ 14ന് റെഡ് ഡീര്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ ഹൈജരാക്കും.