പുറം രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഇനി ബൂസ്റ്റര്‍ ഡോസ് ലഭിക്കും

By: 600007 On: Nov 23, 2021, 6:10 PM

പുറം രാജ്യങ്ങളില്‍ നിന്ന് മറ്റു കമ്പനികളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കും. വാക്‌സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ ബയാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. 

വ്യത്യസ്ത കമ്പനികളുടെ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും സോഹ അല്‍ ബയാത്ത് പറഞ്ഞു. രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ട ഏതൊരാളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും വാക്‌സിനേഷന്‍ മേധാവി അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍, അധ്യാപക അനധ്യാപകര്‍ എന്നീ വിഭാഗക്കാര്‍ എത്രയും പെട്ടെന്ന് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കി.

പിഎച്‌സിസികള്‍ വഴിയാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്.യോഗ്യരായവരെ അതത് മേഖലകളിലെ പിഎച്ച്‌സിസികളില്‍ നിന്നും വിളിച്ചാല്‍ അപ്പോയിന്‍മെന്റ് ലഭിക്കും. പിഎച്ച്‌സിസി ഹോട്ട്‌ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. 


Content highlight: Qatar booster vaccination