ആസുരവേഗത്തിലെ അപരാജിതർ - ഡിബിൻ റോസ് ജേക്കബ് എഴുതുന്നു

By: 600072 On: Nov 22, 2021, 8:01 PM

എഴുതിയത്: ഡിബിൻ റോസ് ജേക്കബ്, ബ്രിട്ടീഷ് കൊളംബിയ  

മൈക്കൽ ഷൂമാക്കറിനെ പറ്റി വീണ്ടും കേട്ടു. പാരീസിലെ ഒരു ആശുപത്രിയിൽ സ്റ്റെം സെൽ സർജറി കഴിഞ്ഞ്, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സ്വിറ്റ്സർലൻഡിലെ ജനീവ തടാകക്കരയിലെ വീട്ടിലേക്ക് അയാൾ മടങ്ങി.

ഏഴു വർഷം മുൻപ് ഫ്രഞ്ച് ആൽപ്സിൽ മകനോടൊപ്പം സ്കീയിംഗ് നടത്തുമ്പോൾ പാറയിലിടിച്ചു വീഴുകയായിരുന്നു മൈക്കൽ.

സുരക്ഷാ കവചം ധരിച്ച, പരിചയ സമ്പന്നനായ സ്കീയർ;

പക്ഷേ പരിക്ക് ഗുരുതരം.

ആറു മാസം ഡോക്ടർ നിശ്ചയിച്ച കോമയിൽ, പിന്നീട് പാതിബോധത്തിൽ.

പരസഹായത്തോടെ നടത്തം. ഇപ്പോൾ സ്വയം നടക്കാനാകുന്നു എന്നാണ് വിശ്വാസം. ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ആണയാൾ--ഊഹം മാത്രമാണ്, ഇപ്പോൾ 52 വയസ്സുള്ള ജർമൻകാരന്റെ യഥാർത്ഥ വിവരങ്ങൾ പിന്നീടൊരിക്കലും കുടുംബമോ ചികിത്സകരോ പുറത്തു വിട്ടില്ല.

ആരായിരുന്നു ഷൂമാക്കർ?

29 വർഷം മുൻപ് സ്പോർട്സ്റ്റാർ മാസികയുടെ അവസാന പേജിൽ,

ഫോർമുല-വൺ ചാമ്പ്യനായി പോഡിയം ഫിനിഷ് ചെയ്ത് ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ചു ചീറ്റിക്കുന്ന ചിത്രമായാണ് അയാളെ ആദ്യമായി കണ്ടത്.

പ്രത്യേകതരം വേഷം ധരിച്ച F-1 ഡ്രൈവർമാർ മാസികയിലെ ഗ്ളോസി പേജുകളെ അലങ്കരിക്കുന്നത് പതിവായി.

അയർട്ടൺ സെന്ന, അലൈൻ പ്രോസ്റ്റ്

റൂബൻസ് ബാരിചെല്ലോ, ഡാമൺ ഹിൽ

ഷാക്ക് വില്ലന്യൂവ്, മിക്ക ഹക്കിനൻ.

ഷൂമാക്കർക്ക് ശേഷം:

ഫെർണാണ്ടോ അലോൺസോ,

കിമി റൈക്കണൻ, ജെൻസൺ ബട്ടൺ,

ലൂയിസ് ഹാമിൽട്ടൺ, സെബാസ്റ്റ്യൻ വെറ്റൽ,

നിക്കോ റോസ്ബർഗ്.

അതിവേഗം, പണം, പെണ്ണ്, പ്രശസ്തി,

ഗ്ളാമർ. ഞാനെന്ന ഗ്രാമവാസി പയ്യന് സങ്കൽപിക്കാൻ ബുദ്ധിമുട്ടുള്ള പ്രത്യേകതരം ലോകം. സെന്നയായിരുന്നു കിരീടം വയ്ക്കാത്ത രാജാവ്.

എക്കാലത്തെയും മികച്ച എഫ്‌-വൺ ഡ്രൈവർ. പക്ഷേ 1994-ൽ സാൻ മാറിനോ ഗ്രാന്റ് പ്രീയിൽ ട്രാക്കിൽ മരണത്തിന് കീഴടങ്ങി, ബ്രേക്ക് പെഡൽ തല തുളച്ച് കയറി. ഷൂമാക്കറുടെ തേരോട്ടം അതിനു ശേഷമായിരുന്നു.

307 റെയ്സുകൾ

91 ഗ്രാന്റ് പ്രീ വിജയങ്ങൾ

68 പോൾ പൊസിഷൻ

77 വേഗത കൂടിയ ലാപ്പ്

155 പോഡിയം ഫിനിഷ്

22 ഹാട്രിക്

1522 കരിയർ പോയിന്റ്

7 ലോക കിരീടങ്ങൾ

ഗ്രാന്റ് പ്രീ വിജയം, പോൾ പൊസിഷൻ, പോഡിയം ഫിനിഷ് റെക്കോർഡുകൾ ഇപ്പോൾ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് സ്വന്തം, ഏറ്റവും കൂടുതൽ ലോകകിരീടം എന്ന ബഹുമതി ഹാമിൽട്ടൺ ഷൂമാക്കറുമായി പങ്കു വയ്ക്കുന്നു.

കണക്കുകളിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവറാണ് മൈക്കൽ.

ലോകത്തിനു മുന്നിൽ മോട്ടോർ സ്പോർട്സിന്റെ തിളങ്ങുന്ന മുഖം.

പക്ഷേ സമകാലിക ഡ്രൈവർമാർ എല്ലാവരും അയാളെ ബഹുമാനിച്ചില്ല.

ഒടുങ്ങാത്ത വിജയതൃഷ്ണയിൽ ഷൂമാക്കർ ട്രാക്കിൽ ഫ്രീക്ക് ആക്സിഡന്റുകൾ ഉണ്ടാക്കി. F-1 CEO ബേർണി എക്കിൾസ്റ്റണുമായി ചേർന്ന് നിയമങ്ങൾ വളച്ചൊടിച്ചു. അധികാരവും പ്രശസ്തിയും നേട്ടങ്ങൾക്കായി ഉപയോഗിച്ചു.

അതുകൊണ്ട് മഹത്വം കുറയുന്നില്ല. ഏത് അളവുകോൽ വച്ച് നോക്കിയാലും മുകളിൽ കാണുന്ന അക്കങ്ങൾ അവഗണിക്കാൻ കഴിയില്ല.

ഇന്ത്യൻ കണക്ഷൻ:

കോയമ്പത്തൂരുകാരനായ നരേൻ കാർത്തികേയൻ. ഇന്ത്യയുടെ F-1 ഡ്രൈവർ.

ഫോർമുല വണ്ണിൽ നേട്ടങ്ങൾ പരിമിതമെങ്കിലും ഫോർമുല-ടുവിൽ

ശക്തിദുർഗം. അത് യാദൃശ്ചികമല്ല, ഇന്ത്യയിൽ അന്ന് രണ്ടേ രണ്ട് റെയ്സ് ട്രാക്കാണ് ഉള്ളത്. ഒന്ന് കോയമ്പത്തൂർ, രണ്ട് ചെന്നൈ. രാജ്യത്ത് എഫ്-വൺ റെയ്സ് ആരാധകർക്ക് പഞ്ഞമുണ്ടായില്ല. കേബിൾ ടെലിവിഷൻ വഴി വന്ന സ്റ്റാർ സ്പോർട്സും ഇഎസ്പിഎന്നും

എഫ്‌-വൺ ആവേശത്തെ സ്വീകരണമുറിയിൽ കൊണ്ടു വന്നു.

ഷൂമാക്കറേയും എതിരാളികളേയും അനേകർ വിടാതെ പിന്തുടർന്നു.

എഞ്ചിനീയറിംഗ് ടീം, അഡ്വാൻസ്ഡ് എൻജിൻ, പോൾ പൊസിഷൻ, ഫാസ്റ്റ് ടയർ,

പിറ്റ് സ്റ്റോപ്പ്, ചെക്കേർഡ് ഫ്ളാഗ്, ഗ്രാന്റ് പ്രീ,

ടാർമാക്, ഫെറാരി, മക്ലാറൻ- അവരിങ്ങനെ ചർച്ചയിൽ മുഴുകി.

സച്ചിൻ തെൻഡുൽക്കർ ഉറച്ച F-1 ഫാനാണ്.

എഫ്-വൺ സച്ചിന്റെ ബാറ്റിംഗ് ശൈലിയെ സ്വാധീനിച്ചു. 1998-ൽ ചെന്നൈയിൽ MRF-ന്റെ റെയ്സ് ട്രാക്കിൽ സച്ചിനും ബ്രയൻ ലാറയും സ്റ്റീവ് വോയും ഗോ കാർട്ടിംഗ് നടത്തി. അന്നത്തെ പൊന്നുവിലയുള്ള താരങ്ങളുടെ താരതമ്യേന വേഗം കുറഞ്ഞ റെയ്സ്. മിന്നുന്ന ഫോമിൽ നിന്ന ആ വർഷം, യൂറോപ്പിൽ സച്ചിൻ ഷൂമാക്കറെ കണ്ടു. ഷൂമാക്കറുടെ സ്പോൺസർ സച്ചിന് ഒരു ഫെറാരി കാർ സമ്മാനിച്ചു.

കാർ ഇന്ത്യയിൽ എത്തിക്കാൻ നികുതി ഇളവിന് അപേക്ഷിച്ചത് വിവാദമായി.

അവസാനം ഒരു കോടി രൂപ വിലയുള്ള കാറിന്, അത്രയും തന്നെ നികുതി ഫെറാരി അടച്ചു. പകൽ നേരത്ത് മുംബൈയിൽ പുറത്തിറക്കാൻ ബുദ്ധിമുട്ടുള്ള ഫെറാരിയിൽ, ഇരുൾ വീഴുമ്പോൾ നഗരത്തിനു പുറത്ത് ഹൈവേയിൽ

സച്ചിൻ സവാരി പോയി. വേഗത 140 കിലോമീറ്റർ. ഇതറിഞ്ഞ ഗാവസ്‌കർ ഇന്ത്യക്കാരെ ഓർത്ത് വേഗത കുറയ്ക്കാൻ സച്ചിനെ ഉപദേശിച്ചു.

2011-ൽ നോയ്ഡയിൽ നടന്ന ആദ്യ ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ, മറ്റൊരു ജർമൻ സെബാസ്റ്റ്യൻ വെറ്റൽ ഫിനിഷിങ് പോയിന്റ് കടക്കുമ്പോൾ, ചെക്കേർഡ് ഫ്ളാഗ് വീശിയത് സച്ചിനായിരുന്നു.

വേഗത്തിനും മരണത്തിനും ഇടയിൽ:

പ്രൊഫഷണൽ F-1 ട്രാക്കിൽ വേഗത കുറയാറില്ല. പരമാവധി വേഗം 350 കടന്നു പോകും, ശരാശരി വേഗം 300-ന് മേൽ. ബുള്ളറ്റ് ട്രെയിൻ പോകുന്ന വേഗം.

കരിയറിലെ ശരാശരി വേഗമെടുത്താൽ ലോകം വാഴ്ത്തുന്ന ലെജന്റും ആരുമറിയാതെ പോകുന്ന അവസാനം ഫിനിഷ് ചെയ്യുന്ന ഡ്രൈവറും തമ്മിലുള്ള വ്യത്യാസം വെറും 10 സെക്കന്റ്.

Margin for error is minimal. ഇത് മറ്റൊരു ലോകമാണ്.

നിയമങ്ങൾ കർക്കശമാക്കി കൂടുതൽ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയതിന് മുമ്പ്, കൊളോസിയം പോലുള്ള ചോരക്കളമായിരുന്നു F-1 ട്രാക്കുകൾ, ഡ്രൈവർമാർ പരസ്പരം പോരടിക്കുന്ന ഗ്ളാഡിയേറ്റർമാരും.

1970-കളിൽ ഇതുപോലെ ഒരു പോര് നടന്നു. ബ്രിട്ടീഷ് പ്ളേബോയ് ജെയിംസ് ഹണ്ടും, ഓസ്‌ട്രിയൻ ക്ളിനിക്കൽ ഡ്രൈവർ നിക്കി ലോദയും തമ്മിൽ. തീക്ഷ്ണമായ മാൽസര്യത്തിലൂടെ അവർ ട്രാക്കിനെ തീപിടിപ്പിച്ചതിന്റെ കഥയാണ് റോൺ ഹൊവാർഡ് സിനിമ 'റഷ്'. ഭയം, സാമർത്ഥ്യം, ധൈര്യം, അതിജീവനം, മരണം.

ഇത് ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന കളി.

1976-ലെ ന്യൂൺബർഗ് ഗ്രാന്റ് പ്രീയിൽ കാർ ഇടിച്ചു തകർന്ന് നിക്കി ലോദ മരണം മുന്നിൽ കണ്ടു, ഗുരുതരമായ പൊള്ളലോടെ അയാളെ പുറത്തെടുത്തു; ലോദ പക്ഷേ തോൽക്കാൻ തയ്യാറല്ലായിരുന്നു.  ആറാഴ്ച കഴിഞ്ഞ് അയാൾ വീണ്ടുമിറങ്ങി, ഇറ്റലിയിൽ നാലാം സ്ഥാനം. പോരാട്ടവീര്യത്തെ തീജ്വാലകൾക്ക് വിഴുങ്ങാനായില്ല, അതോ മരണതൃഷ്ണയേയോ? ഓട്ടം തുടർന്ന ലോദ 1984-ൽ വീണ്ടും ലോകചാംപ്യനായി. ആകെ മൂന്ന് ലോകകിരീടങ്ങൾ.

എഫ്-വൺ കാറുകളുടെ രണ്ട് പ്രധാന നിർമാതാക്കളായ ഫെറാറിയിലും മക് ലാറനിലും ചാംപ്യനായ ഒരേയൊരാൾ.

25 ഗ്രാന്റ് പ്രീ വിജയം, 54 പോഡിയം ഫിനിഷ്.

ഈ തേരാളികൾക്ക് ട്രാക്കിലെ ഓരോ നിമിഷവും മരണവുമായുള്ള മുഖാമുഖമാണ്, ഭയമുണ്ടെങ്കിലും അവർ ഇറങ്ങും. എൻജിൻ മുരളുമ്പോൾ അവർ വേറേതോ ഡൈമൻഷനിലാണ്, സമയം വേഗത കുറഞ്ഞ് നിശ്ചലമാകുന്ന ഏതോ ഇടം. ട്രാക്കിൽ ചോര വീഴാതെ ഓട്ടം പൂർത്തിയാക്കിയ ഷൂമാക്കറെ താരതമ്യേന സുരക്ഷിതമായ മഞ്ഞുവീണ മലമ്പാതയാണ് തടഞ്ഞത്.

തെളിവിനും ഇരുളിനുമിടയിൽ മെല്ലെ നടക്കുകയാണ് മുൻചാമ്പ്യൻ.

സ്പോർട്സ് ഇതിഹാസങ്ങൾക്ക് വിരമിക്കൽ മരണതുല്യമാണ്. ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ച നിത്യവൃത്തി ഇനിയുള്ള കാലം ചെയ്യാനാകില്ല എന്ന ചിന്ത അസഹനീയം, നികത്താനാകാത്ത ശൂന്യത.

ഷൂമാക്കറിൽ ഓർമ്മകൾ ബാക്കിയുണ്ടാകുമോ?

പ്രശാന്തമായ ജനീവ തടാകത്തിലേക്ക് നോക്കിയിരിക്കുൻപോൾ അയാളുടെ മനസ്സിൽ ഫെറാരി ഇരമ്പുന്നുണ്ടോ? മരണത്തിന്റെ തിരശ്ശീല നീക്കി അയർട്ടൺ സെന്നയോട് ചേരാൻ അയാൾ ആശിച്ചുപോകുമോ?

വിരമിച്ചതിനു ശേഷം ഏവിയേഷൻ വ്യവസായിയായ നിക്കി ലോദ 2019-ൽ 70-ആം വയസ്സിൽ ഈ ലോകം വിട്ടു. മറ്റൊരു ഷൂമാക്കർ F-2 വിൽ വിജയഗാഥ തുടങ്ങി, മൈക്കലിന്റെ മകൻ മിക്ക് അച്ഛന്റെ അതിവേഗ പാതയിൽ.