ഒന്റാരിയോയില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ബുക്കിംഗ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

By: 600007 On: Nov 22, 2021, 7:03 PM



ഒന്റാരിയോയിലെ അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന് ചൊവ്വാഴ്ച മുതല്‍ ബുക്കിംഗ് തുടങ്ങും. രാവിലെ 8 മണിയോടെ പ്രൊവിന്‍ഷ്യല്‍ വാക്‌സിന്‍ പോര്‍ട്ടല്‍ വഴി അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

രക്ഷിതാക്കള്‍ക്ക് കോള്‍ സെന്ററില്‍ വിളിച്ചോ,  പ്രാദേശിക ഹെല്‍ത്ത് യൂണിറ്റുകള്‍ വഴിയോ, ഫാര്‍മസികളില്‍ ചെന്നോ ബുക്കിംഗ് ചെയ്യാം. വര്‍ഷാവസാനത്തോടെ അഞ്ച് വയസ് തികയുന്ന കുട്ടികള്‍ക്കാണ് വാക്‌സിന് യോഗ്യതയുള്ളത്.

നവംബര്‍ 25-ന് മുമ്പ് തന്നെ അപ്പോയിന്റ്മെന്റുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊവിന്‍സ് അറിയിച്ചു. ഒന്റാരിയോയ്ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് 1,076,000 ഡോസുകള്‍ പീഡിയാട്രിക് ഫൈസര്‍ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍, ഫാര്‍മസികള്‍, പ്രൈമറി കെയറുകള്‍ എന്നിവ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുക.