ബി.സി വെള്ളപ്പൊക്കം; തൊഴില്‍ ഇന്‍ഷൂറന്‍സ്(EI) നിയമങ്ങളില്‍ ഇളവ് വരുത്തി ഫെഡറല്‍ ഗവണ്‍മെന്റ്

By: 600007 On: Nov 22, 2021, 6:58 PM

 

ബി.സിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തൊഴില്‍രഹിതരായവര്‍ക്ക് ആശ്വാസം നൽകികൊണ്ട്  തൊഴില്‍ ഇന്‍ഷൂറന്‍സ് നിയമങ്ങളില്‍ ഇളവ് വരുത്തി ഫെഡറല്‍ ഗവണ്‍മെന്റ്. തൊഴില്‍ ഇന്‍ഷുറന്‍സ് അപേക്ഷകള്‍ വേഗത്തിലാക്കുമെന്നും ബ്രിട്ടീഷ് കൊളംബിയയുടെ അതിര്‍ത്തികളിലെ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. പ്രളയം തകര്‍ത്ത ബി.സിയിലുള്ള ജനങ്ങളെ തിരികെ ജീവിതത്തിലേക്ക് കരകയാറാന്‍ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഈ നടപടികള്‍.

വെള്ളപ്പൊക്കം കാരണം വീടുനഷ്ടപ്പെടുകയോ തൊഴില്‍രഹിതരാവുകയോ ചെയ്തവര്‍ തൊഴില്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ക്ക് ഉടന്‍ അപേക്ഷിക്കണമെന്ന് എംപ്ലോയ്‌മെന്റ് മിനിസ്റ്റര്‍ കാര്‍ല ക്വാള്‍ട്രോ പറഞ്ഞു. സാധാരണ അര്‍ഹരല്ലാത്തവര്‍ക്കും അപേക്ഷ നല്‍കാമെന്ന് മന്ത്രി അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ശരിയായ ഡോക്യുമെന്റേഷന്‍ ലഭിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ അപേക്ഷകര്‍ തൊഴില്‍ രേഖ കാണിക്കണമെന്ന നിബന്ധന ഫെഡറല്‍ സര്‍ക്കാര്‍ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു.